Menu Close

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ കര്‍ഷകരെ എങ്ങനെയൊക്കെ ബാധിക്കും?

സോഷ്യല്‍മീഡിയയുടെ വരവോടെ നിരവധി ഗുണങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ചും. അതേസമയം വലിയഅപകടങ്ങളും ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അവ തിരിച്ചറിഞ്ഞ് ഉപയോഗിക്കാനായില്ലെങ്കില്‍ നമ്മെ മുന്നോട്ടുനടത്തേണ്ട സോഷ്യല്‍മീഡിയ തന്നെ നമ്മുടെ അന്തകനും ആയേക്കാം.

നുണക്കഥകളുടെ വ്യാപനമാണ് സോഷ്യല്‍മീഡിയ മൂലമുണ്ടാകുന്ന ഏറ്റവും വലിയ അപകടം. പല തരത്തിലുള്ള നുണകളാണ് ഓരോ ദിവസവും നമ്മെത്തേടി എത്തുന്നത്. വാട്സാപാണ് ഏറ്റവും കൂടുതല്‍ നുണ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ. എന്തുകൊണ്ടാണ്?

ഫേസ്ബുക്കില്‍ സാധാരണയായി ഓരോ പോസ്റ്റും പരസ്യമായാണ് വരുന്നത്. അതായത് ഒരാള്‍ പോസ്റ്റിട്ടാല്‍ അയാളുടെ സുഹൃത്തുക്കള്‍ മുഴുവനും കാണുന്നു. ഒരു ഗ്രൂപ്പിലിട്ടാല്‍ അതിലെ അംഗങ്ങള്‍ മുഴുവനും കാണുന്നു. ആ പോസ്റ്റിലെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെങ്കില്‍ ആര്‍ക്കുവേണമെങ്കിലും താഴെ പ്രതികരണം എഴുതാവുന്നതാണ്. പാലക്കാട്ടെ കാട്ടില്‍ ഒമ്പതുതലയുള്ള ഒരു പാമ്പിനെ കണ്ടു എന്ന ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റിട്ടാല്‍ കുറേ ആളുകള്‍ വിശ്വസിക്കും. എന്നാല്‍ ആരെങ്കിലും താഴെ വന്നെഴുതും, ഇത് ഫേക്ക് ആണെന്ന്. ഇത് ഫോട്ടോഷോപ്പിലുണ്ടാക്കിയ പാമ്പാണെന്ന്. കുറച്ചുപേര്‍ക്കെങ്കിലും യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ ഇത് അവസരമൊരുക്കും. ഫേസ്ബുക്കില്‍ തെറ്റുധരിക്കപ്പെടുന്നവരുടെ ശതമാനം കുറവാണ്. എന്നാല്‍ ഇതല്ല വാട്സാപിലെ സ്ഥിതി. അത് വ്യക്തിക്കു നേരിട്ട് അയച്ചുകൊടുക്കാന്‍ കഴിയുന്നു. വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കി കബളിപ്പിക്കാനാവുന്ന ഇടമാണ് വാട്സാപ്. അതുകൊണ്ടാണ് വാട്സാപിനെ നുണകളുടെ യൂണിവേഴ്സിറ്റി എന്നു വിളിക്കുന്നത്. നമുക്ക് ഏറെ പ്രയോജനപ്രദമായ ഒരു സംവിധാനത്തിന്റെ മറുവശമാണിത്.

പലതരത്തിലുള്ള നുണക്കഥകളുണ്ടെന്നു നേരത്തേ പറഞ്ഞു. ഏതൊക്കയാണ് അവ? ആളുകളെ വഴിതെറ്റിച്ചു രസിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ എവിടെയോ ഒളി‍ഞ്ഞിരുന്ന് എഴുതിയുണ്ടാക്കിവിടുന്ന മണ്ടത്തരങ്ങള്‍ വൈറലായ എത്രയോ സംഭവമുണ്ട്. പട്ടികളെ ഓടിക്കാന്‍ വയലറ്റ് നിറമുള്ള ദ്രാവകം ഒഴിച്ച കുപ്പി വീടിനുമുന്നില്‍വച്ചാല്‍ മതിയെന്നത് കഴിഞ്ഞ പത്തുവര്‍ഷമായി കറങ്ങുന്ന ഒരു നുണക്കഥയാണ്. പല യാത്രകളിലും വീടുകള്‍ക്കു മുമ്പില്‍ വയലറ്റ് വെള്ളം നിറച്ച കുറേ കുപ്പികളും അതിനു ചുറ്റും കുറേ പട്ടികളെയും കേരളത്തിലെമ്പാടും നമുക്ക് ഇപ്പോഴും കാണാ‍ന്‍ കഴിയും. ആളുകളുടെ തലയില്‍നിന്ന് മാച്ചുകളയാനാകാത്തവിധം സ്ഥാനം പിടിച്ച നുണക്കഥയാണിത്.

ഇത്തരം നുണക്കഥകളുണ്ടാക്കുന്നവര്‍ക്ക് പല താല്പര്യങ്ങളുണ്ടാവും. ശാസ്ത്രവിരോധം, രാഷ്ട്രീയവിരോധം, മതവിരോധം, പ്രത്യേക ആശയത്തോടുള്ള വിരോധം, ആളുകളെ കബളിപ്പിക്കുന്നതിലുള്ള മനസുഖം, സമൂഹത്തില്‍ ഛിദ്രത വളര്‍ത്താനുള്ള ഗൂഢലാക്ക്, പലവിധ കച്ചവടതാല്പര്യങ്ങള്‍, ആളുകളെ അപമാനിക്കാനുള്ള ശ്രമം, ആളുകളുടെ ദുര്‍ബലവികാരങ്ങളെ ഇളക്കി പണം സമ്പാദിക്കാനുള്ള മാധ്യമവ്യവസായ താല്പര്യം തുടങ്ങി നിരവധി ലക്ഷ്യങ്ങളില്‍നിന്നും ഓരോ ദിവസവും നൂറ് കണക്കിനു നുണക്കഥകള്‍ പിറവിയെടുക്കുന്നു. പക്ഷേ, അവയെല്ലാം തേടിവരുന്നത് നമ്മെയാണ്. ഒരിക്കല്‍ അവഗണിച്ചാലും തുടരെത്തുടരെ പല കോണുകളില്‍നിന്ന് അവ നമ്മെ സമീപിച്ച് ഒടുവില്‍ നമ്മുടെ തലച്ചോറില്‍ സ്ഥാനം പിടിക്കുന്നു. കുറേ നാളുകള്‍ ആവര്‍ത്തിച്ച് അതിലൂടെ കടന്നുപോകുന്നതോടെ അതു നമ്മുടെ മനോനിലയെ സ്വാധീനിക്കാന്‍ തുടങ്ങും. വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ മുതല്‍ ആത്മഹത്യയിലോ കൊലപാതകത്തിലോ വരെ ഇതിന്റെ അനുരണനങ്ങള്‍ ചെന്നുനിന്നേക്കാം.

ഉദാഹരണത്തിന് ഇറച്ചിക്കോഴികളെല്ലാം ഹോര്‍മോണ്‍ കുത്തിവച്ചതാണെന്ന വൈറല്‍വാര്‍ത്ത ഒരു വന്‍നുണയാണ്. ഹോര്‍മോണ്‍ ചികിത്സ നല്‍കിയ കോഴിക്ക് ഇന്നു കൊടുക്കുന്നതിനേക്കാള്‍ പത്തുമടങ്ങ് വില നാം അധികം കൊടുക്കേണ്ടിവരുമെന്നതാണ് വസ്തുത. ഇതറിയാതെ, ഹോര്‍മോണ്‍ കുത്തിവച്ചതാണ് കോഴിയിറച്ചി എന്നുള്ള നുണക്കഥ നമ്മുടെ തലച്ചോറിനെ ബാധിക്കുന്നതോടെ അത് അപകടകരമായി മാറുന്നു. പല കര്‍ഷകരിലും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകും. തനിക്ക് ഹോര്‍മോണ്‍ ചികിത്സ വശമില്ലാത്തതുകൊണ്ടാണ് ലാഭം കുറയുന്നതെന്ന ചിന്ത വരും. പല മരുന്നുകമ്പനികള്‍ക്കും അയാളെ വേഗത്തില്‍ പറ്റിക്കാനാകും. ഉപഭോക്താവാണെങ്കില്‍ ഇറച്ചിക്കോഴിയെ വാങ്ങാന്‍ മടിക്കും. ഇതുമൂലം എളുപ്പത്തില്‍ ലഭിക്കാവുന്ന ഒരു പോഷക സ്രോതസ്സാണ് അടയുന്നത്. ക്രമേണ അയാള്‍ വിപണിയില്‍ വിശ്വാസമില്ലാത്തയാളായി മാറും. കോഴിയില്‍ ഹോര്‍മോണ്‍ ചികിത്സ നടന്നു എന്നു വിശ്വസിച്ചുതുടങ്ങിയാല്‍ പിന്നെ സമാനമായ കഥകളെല്ലാം ഇയാള്‍ എളുപ്പം വിശ്വസിക്കും. ക്രമേണ ഈ ലോകം മുഴുവന്‍ വിഷം കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കാന്‍ തുടങ്ങും. ഇറച്ചിക്കോഴി കര്‍ഷകരെ വെറുക്കാനും ക്രമേണ എല്ലാ കൃഷികളെയും വെറുക്കാനും കാരണമാകും. തനിക്കോ കുടുംബത്തിനോ വരുന്ന ഏതെങ്കിലും ആരോഗ്യപ്രശ്നം ഹോര്‍മോണ്‍ മൂലമാണെന്നു വിശ്വസിക്കും. മറ്റു പല ഘടകങ്ങള്‍ കൂടിച്ചേരുന്നതോടെ രൂപംകൊള്ളുന്ന വിഷാദം മൂര്‍ച്ഛിച്ച് പലതരം അപകടങ്ങിലേക്കു നയിക്കും. ഇതാണ് വിവേകപൂര്‍ണമല്ലാതെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതുമൂലം വന്നുചേര്‍ന്നിരിക്കുന്ന പെരുമാറ്റവൈകല്യങ്ങളുടെ നേര്‍ച്ചിത്രം.

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ നമ്മെ എങ്ങനെയൊക്കെ ബാധിക്കും?

1. നുണക്കഥകളില്‍ വീണാല്‍ ശുഭചിന്ത ഇല്ലാതാകും

നുണക്കഥകളില്‍ വീണുപോകുന്നതോടെ തെറ്റായ പല നിഗമനങ്ങളിലേക്കും നാം എത്തിച്ചേരും. തെറ്റായ പല തീരുമാനങ്ങളിലേക്കും നയിക്കും. പിന്നെ ഒന്നിനെയും പോസിറ്റീവായി കാണാന്‍ കഴിയുന്നതല്ല. കേരളത്തില്‍ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന സംവിധാനമാണ് കൃഷിഭവന്‍. ഏതു രംഗത്തെന്നപോലെ ഇവിടെയും ചില ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് സൗഹാര്‍ദ്ദപൂര്‍വ്വം ഇടപെടുന്നില്ലായിരിക്കാം. എന്നാല്‍ നല്ലൊരു ശതമാനം പേര്‍ അര്‍പ്പണബോധത്തോടെ കര്‍ഷകരോടൊപ്പം കൈകോര്‍ത്തുനിന്ന് വിജയഗാഥകള്‍ രചിക്കുന്നത് നമുക്ക് കാണാം. എന്നാല്‍, കൃഷിഭവനുകളെയും ജീവനക്കാരെയും മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന പലതരം നുണക്കഥകള്‍ വാട്സാപില്‍ കറങ്ങിനടക്കുന്നതു നമുക്ക് കാണാം. ഇതു വിശ്വസിച്ചുതുടങ്ങുന്ന കര്‍ഷകന്‍ കൃഷിഭവനിലേക്കു പോകാന്‍ മടിക്കും. അതോടെ ആ സ്ഥാപനം വഴിയുള്ള എല്ലാ ആനുകൂല്യങ്ങളും അയാള്‍ക്ക് അടയുന്നു. കൃഷിഭവനെക്കുറിച്ചുള്ള മുന്‍വിധിയില്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അദ്ദേഹത്തിനു പ്രശ്നമായി തോന്നാം. ക്രമേണ, ഏതുകാര്യത്തിലും ദോഷം കാണുന്ന പ്രവണതയും വര്‍ദ്ധിക്കാം.

2. വിശ്വാസം നഷ്ടപ്പെടും

നുണക്കഥകള്‍ ശാസ്ത്രവസ്തുക്കളെ അപേക്ഷിച്ച് വിശ്വസിക്കാന്‍ എളുപ്പമുള്ളവയാണ്.

നുണക്കഥകളുടെ അടിമയാകുന്ന ആള്‍ ക്രമേണ ശാസ്ത്രീയ വിശദീകരണങ്ങളോടുള്ള താല്പര്യം കുറയും. ക്രമേണ അയാള്‍ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍, കൃഷിഭവന്റെയോ സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍ ഇതൊക്കെ വിശ്വസിക്കാന്‍ കഴിയാത്തവരായി മാറും. വസ്തുത തിരിച്ചറിയാനുള്ള കഴിവ് ക്രമേണ കുറഞ്ഞുവരും.

3. ധനനഷ്ടം

നുണക്കഥകളില്‍ വീഴുന്ന കര്‍ഷകർ തെറ്റായതോ പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ ഏതെങ്കിലും കൃഷിരീതികള്‍ വിശ്വസിച്ച് പണമിറക്കി വിള നഷ്ടമാക്കുന്ന സ്ഥിതി വരും. ഇത് ധനഷ്ടത്തിനു കാരണമാക്കും.ഒരു പ്രത്യേക വിളയ്ക്ക് വന്‍ ഡിമാന്‍‍ഡാണെന്നു പറഞ്ഞുള്ള കുറിപ്പുകള്‍ ചില അവസരത്തില്‍ വ്യാപകമാകുന്നതു കാണാം, ആളുകള്‍ കൂട്ടത്തോടെ അതു കൃഷി ചെയ്യും. വിപണിയിലെത്തുന്ന കാലമാകുന്നതോടെയാണറിയുന്നത് അതിന് നല്ല വില പോലും ഇല്ലെന്ന്. നിങ്ങളുടെ വിള തഴച്ചുവളരാന്‍ എന്നു പറഞ്ഞുള്ള എത്രയോ വീരവാദങ്ങള്‍ യൂടൂബിലും വാട്സാപിലും കാണാം. ശാസ്ത്രീയകൃഷിരീതി ഉപേക്ഷിച്ച് അതു പരീക്ഷിക്കുന്നതോടെ വിള നശിച്ച് പണം നഷ്ടമാകുവുകയും കൃഷിയില്‍നിന്നുതന്നെ പിന്മാറാന്‍ അതു കാരണമാവുകയും ചെയ്യും.

4. വൈകാരികാഘാതം

തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വൈകാരികാഘാതം വളരെ ഗുരുതരമായ പ്രശ്നമാണ്. കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്തയുടെ വൈകാരികമായ അവതരണം , കൃഷി ചെയ്തലരെല്ലാം തെണ്ടി കുത്തുപാളയെടുക്കുന്നു എന്ന തരത്തിലുള്ള കഥകള്‍ ഇതൊക്കെ വായിക്കേണ്ടിവരുന്ന കര്‍ഷകരുടെ മാനസികാവസ്ഥയിലുണ്ടാക്കുന്ന ആഘോതം വലുതാണ്. ഇത്തരം അതിനാടകീയമാക്കിയതും തെറ്റുധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ വിവരങ്ങള്‍ വായനക്കാരില്‍ ഭയം, ഉത്കണ്ഠം, കോപം എന്നിവ സൃഷ്ടിക്കും. തങ്ങളെ അവസ്ഥയെ കഥകളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നതോടെ പലരിലും ഉയർന്ന സമ്മർദ്ദ നിലകളും വൈകാരിക ക്ലേശങ്ങളും അനുഭവപ്പെടാം.

5. മാനസികാരോഗ്യത്തെ ബാധിക്കുന്നു:

ഇത്തരം നുണക്കഥകളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തങ്ങളുടെ തൊഴിലിൽ അനിശ്ചിതത്വങ്ങൾ നേരിടുന്ന കർഷകർ വ്യാജവാർത്തകളുടെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾക്ക് വേഗത്തില്‍ ഇരയാകും.

6. സാമൂഹിക വിഭജനവും സംഘർഷവും

നുണക്കഥകള്‍ സമുദായങ്ങൾക്കുള്ളിൽ ഭിന്നിപ്പിന്റെ വിത്ത് പാകും. തെറ്റായ വിവരങ്ങൾ കർഷകർക്കിടയിലോ അവരുടെ സൗഹൃദങ്ങളിലോ വൈരുദ്ധ്യം നിറയ്ക്കുകയും അത് ബന്ധങ്ങളെ വഷളാക്കുകയും ചെയ്യും. കര്‍ഷകരെന്ന നിലയിലോ മനുഷ്യരെന്ന നിലയിലോ ഒരുമിച്ചുനില്ക്കേണ്ട പല അവസരങ്ങളും ഇല്ലാതാക്കും.

7. നവീകരണശ്രമങ്ങളെ തകിടം മറിക്കും

നുണക്കഥകള്‍ വിശ്വസിക്കുന്ന കർഷകര്‍ നൂതനവും പ്രയോജനപ്രദവുമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിയാം. ഉദാഹരണത്തിന്, ചില കാർഷിക രീതികളുടെ സുരക്ഷിതത്വത്തെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കിൽ ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അതുമൂലം തടസ്സപ്പെടാം.