Menu Close

കണ്ണാറ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ അംഗീകാരം

ഫലവർഗ്ഗവിളകൾക്കുള്ള അഖിലേന്ത്യാ ഏകോപിതഗവേഷണപദ്ധതിയിൽ കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണ- വിജ്ഞാനവ്യാപന പ്രവർത്തനത്തിന് കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. കൂടാതെ പട്ടികജാതിജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന എസ്.സി.എസ്.പി പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഗുജറാത്തിലെ നവസാരി കാർഷികസർവകലാശാലയിൽ വെച്ചുനടന്ന 11-മത് ഗ്രൂപ്പ്ഡിസ്കഷനിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അഖിലേന്ത്യാതലത്തിൽ അമ്പതോളം കേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. പുരസ്കാരത്തിന്റെ ഭാഗമായി സാക്ഷ്യപത്രവും ഫലകവും ഇന്ത്യൻ കാർഷികഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എസ് കെ സിംഗ് വാഴഗവേഷണകേന്ദ്രം മേധാവി പ്രൊ.വിമി ലൂയിസ്, ഡോ.ഗവാസ് രാഗേഷ്, ഡോ.ഡിക്‌ടോ ജോസ്, ശ്രീമതി അഭിലാ എസ്.ആർ എന്നിവർക്ക് ചടങ്ങിൽ വച്ച് കൈമാറി. അഖിലേന്ത്യാ ഏകോപിത ഫലവർഗ്ഗഗവേഷണ പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്റർ ഡോ. പ്രകാശ് പാട്ടിൽ സന്നിഹിതനായിരുന്നു.