ചെറിയതോതില്‍ ജൈവവളം അടിവളമായി നല്കിയാല് മികച്ച വിളവുനല്കുന്ന കൃഷിയാണ് വെണ്ട. മേയ്മാസം പകുതിയോടെയാണ് വെണ്ടയുടെ വിത്തുപാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്തുനടാം. വാരങ്ങളില്‍ ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍മുമ്പ് വിത്തുകള്‍ വെള്ളത്തില്‍ കുതിർക്കേണ്ടതാണ്. ചെടികള്‍ വളരുന്നതോടെ ചെറിയതോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്തുടങ്ങും. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നുമാസത്തോളം കായ്ക്കുകയും ചെയ്യും.