ആമുഖം
വേനല്‍ക്കാലത്ത് ചൂടുംകൊണ്ടും ദാഹിച്ചും വരുമ്പോള്‍ വഴിയരികിലെ തണ്ണിമത്തന്‍ കൂനകള്‍ കാണുന്നതുതന്നെ കുളിരാണ്. അപ്പോള്‍ ആലോചിച്ചിട്ടുണ്ടോ? ഓരോ കൂനകള്‍ ഒഴിയുമ്പോഴും നമ്മുടെ കീശയിലെ പണവും മറ്റു സംസ്ഥാനങ്ങളിലേക്കൊഴുകുകയാണ്. ഒരുകാലത്തും ഇല്ലാതാകാത്ത ആ വേനല്‍ക്കാലവിപണിക്കുവേണ്ടി നമുക്കൊന്ന് കഷ്ടപ്പെട്ടാലെന്താ? വാട്സാപിലെ ഇല്ലാക്കഥകള്‍ വായിച്ച് കളയുന്ന ജീവിതത്തിന്റെ ഒരു തരിമതി.
വേനല്‍ക്കാലത്തിന്റെ കുളിരവിതയ്ക്കാന്‍ ഇപ്പോഴാണ് പാടത്തിറങ്ങേണ്ടത്. നമുക്കും ഒന്നു വിത്തിട്ടാലെന്താ? തണ്ണിമത്തന്‍കൃഷിയെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഇവിടെ കുറിക്കാം. ഇതുവായിച്ച് കൃഷിചെയ്യാന്‍ തീരുമാനിച്ചാല്‍ അടുത്ത കൃഷിഭവനില്‍പ്പോയി കൂടുതല്‍ വിവരങ്ങളും പിന്തുണയും ആവശ്യപ്പെടുക. ഒന്നുമനസ്സ് വച്ചാല്‍ ഉണക്കുകാലം മറ്റിടങ്ങളിലേക്കുപോകുന്ന പണം നമുക്കിവിടെ തടയണയുണ്ടാക്കി പിടിച്ചുനിര്‍ത്താം. എന്താ തയ്യാറാണോ? ഒന്നു പരീക്ഷിക്കുന്നോ? താല്പര്യമുണ്ടെങ്കില്‍ ഈ കുറിപ്പ് നിങ്ങളെ സഹായിക്കും.
തണ്ണിമത്തന്റെ പ്രാധാന്യം
വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പച്ചക്കറിവിളയാണ് തണ്ണിമത്തന്‍. എന്നാല്‍, പ്രധാനമായും പ്രകൃതിദത്ത ദാഹശമനിയായാണ് ഇതുപയോഗിച്ചുവരുന്നത്. ഔഷധഗുണവും പോഷകമൂല്യവും ഒത്തിണങ്ങിയ തണ്ണിമത്തനില്‍ 90% ത്തിലേറെ വെള്ളമാണ്. ഇരുമ്പ് സത്തും പഞ്ചസാരയും കൂടാതെ ഭാവകം കാത്സ്യം, മറ്റു ജീവകങ്ങള്‍ മുതലായവയും ചെറിയ തോതിലുണ്ട്. വടക്കേയിന്ത്യയിലും തമിഴ്നാട്ടിലും നിന്നാണ് ഇവിടേക്ക് ഉല്പന്നമെത്തുന്നത്. അതേസമയം, കേരളത്തിലും വേണമെങ്കില്‍ നന്നായി വളര്‍ത്താം. നമ്മുടെ കാലാവസ്ഥയും മിക്കവാറുമുള്ള മണ്ണും തണ്ണിമത്തന്‍കൃഷിക്ക് തികച്ചും അനുയോജ്യമാണ്.
നടീല്‍കാലം
ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് തണ്ണിമത്തന്‍ നടാന്‍ പറ്റിയ സമയം.
ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഈ കൃഷിക്കനുയോജ്യം. വേനലില്‍ വിളവെടുക്കാന്‍ നോക്കി വേണം കൃഷി ആരംഭിക്കാന്‍. കായ്കളുണ്ടാകുന്ന സമയത്തെ മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാനിടയാക്കും. 65-90 ദിവസമാണ് ശരാശരി മൂപ്പുകാലയളവ്. വിത്തിട്ടു 30-40ദിവസം മുതല്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും 30-40 ദിവസം കൊണ്ട് കായകള്‍ പറിക്കാവുന്ന പാകമാകും. 90-120 ദിവസം വരെ വിളവെടുപ്പുകാലം ഉണ്ടാകും. മകരക്കൊയ്ത്തു കഴിഞ്ഞ തരിശു പാടങ്ങളില്‍ അധികം ചിലവില്ലാതെ തണ്ണിമത്തന്‍ നട്ട് ലാഭമുണ്ടാക്കാം.
മണ്ണ്
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. പണ്ട് നമ്മുടെ പുഴയോരങ്ങളില്‍ തണ്ണീര്‍മത്തന്‍ കൃഷിചെയ്തിരുന്നു. മനസ്സുവച്ചാല്‍ നമുക്കത് വീണ്ടുമാകാം. മകരകൊയ്ത്ത് കഴിഞ്ഞുള്ള നെല്‍പാടങ്ങളിലും പുഴയോരങ്ങളിലും നല്ല വിളവുലഭിക്കും. 6-8മണിക്കൂർ വെയിൽ കിട്ടുന്ന നല്ല ഇളക്കമുള്ള സ്ഥലമായിരിക്കണം. നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് അഭികാമ്യം. മണ്ണിലെ അമ്ളക്ഷാര സൂചിക 6.5നും 7.0 നും ഇടയ്ക്കാവുന്നത് നല്ലത്. അമ്ളരസമുള്ള മണ്ണിലും തണ്ണിമത്തന്‍ നന്നായി വളരും. ജലസേചനസൗകര്യം വേണം.
വിത്ത്
നന്നായി വിളഞ്ഞുപഴുത്ത കായ്കളില്‍ നിന്നുള്ള വിത്താന്‍ നടാന്‍ അഭികാമ്യം. വിത്തും അതിനോടുചേര്‍ന്ന മാംസഭാഗങ്ങളും കലക്കി ഒരു ദിവസം വച്ചതിനു ശേഷം താഴെയടിയുന്ന വിത്തുകള്‍ മാത്രം എടുക്കുക. ആ വിത്തുകള്‍ നന്നായി കഴുകിയുണക്കി ഒരു വിത്തിന് 2.5 ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കുമിള്‍നാശിനി പുരട്ടി പോളിത്തീന്‍ കവറില്‍ സൂക്ഷിക്കാവുന്നതാണ്. ഒരേക്കറിന് ശരാശരി 500 ഗ്രാം വിത്താണ് ആവശ്യമായി വരുന്നത്.
ഇനങ്ങള്‍
കേരളത്തില്‍ പ്രധാനമായുപയോഗിക്കുന്ന വിത്ത് ഷുഗര്‍ബേബിയാണ്. കായ്കളുടെ വലിപ്പവും സ്വാദും നിറവും ഇനത്തിനനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ പ്രദേശത്ത് ഏതിനാണോ ആവശ്യമേറെയുള്ളത് അത് അന്വേഷിച്ചശേഷം വേണം വിത്ത് തിരഞ്ഞെടുക്കാന്‍. നമ്മുടെ മണ്ണിനും നമ്മുടെ വിപണിക്കും ഒരുപോലെ ഇഷ്ടമുള്ള വിത്താകണം തിരഞ്ഞെടുക്കാന്‍.
1. ഷുഗര്‍ ബേബി
ഇതിന്റെ തൊണ്ട് ഇരുണ്ടതും അകക്കാമ്പ് കടുംചുവപ്പുമാണ്. തൊണ്ടിന് കട്ടി കുറവാണ്. ഒന്നിന് ശരാശരി 4 .8 കി.ഗ്രാം തൂക്കം വരും. ഒരേക്കറില്‍നിന്ന് ഏകദേശം 30 ടണ്‍ കിട്ടും. മൂന്നുമുതല്‍ നാലുമാസക്കാലം ദൈര്‍ഘ്യമുള്ളതാണ് ഉല്‍പ്പാദനക്ഷമത.
2. അര്‍ക്കാ മാനിക്ക്
ഇളം പച്ചനിറത്തില്‍ കടുംപച്ചവരകളോടു കൂടിയ കായ്കളാണിവ. ഏകദേശം 6 കി.ഗ്രാം. വരെ തൂക്കം വരും.
3. അസാഹി യമാറ്റോ
പുറംതൊണ്ടിന് ഇളംനിറവും അകക്കാമ്പിന് നല്ല പിങ്കുനിറവുമുള്ള കായ്കളാണിവ. ശരാശരി തൂക്കം 7.8 കി.ഗ്രാം ആണ്. ഒരേക്കറില്‍നിന്ന് ഏകദേശം 60 ടണ്‍ കിട്ടും
4. അര്‍ക്കമുത്തു
75-80 ദിവസംകൊണ്ടു പാകമാകും. ഏക്കറിന് 40-45 ടണ്‍ വിളവുമുണ്ട്.
5. അര്‍ക്ക ജ്യോതി
പുറംതോട് കടുംപച്ചയാണ്. 90 ദിവസംകൊണ്ട് വിളവുതരും.
6. അര്‍ക്ക ഐശ്വര്യ
ഗുണത്തിലും ഉല്‍പ്പാദനത്തിലും മുമ്പന്‍. 80 ടണ്‍വരെ വിളവുതരും.
7. അര്‍ക്ക മധുര
കുരുവില്ലാത്ത ഇനം. 60 ടണ്‍ വിളവുതരും. പോളിഹൗസിലും ഇത് കൃഷിചെയ്യാം.
വിത്തുപാകല്‍
വിതക്കുന്നതിനുമുന്‍പ് വിത്ത് സ്യൂഡോമോണാസ് കലര്‍ത്തിയ ലായനിയില്‍ മുക്കിയശേഷം പാകിയാല്‍ നന്നായി മുളച്ച് തൈ കരുത്തോടെ വളരും.
വിത്തുപാകലിനുമുമ്പായി കളകള്‍ ചെത്തിമാറ്റി കിളച്ച് കൃഷിഭൂമി പരുവപ്പെടുത്തണം. വരികൾ തമ്മിൽ 3മീറ്റര്‍ അകലം വേണം. വരിയിലെ തടങ്ങൾ തമ്മിൽ 2 മീറ്റര്‍ (ഒരു സെന്റിൽ 7തടം) അകലവും. വിത്തുപാകുന്ന കുഴികള്‍ക്ക് 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയും വേണം. മേൽമണ്ണ് തിരികെയിട്ട് അതില്‍അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്തു കുഴി പകുതി മൂടണം. ഇതോടൊപ്പം അരക്കിലോ വേപ്പിന്‍പിണ്ണാക്ക് കൂടിച്ചേര്‍ക്കുന്നത് രോഗപ്രതിരോധശേഷിയും മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കും.
വിളപരിപാലനം
വിത്ത് മുളച്ച് 15 -25 ദിവസങ്ങള്‍ക്കു ശേഷം 3-4 ഇലപ്പരുവമാകുമ്പോള്‍ 3 കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. 30-35 ദിവസങ്ങള്‍ക്കുശേഷം ചെടികള്‍ വളളി വീശിത്തുടങ്ങുമ്പോള്‍ 3 കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം. മണ്ണിര കമ്പോസ്റ്റിന് പകരം കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ ചേര്‍ക്കാവുന്നതാണ്.
രാസവളം ചേര്‍ക്കുകയാണെങ്കില്‍ നടുമ്പോള്‍ കുഴിയില്‍ 50 ഗ്രാം ഫാക്ടംഫോസ് ചേര്‍ക്കുക. തുടര്‍ന്ന് മൂന്നാഴ്ചയില്‍ യൂറിയയും പൊട്ടാഷും 100 ഗ്രാം (50 ഗ്രാംവീതം) ചേര്‍ക്കുക. വള്ളി വീശുമ്പോഴും പൂക്കൾ നിറയെ വരാൻ തുടങ്ങുമ്പോഴും 25ഗ്രാം വീതം യൂറിയ മണ്ണിൽ ചേർത്ത് കൊടുക്കാം .
കള നീക്കാന്‍ മറക്കരുത്.
ജലസേചനം
തണ്ണിമത്തന് മിതമായി വേണം നനയ്ക്കാന്‍. മഴയില്ലെങ്കില്‍ രണ്ടുമൂന്നു ദിവസം ഇടവിട്ട് നനയ്ക്കാം. പുഷ്പിച്ചാല്‍ ഒന്നിരാടം ദിവസങ്ങളിലാക്കാം. കായ് മൂപ്പായാല്‍ മണ്ണിന്റെ നനവനുസരിച്ച് നന കുറയ്ക്കണം. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.
പുതയിടല്‍
തടത്തിനു ചുറ്റുമുള്ള മണ്ണ് ഇളക്കി തടം വൃത്തിയായി ഒരുക്കുക. വള്ളി വീശിപ്പടരുംമുമ്പേ നിലത്ത് ചുള്ളിക്കമ്പോ, വൈക്കോലോ വിരിച്ചുകൊടുക്കണം. പടരാൻ തുടങ്ങുമ്പോൾ വേണമെങ്കിൽ ഓലകൾ തറയിൽ ഇട്ടു കൊടുക്കാം.
പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാന്‍ യഥാസമയം പുതയിട്ടുകൊടുക്കുകതന്നെ വേണം.
വള്ളികൾ ഒരു മീറ്റർ നീളം എത്തുമ്പോൾ തലപ്പുഭാഗം നുള്ളി കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതു നല്ലതാണ്. ഒരു വള്ളിയിൽ 2-3 കായ്കളിൽ കൂടുതൽ ഉണ്ടായാൽ വലിപ്പം കുറഞ്ഞേക്കാം.
കീടബാധ
തണ്ണിമത്തനെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും കുറവാണ്. അതേസമയം, വെളളരിവര്‍ഗ്ഗവിളകളെ ആക്രമിക്കുന്ന മത്തന്‍വണ്ട്, ആമവണ്ട്, കായീച്ച എന്നിവ വിരളമായി തണ്ണിമത്തനെയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാവുകയാണെങ്കില്‍ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍വണ്ടുകളേയും പഴക്കെണിയുപയോഗിച്ച് കായീച്ചകളെയും നിയന്ത്രിക്കാവുന്നതാണ്.
വിളവെടുക്കല്‍
പൂവിരിരിഞ്ഞ് 30-40 ദിവസംകണ്ട് കായകള്‍ പാകമാകുമെന്നു പറഞ്ഞല്ലോ. 90 മുതല്‍ 120 ദിവസം വരെ വിളവെടുക്കാം. ഇനങ്ങൾക്ക് അനുസരിച്ചു ഇതില്‍ വ്യത്യാസം വരും. ക്യത്യസമയത്തുളള വിളവെടുത്താല്‍ ഗുണമേന്‍മയുളള കായ്കള്‍ ലഭിക്കും. കായ്കളോടു ചേര്‍ന്നുളള വളളികള്‍ വാടിത്തുടങ്ങിയാല്‍ വിളവെടുപ്പിനുള്ള സമയമായി എന്നറിയണം. ആ സമയം, നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടിഭാഗത്തെ വെളളനിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയാം. നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതുത്ത ശബ്ദം കേള്‍ക്കാം. എന്നാല്‍ പാകമാകാത്ത കായ്കളില്‍നിന്ന് ലോഹക്കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.
അപ്പോള്‍, അടുത്ത വേനലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയല്ലേ.