Menu Close

കന്നുകാലി ചത്താല്‍ – ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും നഷ്ടപരിഹാരം ഇതു വായിക്കൂ

പ്രതീക്ഷയോടെ വളര്‍ത്തുന്ന കന്നുകാലി അപ്രതീക്ഷിതമായി ചത്തുപോകുന്ന അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത് ഇന്‍ഷുറന്‍സ് തുകയാണ്. അതേസമയം, ഇന്‍ഷുന്‍സില്ലെങ്കിലോ? അവിടെയാണ് കര്‍ഷകര്‍ പെട്ടുപോകുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ദുരന്തനിവാരണ നിധിയില്‍നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസധനം കൊടുക്കുന്നുണ്ട്. പല കര്‍ഷകര്‍ക്കും ഇതറിയില്ല. തങ്ങളുടെ ജീവിതോപായം നിലച്ചുപോകുന്ന അവസ്ഥയില്‍, ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കാതെ വന്ന കര്‍ഷക‍ർക്ക് ഈ ധനം വളരെ വലിയ കൈത്താങ്ങായി മാറാറുണ്ട്. ഇപ്പോള്‍ അതു നല്‍കുന്ന ഉപാധികള്‍ സർക്കാര്‍ കൂടുതല്‍ ഉദാരമാക്കുകയും ചെയ്തിരിക്കുന്നു.

വരൾച്ച, അത്യുഷ്ണം, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്സ്, ബ്രൂസല്ലോസിസ്, ചർമ്മമുഴരോഗം തുടങ്ങിയ പകർച്ചവ്യാധികൾ, പന്നികളെ ബാധിക്കുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ, ആഫ്രിക്കൻ സ്വൈൻ ഫീവർ , ആടുകളെ ബാധിക്കുന്ന പിപിആർ അഥവാ ആടുവസന്ത, വളർത്തുപക്ഷികളിൽ മാരകമായ പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. പേവിഷബാധ, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവുനായയുടെ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതാഘാതം, സൂര്യാഘാതം, പാമ്പുകടി, വിഷബാധ, അപകടം എന്നിവയുണ്ടായി കന്നുകാലികൾ ചത്തുപോയാലും ഇപ്പോള്‍ കർഷകർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകും. താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ കുരലടപ്പൻ, താറാവുവസന്ത എന്നീ രോഗങ്ങൾ മൂലം മരണമടയുന്ന താറാവുകൾക്കും ഈ ഫണ്ടിൽനിന്നും നഷ്ടപരിഹാരം കിട്ടും.

സംസ്ഥാന മൃസംരക്ഷണവകുപ്പ് ദുരന്തനിരാവരണനിധിയില്‍നിന്ന് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ഇതാണ്: ഒരു കര്‍ഷകന്റെ കറവയുള്ള പശുവോ എരുമയോ ചത്താൽ ഒരു ഉരുവിന് 37,500 രൂപ എന്ന നിരക്കിൽ പരമാവധി 3 ഉരുക്കൾക്കുവരെ നഷ്ടപരിഹാരം. കറവയില്ലാത്ത കാലികളാണെങ്കിൽ ഉരു ഒന്നിന് 32,000 രൂപ വരെ കിട്ടും. ഒരു വയസു വരെയുള്ള പശു, കാള, എരുമ, പോത്ത് കിടാക്കൾക്ക് 10,000 രൂപ നിരക്കിൽ 6 എണ്ണത്തിന് വരെ നഷ്ടപരിഹാരം കിട്ടും. ഒരു വയസ്സിന് മുകളിലുള്ള കിടാരികൾ ആണെങ്കിൽ ഇരട്ടി തുക നഷ്ടപരിഹാരമുണ്ട്. മൂന്ന് വയസ്സിനും മുകളിലാണ് ഉരുവിന്റെ പ്രായമെങ്കിൽ 32,000 രൂപ കിട്ടും. ആട് ഒന്നിന് 4000 രൂപ എന്ന നിരക്കിൽ 30 ആടുകൾക്ക് വരെ ഒരാൾക്ക് നഷ്ടപരിഹാരം വകുപ്പ് അനുവദിക്കും. കോഴിയോ താറാവോ ചത്താൽ ഒന്നിന് 100 രൂപ നിരക്കിൽ പരമാവധി ഒരു ലക്ഷം രൂപവരെ കിട്ടും. പന്നികൾക് ഒന്നിന് 4000 രൂപ നിരക്കിൽ 30 പന്നികൾക്ക് വരെ നഷ്ടപരിഹാരം കിട്ടും. പന്നികളെ ബാധിക്കുന്ന മാരകമായ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചാണ് പന്നികൾ ചാവുന്നതെങ്കിൽ വലിയ പന്നിയൊന്നിന്ന് 20,000 രൂപവരെ കിട്ടും. രണ്ട് മാസത്തിൽ താഴെയുള്ള പന്നിക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 1500 എന്ന നിരക്കിലും രണ്ട് മാസത്തിനും ആറു മാസത്തിനും ഇടയിലാണ് പ്രായമെങ്കിൽ 5000 രൂപയും നഷ്ടപരിഹാരം കിട്ടും.

ദുരന്തനിവാരണ നിധിയില്‍നിന്ന് തുക ലഭിക്കാന്‍ കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത്? ഉരുക്കൾക്ക് അത്യാഹിതങ്ങൾ സംഭവിച്ചാൽ ആ വിവരം ഉടന്‍തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം. ചത്ത ഉരുവിന്റെ ഫോട്ടോ ദുരന്തസ്ഥലത്തു വച്ചുതന്നെ എടുത്തുസൂക്ഷിക്കാന്‍ മറക്കരുത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകളും ഫോട്ടോകളും തൊട്ടടുത്ത മൃഗാശുപതിയിൽ സമര്‍പ്പിക്കണം. അപകടമുണ്ടായി മൂന്നു മാസത്തിനകം ഇതുചെയ്യണം. ഈ അപേക്ഷ വാർഡ് മെംബർ സാക്ഷ്യപ്പെടുത്തുകയും വേണം. വെറ്ററിനറി ഡോക്ടർ അപേക്ഷക്കൊപ്പം ഉരുവിന്റെ വിലനിർണയ സർട്ടിഫിക്കറ്റും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചേര്‍ക്കും. തുട‍ന്ന്, പരിശോധനയ്ക്കും അനുമതിക്കുമായി ഈ അപേക്ഷ മൃഗാശുപത്രിയിൽനിന്ന് മേലോഫീസിലേക്ക് അയക്കും. നഷ്ടപരിഹാര അപേക്ഷയോടൊപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന വെറ്ററിനറി ഡോക്ടർ നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വേറെ ഇൻഷുറൻസ് ലഭിച്ചിട്ടില്ലെന്ന വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ജില്ലാ കലക്റുടെ ധനസഹായം ലഭിച്ചിട്ടില്ല എന്നതിന് കർഷകന്റെ സത്യവാങ്മൂലം എന്നിവ നിർബന്ധമാണ്. ഇവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തുവെന്ന് കര്‍ഷകര്‍ ഉറപ്പുവരുത്തേണ്ടതാണ്.