Menu Close

കൃഷിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നേരില്‍ക്കാണാം

കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയം നാടിന്റെ മഹോത്സവമായി മാറിയിരിക്കുന്നു. കേരളപ്പിറവിദിനമായ നവമ്പര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തില്‍ വിവിധ വേദികളിലായാരംഭിച്ച മേള ആയിരങ്ങളുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്.
കേരളീയത്തിന്റെ ഭാഗമായ ട്രേഡ് ഫെയര്‍ എട്ടു വേദികളിലായാണ് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 10 മണി വരെയാണ് പ്രദർശനസമയം. കൃഷിവകുപ്പിന്റെ ട്രേഡ് ഫെയര്‍ പാളയം എല്‍ എം എസ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ജൈവസര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍, ഭൗമസൂചിക ലഭിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന്‍റെ സ്വന്തം കേരള്‍അഗ്രോ ബ്രാന്‍ഡില്‍ സര്‍ക്കാര്‍ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും കേരള കാര്‍ഷികസര്‍വകലാശാലയുടെയും ഫാമുകളുടെയും ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയും ട്രേഡ് ഫെയറിലുള്ളത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നേടിയ മുന്നേറ്റങ്ങളുടെ നേര്‍സാക്ഷ്യങ്ങളായാണ് നൂറുകണക്കിന് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനികളും കര്‍ഷകക്കൂട്ടങ്ങളും അണിനിരത്തിയിക്കുന്ന ഉന്നത ഗുണമേന്മയുള്ള നിരവധി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കാര്‍ഷികമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിസൗഹാര്‍ദ്ദമായ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ക്കാണ് കൃഷിവകുപ്പ് സമാരംഭം കുറിച്ചിരിക്കുന്നത്. പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ വിഭാവനം ചെയ്തതരത്തില്‍ കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുക എന്നത് പ്രത്യേക അജണ്ടയായിത്തന്നെ നടപ്പിലാക്കുമെന്നും കൃഷിവകുപ്പിന്റെ കേരളീയം സെമിനാറില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
കാര്‍ഷികമേളയുടെ അനുബന്ധമായി പെറ്റ് ഫുഡ് ഫെസ്റ്റിവലും എല്‍എംഎസ് ഗ്രൗണ്ടില്‍ നടക്കുന്നുണ്ട്. എല്ലാ ദിവസവും പോഷകവിദഗ്ദ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന സംശയനിവാരണപരിപാടിയില്‍ നല്ല ജനപങ്കാളിത്തമാണുള്ളത്. ആദ്യമായാണ് ഇത്തരത്തില്‍ അരുമമൃഗങ്ങളുടെ ആഹാരവുമായി ബന്ധപ്പെട്ട് ഒരു പ്രദര്‍ശനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *