കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഹോർട്ടി കോർപ്പിന്റെ പ്രീമിയം നാടൻ പഴം, പച്ചക്കറികൾക്കായുള്ള ആദ്യത്തെ സ്റ്റാൾ കൊച്ചിൻ സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം ഹോർട്ടികോർപ്പ് ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്നു. പ്രീമിയം വെജ് ആൻഡ് ഫ്രൂട്ട്സ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച (നവംബർ 9) രാവിലെ 11ന് ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ നിർവഹിക്കും.
സംസ്ഥാനത്തെ കർഷകരിൽ നിന്നും ഉയർന്ന വില നൽകി സംഭരിക്കുന്ന സുരക്ഷിത രീതിയിൽ കൃഷി ചെയ്ത പഴം, പച്ചക്കറികളാണ് ന്യായവിലയിൽ ഉപഭോക്താക്കൾക്കായി എത്തിക്കുന്നത്. കൂടാതെ ഹോർട്ടികോർപ്പ് അഗ്മാർക്ക് അംഗീകാരമുള്ള തേൻ, മറയൂർ ശർക്കര എന്നിവയും സർക്കാരിന് കീഴിലുള്ള കുട്ടനാടൻ മട്ട അരി, കേര വെളിച്ചെണ്ണ, കേരജം വെളിച്ചെണ്ണ, മിൽമ ഉൽപ്പന്നങ്ങൾ, കാർഷിക സർവകലാശാല അംഗീകാരമുള്ള കൈപ്പാട് ജൈവ അരി, അവിൽ, പുട്ടുപൊടി, പത്തിരിപ്പൊടി എന്നിവയും ഫാർമ്മർ പൊഡ്യൂഡർ കമ്പനികളുടെ ചെറുധാന്യങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും, ചെറുകിട കർഷകർ ഉത്പാദിപ്പിച്ച മൂല്യ വർദ്ധിത ഉത്പന്നങ്ങളും, ഇറക്കുമതി ചെയ്ത വിവിധ പഴങ്ങളും സ്റ്റാളിൽ ലഭ്യമാകും.
തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർ അഡ്വ ഹസീന ഉമ്മർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് ഹോർട്ടികോർപ്പ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് റീജിയണൽ മാനേജർ ടി ആർ ഷാജി, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ സജീവ്, വി എഫ് പി സി കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി ശിവരാമകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം, ഹോർട്ടികോർപ്പ് ജില്ലാ മാനേജർ സി എസ് ലക്ഷ്മിശ്രീ തുടങ്ങിയവർ പങ്കെടുക്കും.