കുരുമുളകുചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളകുചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കുന്നതിനായി കുരുമുളകുകൊടികൾ നനയ്ക്കുന്നതു നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽ നിന്ന് 75 സെ മീ ചുറ്റളവിൽ തടമെടുക്കണം. ചെടിയൊന്നിന് 100 ലിറ്റർ എന്ന തോതിൽ 8 മുതൽ 10 ദിവസത്തെ ഇടവേളയിൽ നന നൽകാം. വേനൽക്കാലത്താണ് നനയുടെ ആവശ്യം. അതുകഴിഞ്ഞാൽ മഴക്കാലം വരെ നന നിർത്തുന്നത് നല്ലതാണ്. വള്ളി ചെറുതായി വാടിയ കൊടി പിന്നീടുള്ള മഴയിൽ നല്ല പോലെ തളിർത്ത് നന്നായി തിരിപിടിക്കുന്നതിന് ഇത് സഹായിക്കും. ചെറിയ കൊടികൾക്ക് മഴയില്ലാത്ത മാസങ്ങളിൽ നന്നായി നനച്ചു കൊടുക്കണം.
ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ചെറിയ ദ്വാരമുള്ള മൺകുടങ്ങളിൽ വെള്ളം നിറച്ച് കൊടിയുടെ ചുവട്ടിൽ വെക്കാം. ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് ജലബാഷ്പീകരണം തടയുന്നതിനു സഹായിക്കുന്നു.
നേരിട്ട് വെയിൽതട്ടുന്ന സ്ഥലങ്ങളിൽ ചെറിയ കൊടികളുടെ ഇളം തണ്ടുകൾക്ക് പൊള്ളലേൽക്കാതിരിക്കാൻ വേണ്ടി ആദ്യത്തെ ഒന്നുരണ്ട് വർഷം വേനൽക്കാലമാവുമ്പോൾ തെങ്ങോലയോ ഇരുപൂളിന്റെ പച്ചിലകളോടുകൂടിയ കമ്പുകളോ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി സംരക്ഷിക്കണം.