Menu Close

പഴങ്ങളുടെ കൂടാരമാകാൻ മുള്ളൻകൊല്ലി

വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകൾ നട്ടുവളർത്തി മുള്ളൻകൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാൻ ഒരുങ്ങുകയാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് മഹത്തായ കാർഷിക സംസ്ക്കാരത്തെ സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പ്രദേശത്തെ വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പദ്ധതി വിഭാവനം ചെയ്തത്. വിപണി മൂല്യമുള്ള പഴവർഗങ്ങളുടെ തൈകൾ നട്ടുപിടിപ്പിച്ച് വാർഡ് തലത്തിൽ കർഷക കൂട്ടായ്മകൾ രൂപീകരിച്ച് കൃഷി ചെയ്യുന്ന കൃഷിക്കാരൻ്റെ പേരിൽ ബ്രാൻഡ് ചെയ്ത് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പദ്ധതിയിലൂടെ അധികമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന പഴവർഗ്ഗങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കും. റംബൂട്ടാൻ, മാംഗോസ്റ്റിൻ, അവകാഡോ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ അടക്കം മുള്ളൻകൊല്ലിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ കൂടിയ അളവിൽ പ്രോട്ടീനുള്ള പഴവർഗ്ഗങ്ങളുടെ കൃഷിയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. പഴങ്ങൾ ഉത്പ്പാദിപ്പിച്ച് വിപണി സാധ്യതകൾ കണ്ടെത്തി സർക്കാർ ഏജൻസികളെയും ഇതര ഏജൻസികളെയും ഉൾപ്പെടുത്തി മുള്ളൻകൊല്ലിയെ ഫ്രൂട്ട് ഹബ്ബാക്കുന്ന ബൃഹത് പദ്ധതിക്കാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് നിലമൊരുക്കുന്നത്.