ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ‘വയലും വീടും’ പരിപാടിയുടെ ബ്രാൻഡ് സ്പോൺസർമാരായി കേരള കാർഷികസർവകലാശാല. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരള കാർഷികസർവകലാശാലയും ആകാശവാണി തിരുവനന്തപുരം നിലയവും ഒപ്പുവച്ചു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെയും കമ്മ്യൂണിക്കേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഓരോ മാസവും കൃഷി അനുബന്ധ വിഷയങ്ങളിലുള്ള രണ്ട് സംപ്രേഷണം വീതം ഒരു കൊല്ലത്തേക്ക് ഒരുക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ശാസ്ത്രീയാറിവുകളും കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലെത്തിക്കാൻ ഇതുവഴി സാധിക്കും. കേരളത്തിലെ മുഴുവൻ ശ്രോതാക്കൾക്കും കേൾക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടി സംരക്ഷണം ചെയ്യുക. 2024 മാർച്ച് ആദ്യവാരം മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങുന്ന പരിപാടിയിൽ ‘ഭക്ഷ്യ സംസ്കരണത്തിലെ നൂതനപ്രവണതകൾ’ എന്ന വിഷയമാണ് ആദ്യമായി അവതരിപ്പിക്കുന്നത്. 15 ദിവസത്തെ ഇടവേളയിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ഈ പരിപാടിയിൽ കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം, സംയോജിതകൃഷി, സൂക്ഷ്മജലസേചനമാർഗങ്ങൾ, യന്ത്രവൽക്കരണം, കൃത്യതാകൃഷി, സംരംഭകത്വസാധ്യതകൾ എന്നീ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷികസർവകലാശാല വികസിപ്പിക്കുന്ന നൂതനസാങ്കേതികവിദ്യകളും കൃഷിയറിവുകളും കർഷകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഉദ്യമം കർഷകർക്കും നാടിനും മുതൽക്കൂട്ടാകും.