Menu Close

പക്ഷിപ്പനിയെ അറിയുക, തടുത്തുനിര്‍ത്തുക

കേരളത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന H5N8 വിഭാഗത്തിൽ പെട്ട വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി റിപ്പോർട്ടുകളില്ലെങ്കിലും ജനിതകസാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരേയും ബാധിക്കുന്നവയാകാം. വളരെ പെട്ടെന്ന് ജനിതക വ്യതിയാനങ്ങൾ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത അനിവാര്യമാണ്. ഇക്കാരണങ്ങൾ മൂലമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിൽ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കുന്നത്. പക്ഷിപ്പനി പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംശയമുന്നയിക്കുന്ന, പ്രതിഷേധിക്കുന്ന ചിലരെങ്കിലുമുണ്ട്. രോഗം കണ്ടെത്താത്ത പ്രദേശങ്ങളിലെ ആളുകളിൽ കോഴിയിറച്ചിയും മുട്ടയുമെല്ലാം കഴിക്കുന്നതിലാണ് ഭീതി. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വസ്തുതകൾ പൊതുസമൂഹം അറിയേണ്ടതുണ്ട്.

എന്താണ് പക്ഷിപ്പനി ?
ഇന്‍ഫ്ളുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഇന്‍ഫ്ളുവന്‍സ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളായ Hemagglutinin (H), Neuraminidase (N ) എന്നിവയുടെ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഇതാണ് H1N1, H5N1 എന്നിങ്ങനെയുള്ള പേരുകളുടെ അടിസ്ഥാനം. H5, H7 എന്നീ H ഉപഗ്രൂപ്പുകളിൽ പെടുന്ന വൈറസുകളാണ് മാരകമായ പക്ഷിപ്പനി (Highly pathogenic avian influenza – HPAI) രോഗമുണ്ടാക്കുന്നത്. കോഴികള്‍, താറാവുകൾ, കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമനപക്ഷികൾ അടക്കമുള്ള വളര്‍ത്തുപക്ഷികളെയെല്ലാം വൈറസുകള്‍ ബാധിക്കും.

എന്തൊക്കെയാണ് പക്ഷികളിൽ കാണുന്ന രോഗലക്ഷണങ്ങൾ ?
താട, പൂവ് എന്നിവയുടെ നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും കാൽപാദങ്ങളിലും ചുവപ്പുനിറം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈ രോഗ ലക്ഷണങ്ങൾ രോഗബാധയുള്ള എല്ലാ പക്ഷികളിലും കാണണമെന്നില്ല. പലപ്പോഴും പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?
സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കു പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. 1997 ൽ ആദ്യമായി ഹോംകോങ്ങിലാണ് മനുഷ്യരിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരകണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നത് വസ്തുത. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വ്വമാണെങ്കിലും രോഗബാധയേറ്റവരില്‍ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. ഇപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ച എച്ച്. 5 എൻ. 8 വൈറസുകൾ ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ രീതിയിൽ പക്ഷിപ്പനി പൊട്ടിപുറപ്പെടുന്നതിന് കാരണമായിട്ടുണ്ടെങ്കിലും ഈ വൈറസ് വകഭേദം ഇതുവരെ മനുഷ്യരിലേക്ക് പകർന്നതായി ശാസ്ത്രീയ റിപോർട്ടുകൾ ഇല്ല.
പക്ഷിപ്പനിവൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് (ആന്റിജെനിക് ഷിഫ്റ്റ്) കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോളമഹാമാരിയായി (പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.

പക്ഷിപ്പനി മറ്റു മൃഗങ്ങളെ ബാധിക്കുമോ?
രോഗബാധയുള്ള പക്ഷികളെ ഭക്ഷിക്കുന്ന Feline വർഗ്ഗത്തിൽ പെട്ട മൃഗങ്ങളിൽ (പൂച്ച, പുലി, കടുവ) മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2004 ൽ തായ്ലന്റിലെ ഒരു മൃഗശാലയിൽ രോഗബാധയുള്ള പക്ഷികളുടെ മാംസം കഴിച്ച 41 കടുവകൾ മരണപ്പെട്ടിരുന്നു.

രോഗമേഖലയില്‍ വളര്‍ത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തുകൊണ്ട്?
രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും. ഇവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയെല്ലാം പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണുമലിനമായ ജലകണികകൾ, തൂവൽ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠത്തില്‍ വന്നിരിക്കുന്ന ചിലയിനം ഈച്ചകള്‍ക്കും മറ്റ് പക്ഷികളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയും. തണുത്ത കാലവസ്ഥയിൽ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ട്. രോഗമേഖലയിൽ നിന്നും പുറത്തേക്ക് വ്യാപിച്ചാൽ നിയന്ത്രണം അതീവ ദുഷ്കരമാവും. ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു. പക്ഷിപ്പനി ഒരു ആഗോള പകര്‍ച്ചവ്യാധിയായതിനാല്‍ ഇത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാര്‍ഗ്ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമാണ്. ഈ രോഗനിയന്ത്രണ നടപടികള്‍ സത്വരമായി നടപ്പിലാക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ ബാധ്യസ്ഥവുമാണ്. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം സ്വീകരിച്ച പ്രധാന പ്രതിരോധനടപടി രോഗസാധ്യതയുള്ള പക്ഷികളെയെല്ലാം കൊന്ന് സംസ്കരിക്കുക എന്നതാണ്.

വളർത്തു പക്ഷികൾ കൂടാതെ കാക്ക, മൈന, കൊറ്റി തുടങ്ങിയ പക്ഷികളെയും കൊല്ലേണ്ടതല്ലേ?
മറ്റു പക്ഷികളേക്കാൾ മനുഷ്യർക്ക് ഏറ്റവും സമ്പർക്കമുണ്ടാവാൻ ഇടയുള്ളത് വളർത്തുപക്ഷികളുമായാണ്. അതുകൊണ്ടുതന്നെ വളർത്തുപക്ഷികൾക്ക് രോഗബാധയേറ്റാൽ മനുഷ്യരിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യതയും ഉയരും. ഇതാണ് രോഗമേഖലയിൽ രോഗസാധ്യതയുള്ള മുഴുവൻ വളർത്തുപക്ഷികളെയും കൊന്നൊടുക്കാൻ പ്രധാനകാരണം. മൈന, കാക്ക, കൊക്ക്, തുടങ്ങിയ നാട്ടുപക്ഷികളെയും കാട്ടുപക്ഷികളെയും ദേശാടനപക്ഷികളുടെയുമെല്ലാം പിടികൂടി സുരക്ഷിതമായി കൊന്നൊടുക്കുക എന്നതു പ്രായോഗികമല്ല. രോഗമേഖലയിലെ വളര്‍ത്തുപക്ഷികള്‍ക്ക് ഈ പക്ഷികളുമായി സമ്പര്‍ക്കമുണ്ടാവാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് സാധ്യമായ പ്രതിരോധമാര്‍ഗ്ഗം. ഇതിന് ഫലപ്രദമായ ജൈവസുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ (നിരീക്ഷണമേഖല) കോഴികളെയും താറാവുകളെയും മറ്റു വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം.

കേരളത്തിൽ പക്ഷിപ്പനി വൈറസ് എങ്ങനെയാണ് എത്തിയത് ?
ദേശാടനപക്ഷികളടക്കമുള്ള നീർപക്ഷികൾ ഇൻഫ്ളുവന്‍സ എ വൈറസുകളുടെ സ്വാഭാവികവാഹകരാണ്. ഇവയുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒഡീഷ ഭൂവനേശ്വറില്‍ പക്ഷിപ്പനിയെത്തിയത് ചില്‍ക്കാത്തതടാകം തേടിയെത്തിയ ദേശാടനപക്ഷികള്‍ നിന്നായിരുന്നു. 2014, 2016 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്നതും ദേശാടനക്കിളികളില്‍ നിന്നുതന്നെ. എന്നാല്‍ അപൂർവ്വമായി ഈ വാഹകപക്ഷികളിലും വൈറസ് രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്. ഒഡിഷയിൽ 2015-ൽ പക്ഷിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത് ചത്തുവീണ കാക്കകളിലായിരുന്നു.

പക്ഷികളിൽ ഫലപ്രദമായ പ്രതിരോധ വാക്സിനുകൾ ഉണ്ടോ ?
എവിയൻ ഇന്ഫ്ലുവെൻസ എ. വൈറസുകൾക്കെതിരെ വിവിധ തരം വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഇന്ത്യയിൽ വാക്സിനേഷൻ ശുപാർശ ചെയ്യപ്പെട്ടിട്ടില്ല. വാക്സിനേഷൻ നൂറുശതമാനം പക്ഷികളിലും പ്രതിരോധശേഷി നൽകാത്തതിനാൽ പക്ഷിപ്പനി സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ വാക്സിനേഷനു ശേഷവും രോഗബാധകൾ ഉണ്ടായിട്ടുണ്ട്. വാക്സിനേഷൻ മൂലം രോഗം തീവ്രമാകുന്നതും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ കഴിയുമെങ്കിലും പ്രതിരോധ കുത്തിവെയ്പ്പെടുത്ത കോഴികളും വൈറസിനെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും പുറന്തള്ളാൻ സാധ്യതയുണ്ട്. അതിനാൽ വാക്സിനേഷൻ ചെയ്താലും രോഗബാധാ മേഖലകളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി തന്നെ സ്വീകരിക്കേണ്ടി വരും.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ ?
പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും മുട്ടയുടേയും വില കുത്തനെ ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാല്‍ രോഗബാധിതമല്ലാത്ത പ്രദേശങ്ങളിൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണു വസ്തുത. എങ്കിലും ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ ആവശ്യമാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴിയിറച്ചിയുടെ പിങ്കുനിറം മാറും. പാതിവെന്ത ഇറച്ചിയും ഹാഫ് ബോയിൽഡ് മുട്ടയും, ബുൾസൈയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിനുമുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഹോട്ടലുകളക്കം മാംസം പാകംചെയ്യുന്ന ഇടങ്ങളിൽ വേവിക്കാത്ത മാംസം കൈകാര്യം ചെയ്ത പാത്രങ്ങളും, തവികളും പാകം ചെയ്തശേഷം സൂക്ഷിക്കുന്ന മാംസവുമായി സമ്പർക്കത്തിൽ വരുന്നതിനുമുൻപ് സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗബാധയേറ്റ പക്ഷികളിൽ നിന്നുള്ള മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും ഒന്നും തന്നെ പക്ഷിപ്പനി വൈറസിൽ നിന്നും മുക്തമല്ല. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും വൈറസുകള്‍ നശിക്കില്ല. നാലുഡിഗ്രി താപനിലയില്‍ ഒരു മാസത്തിലധികവും 32 ഡിഗ്രി താപനിലയില്‍ ഒരാഴ്ചയോളം നിലനില്‍ക്കാന്‍ വൈറസിന് ശേഷിയുണ്ട്. മുട്ട ഉപയോഗിക്കുന്നതിനുമുമ്പ് മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണം. വളർത്തു മൃഗങ്ങൾക്ക് (നായ, പൂച്ച, പന്നി) കോഴിയിറച്ചിയോ അവയവങ്ങളോ ഭക്ഷണമായി നൽകുമ്പോൾ നന്നായി പാകം ചെയ്തുവെന്ന് ഉറപ്പു വരുത്തുക.