മറ്റ് ജോലിക്കുപോകാന്‍ സാധ്യമല്ലാതെ വീട്ടിലായിപ്പോയ സ്ത്രീകള്‍ക്ക് അധികവരുമാനത്തിനുള്ള നല്ല മാര്‍ഗ്ഗമാണ് ടെറസിലും വീട്ടുമുറ്റത്തുമുള്ള മുല്ലക്കൃഷി. മുല്ലയ്ക്ക് അധിക പരിചരണമൊന്നും ആവശ്യമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിയാണ്. നട്ട് ഒരു വര്‍ഷം മുതല്‍ ഏതാണ്ട് പതിനഞ്ചുവര്‍ഷം വരെ ആദായം കിട്ടും. മുല്ലപ്പൂവിന് നല്ല വിലയുമുണ്ട്. താല്പര്യമുള്ളവര് തുടര്‍ന്നുവായിക്കുക.
മുല്ലപ്പൂവിന്റെ കമ്പോളം എങ്ങനെ കണ്ടെത്താം?
ഇടത്തരം രീതിയില്‍ കൃഷി ചെയ്യുന്നവര്‍ കച്ചവടക്കാര്‍ക്ക് സ്ഥിരമായി പൂ നല്കിയാല് അവര്‍ വാങ്ങും. അമ്പലങ്ങള്‍ക്കും വിവാഹാവശ്യങ്ങള്‍ക്കും മുല്ലപ്പൂ ആവശ്യമാണ്. അത്തരക്കാരെ കണ്ടെത്തി കൊടുക്കാനും കഴിയും. ഒരു നൂറ് നൂറ്റമ്പത് മൂടുമായി ചെറിയ രീതിയില്‍ കൃഷി നടത്തുന്നവര്‍ നിങ്ങളുടെ പ്രദേശത്ത് മുല്ലപ്പൂ ഉപയോഗിക്കുന്നവരെ കണ്ടെത്തി ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആദായം ലഭിക്കും. ആവശ്യക്കാര്‍ക്ക് മിതമായ വിലയ്ക്ക് പൂവ് കൊടുത്താല്‍ പറഞ്ഞുകേട്ടും ആള് വരും. വലിയ തോതില്‍ കൃഷിചെയ്യാന്‍ പോകുന്നവര്‍ ജാസ്മിന് ഓയില്‍ എണ്ണ ഉണ്ടാക്കുന്നവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും നല്ലതാണ്.
അതായത് അല്പം ബുദ്ധിമുട്ടാന്‍ തയ്യാറായാല്‍ ദീര്‍ഘകാലം വരുമാനം തരുന്നതാണ് മുല്ലപ്പൂക്കൃഷി.
മുല്ലയ്ക്ക് അനുയോജ്യമായ സ്ഥലം ഏതാണ്?
നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ് മുല്ലക്കൃഷിക്ക് പറ്റിയത്. മുല്ല തണലത്തായാല് പൂക്കള്‍ കുറയും. നിഴലടിക്കാത്ത ടെറസ് ഏറ്റവും അനുയോജ്യം തന്നെ.
ഏതുതരം മണ്ണ് വേണം?
നല്ല നീര്‍വാര്‍ച്ചാസൗകര്യമുള്ള മണലംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണാണ് മുല്ലക്കൃഷിക്ക് ഏറ്റവും നല്ലത്. തറയില്‍ നടുന്നവര്ചാലുകളെടുത്ത് മതിയായ ഉയരത്തില്‍ വാരംകോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മണ്ണ് പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. ഓരോ കുഴിയിലും രണ്ടുവീതം വേരുപിടിപ്പിച്ച തൈകള്‍ നടാവുന്നതേയുള്ളൂ.
ചട്ടികളില്‍ നടുന്നതെങ്ങനെയാണ്?
ഒന്നരയടി ഉയരമുള്ള ചെടിച്ചട്ടികളിൽ അടിയിൽ രണ്ടു തൊണ്ടുകൾ മലർത്തിയടുക്കി അതിനുമുകളിൽ മേൽമണ്ണ്, ചാണകപ്പൊടി, മണൽ. വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തിളക്കിയ മിശ്രിതം മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. അതിലേക്ക് മുല്ലച്ചെടി നടുക. ദിവസേന രണ്ടു നേരം നനച്ചുകൊടുക്കണം.
മാസത്തിൽ ഒരിക്കൽ ചാണകപ്പൊടി ഇട്ടുകൊടുത്താൽ മുല്ല നല്ലതുപോലെ വളരുകയും പുഷ്പിക്കുകയും ചെയ്യും. ഒരു ചെടിക്ക് ഒരു വര്‍ഷം 250 ഗ്രാം യൂറിയ, 1400 ഗ്രാം റോക്ഫോസ്ഫേറ്റ് 950 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാണു രാസവളം നല്‍കേണ്ടത്. ഇവ രണ്ടു തവണയായി ജനുവരിയിലും ജൂലൈയിലും ചേര്‍ക്കാം.
ജീവാമൃതം എന്ന ജൈവവളക്കൂട്ട് കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി പറയുന്നുണ്ട്.
മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണെന്നു മറക്കരുത്. മുല്ല നട്ട് നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ ഉണ്ടാവും. രണ്ടാംവര്‍ഷം മുതല്‍ നല്ല വിളവ് ലഭിക്കും. പതിനഞ്ച് വർഷം വരെ നമുക്ക് ഒരു മുല്ലച്ചെടിയിൽ നിന്ന് ആദായം ലഭിക്കും. നല്ല ശ്രദ്ധ കൊടുത്താല്‍ നല്ല ആദായവും മുല്ലയിൽ നിന്നു ലഭിക്കും.
എന്താണ് പ്രൂണിങ്?
തറനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ വെച്ച് ശാഖകൾ മുറിച്ച നീക്കുന്നതിനെയാണ് പ്രൂണിങ് (കൊമ്പുകോതല്‍) എന്നു പറയുന്നത്. ഡിസംബർ മാസത്തിൽ പ്രൂണിംഗ് നടത്താന്‍ നല്ലത്. ചെടികളിൽ നിന്ന് നല്ല ആദായം ലഭിക്കാൻ ഇത് ഇടയാക്കും. പ്രൂണിങ്ങിനുശേഷം മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്ക്കുക.