കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black bug) സാന്നിദ്ധ്യം കാണുന്നതായി റിപ്പോർട്ട്. പകല്‍സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രികാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. ആയതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. തണ്ടുതുരപ്പന്‍റെയും എലിവെട്ടിന്റെയും സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ കരിഞ്ചാഴിയാക്രമണം സംശയിക്കാം. നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്ന് നീരുറ്റിക്കുടിക്കുന്നതുമൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുപോകുന്നു. കൃഷിയിടത്തില്‍ ഇറങ്ങിനോക്കി കീടസാന്നിദ്ധ്യം ഉറപ്പിച്ചതിനു ശേഷംമാത്രം നിയന്ത്രണനടപടികള്‍ സ്വീകരിക്കാവൂ. എന്തുചെയ്യുന്നതിനുംമുമ്പ് നിങ്ങളുടെ കൃഷിഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.
2009-ലെ രണ്ടാംകൃഷിക്കാലത്താണ് കുട്ടനാട്ടിൽ നീലംപേരൂർ പഞ്ചായത്തിലെ കൈനടി കിഴക്കുംപുറം പാടശേഖരത്തില്‍ ആദ്യമായി കരിഞ്ചാഴി ആക്രമണം റിപ്പോർട്ടുചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് പല സീസണിലും ആക്രമണമുണ്ടാകുന്നുണ്ട്. വെളുത്തവാവിനും അതിനടുത്തുമുള്ള ദിവസങ്ങളിൽ കരിഞ്ചാഴികളെ കൂടുതലായി കാണാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. സംയോജിത നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. ഇതിനായി ശാസ്ത്രീയമായ മാർഗനിർദേശങ്ങൾ കൃഷിവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാടത്ത് 24 മണിക്കൂർ വെള്ളം കെട്ടിനിർത്തുന്നതുവഴി ചാഴിയുടെ മുട്ടയെയും കുഞ്ഞുങ്ങളെയും നശിപ്പിക്കാനാകും. അതിനുശേഷം വെള്ളം വാർത്തുകളഞ്ഞ് കീടനാശിനിയായ അസഫേറ്റ് ഒരേക്കറിന് 320 ഗ്രാം എന്നതോതിൽ നെൽച്ചെടിയുടെ ചുവട്ടിൽ വീഴത്തക്കവിധം തളിച്ച് കരിഞ്ചാഴിയെ ഇല്ലാതാക്കാനാകും. കാര്‍ഷികവിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇതൊക്കെ ചെയ്യാവൂ.
കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തുകയും കരിഞ്ചാഴിസാന്നിദ്ധ്യം കാണുന്നപക്ഷം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണകേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ബന്ധപ്പെടേണ്ട നമ്പറുകള്‍:
ചമ്പക്കുളം, പുളിങ്കുന്ന്: 9567819958
നെടുമുടി: 8547865338
കൈനകരി: 9961392082
എടത്വാ: 9633815621
തകഴി: 9496764141
ആലപ്പുഴ: 7034342115
കരുവാറ്റ: 8281032167
പുന്നപ്ര: 9074306585
അമ്പലപ്പുഴ: 9747731783
പുറക്കാട്: 9747962127