Menu Close

ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇനി ഒരു കുടക്കീഴിൽ

ഇനി ഭൂമിയുമായി ബന്ധപ്പെട്ട ഓരോ ഇടപാടിനും ഓരോ ആഫീസും കയറണ്ട, ഓരോ ആപ്പും തുറക്കേണ്ട. രജിസ്‌ട്രേഷൻവകുപ്പിന്റെ പേൾ, റവന്യൂവകുപ്പിന്റെ റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), സർവേവകുപ്പിന്റെ ഇ-മാപ്‌സ് ആപ്ലിക്കേഷൻ എന്നിവ ഒരൊറ്റ പോർട്ടലിലേക്കു സംയോജിപ്പിച്ച് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരു കുടക്കീഴിൽ ലഭിക്കുന്ന എന്റെ ഭൂമി സംയോജിത പോർട്ടൽ നവംബറിൽ പ്രവർത്തന ക്ഷമമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ 15 വില്ലേജോഫീസുകളിലാണ് നവംബറിൽ സംയോജിതപോർട്ടൽ സംവിധാനം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ആലുവ താലൂക്കിലെ മറ്റൂർ സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ താലൂക്കിലെ ഭൂമിതരമാറ്റം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇനി ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിനെ സമീപിക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ജില്ലാകളക്ടറേറ്റിൽ ആലുവ താലൂക്കിലെ ഭൂമിതരംമാറ്റം അപേക്ഷകൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുങ്ങും. ഡി.എം ഡെപ്യൂട്ടികളക്ടർ ഇതിന്റെ ചുമതല വഹിക്കും. പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ഒരു ജൂനിയർ സൂപ്രണ്ടന്റിനെയും, നാല് ക്ലർക്കുമാരെയും അധികമായി നിയമിക്കും. പ്രദേശം ഉൾപ്പെടുന്ന സ്ഥലങ്ങൾക്കായി 58 വാഹനങ്ങള്‍, 18 ഡ്രൈവർമാര്‍ എന്നിവ നിശ്ചയിക്കും. ഒക്ടോബർ മാസത്തോടുകൂടി ഈ സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി സബ്ഡിവിഷൻ ചെയ്യേണ്ടതില്ലാത്ത കേസുകളിൽ ആർഡിഒയുടെ ഉത്തരവ് കിട്ടിയാൽ 48 മണിക്കൂറിനുള്ളിൽ തഹസിൽദാർ വില്ലേജ് ഓഫീസുകളിലേക്ക് അയയ്ക്കുകയും അഞ്ചുദിവസത്തിനുള്ളിൽ തരംമാറ്റുന്ന രീതിയിൽ സംവിധാനം ഒരുങ്ങുകയും ചെയ്യും. സബ്ഡിവിഷൻ ചെയ്യേണ്ട കേസുകളിൽ സർവയറെ ലഭ്യമല്ലെങ്കിൽ നികുതിയടയ്ക്കേണ്ട തുക നിശ്ചയിച്ച് വില്ലേജോഫീസറിന് കൈമാറി അഞ്ചുദിവസത്തിനുള്ളിൽ കക്ഷിയെക്കൊണ്ട് നികുതിയടപ്പിക്കണം. ആറു മാസത്തിനുള്ളിൽ അതാതു സമയത്ത് തരംമാറ്റ അപേക്ഷകൾ മാത്രം മുന്നിൽവരുന്ന രീതിയിൽ ക്രമീകരണം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.