കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്‍റെ ഫലമായി സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തിലും, സുതാര്യമായും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. കൂടാതെ പേപ്പര്‍ രഹിതവും സുഗമവുമായുള്ള വിള വായ്പകള്‍, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയവ കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ ലളിതവത്ക്കരിക്കുന്നതിനായുള്ള കര്‍ഷക കേന്ദ്രീകൃത ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ കര്‍ഷക രജിസ്ട്രി സഹായിക്കും. കേരളത്തിലെ പി എം കിസാന്‍ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 30 ലക്ഷം കര്‍ഷകരെ കര്‍ഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമര്‍പ്പിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ ഉപയോഗിച്ച് ദേശീയതലത്തില്‍ ജനറേറ്റ് ചെയ്യുന്ന ഒരു കര്‍ഷക ഐഡി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച് കര്‍ഷകര്‍ക്ക് ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും. കര്‍ഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനില്‍ നിന്നും അറിയിപ്പ് ലഭിച്ചാലുടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക രജിസ്ട്രി ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്തു ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണില്‍ വരുന്ന OTP നല്കി ആധാര്‍ കാര്‍ഡ്, തങ്ങളുടെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങള്‍, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ 2024 ഡിസംബര്‍, 2025 ജനുവരി മാസങ്ങളില്‍ പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകര്‍ക്ക് കര്‍ഷക രജിസ്ട്രിയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കില്‍ അടുത്തുള്ള അക്ഷയ സെന്‍ററിന്‍റേയോ, കോമണ്‍ സര്‍വീസ് സെന്‍ററിന്‍റേയോ കൃഷിഭവന്‍റെയോ സഹായം തേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 0471 -2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്ക് നമ്പരുകളിലോ വിളിക്കേണ്ടതാണ്. കതിര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും കര്‍ഷക രജിസ്ട്രി ചെയ്യാവുന്നതാണ്.
കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി
