അന്തരീക്ഷതാപനില സാധാരണയിലുമധികം തുടര്‍ച്ചയായി ഉയര്ന്നുനില്ക്കുന്ന അവസ്ഥയെയാണ് ഉഷ്ണതരംഗം (heat wave) എന്നുപറയുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കൊടുംചൂടാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യജീവിതം പോലും ദുസ്സഹമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് കേരളം ഉള്‍പ്പെടെ ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഉഷ്ണതരംഗം ദിവസേന വര്ധിച്ചുകൊണ്ടിരിക്കുന്നതിനുള്ള പ്രധാനകാരണം. കൃത്യമായ അളവില്‍ വേനല്‍മഴ ലഭിക്കാത്തതും കടലിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനവും ഉഷ്ണതരംഗത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
കേരളത്തിലെ വിവിധ മേഖലകളിൽ ഭൂപ്രകൃതിയും കാലാവസ്ഥയും അടിസ്ഥാനമാക്കി താപനിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും വേനൽ കടുത്തതോടെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽച്ചൂട് 40 ഡിഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും സാധാരണയിലും 3 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ്, തൊഴിൽവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിശദമായ ജാഗ്രതാ നിർദ്ദേശങ്ങളും ആരോഗ്യസംരക്ഷണത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരരോഗമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. സാധാരണമല്ലാത്ത ശാരീരികാസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണം.
പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ:
രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽനേരം വെയിലേൽക്കരുത്.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാവേളയിൽ വെള്ളം കരുതുന്നത് നല്ലത്.
കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ സ്ഥലങ്ങള്‍ക്ക് അടുത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്കുചെയ്ത വാഹനങ്ങളിൽ ഇരുത്തി പുറത്തുപോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം.
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാതു സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ കഴിവതും 11 മുതൽ 3 മണി വരെയുള്ള സമയത്ത് ഒഴിവാക്കണം. പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം.