ഇന്ത്യയിലാകമാനമുള്ള നിര്‍ദ്ധനരായ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതിയാണല്ലോ പിഎം കിസാൻ സമ്മാൻനിധി യോജന (PM Kisan Samman Nidhi Yojana). അതിന്റെ പതിമൂന്നാം ഗഡു ദിവസങ്ങള്ക്കുള്ളിലെത്തും. അര്‍ഹരായ കര്‍ഷകര്‍ അതു തങ്ങളുടെ അക്കൗണ്ടിലെത്താന്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിങ്, ഇകെവൈസി, പിഎഫ്എം എസ് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ കിസാന്സമ്മാന്നിധിയുടെ ഗുണഭോക്താക്കള്‍ നിര്‍ബന്ധമായും 2023 ഫെബ്രുവരി 10നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്നാണ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാലും പിഎം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാം.
അതേസമയം, തങ്ങളുടെ അക്കൗണ്ടില്‍ തുക വന്നോയെന്ന് കര്‍ഷകര്‍ക്ക് ഓണ്‍ലൈനില്‍ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദര്‍ശിക്കുക. ഹോംപേജിൽ ‘കർഷകരുടെ കോർണർ സെക്ഷൻ’ (‘Farmer’s Corner Section) കാണാം. അവിടെ ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഗുണഭോക്താവിന് തന്റെ നില പരിശോധിക്കാവുന്നതാണ്. ലിസ്റ്റിൽ കർഷകന്റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും. നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകി തുടർന്ന് ‘Get data’ ക്ലിക്ക് ചെയ്താല്‍ വിവരം ലഭിക്കും.
2 ഹെക്ടർ വരെ ഭൂമിയുള്ള/ഉടമസ്ഥതയുള്ള ചെറുകിട നാമമാത്ര കർഷകകുടുംബങ്ങൾക്ക് കിസാൻ സമ്മാൻനിധി യോജനയിലൂടെ വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് നിര്‍ധനരായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ തുക 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നാല് മാസം വീതമുള്ള ഇടവേളകളില്‍ നല്കിവരുന്നു. തുക കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.