ഒടുവില്‍ നമുക്കുള്ള പാല് നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്കുന്ന സൂചന.
അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ് കാമ്പയിന് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് അധികം താമസിയാതെ കേരളം പാലുല്‍പ്പാദത്തില്‍ സ്വയംപര്യാപ്തം ആകുമെന്നാണ്. 2016ല്‍ പ്രതിദിനം 16 ലക്ഷം ലിറ്റര്‍ പാല് പ്രതിദിനം സംഭരിച്ചിരുന്ന ക്ഷീരസംഘങ്ങള്‍ ഇപ്പോള്‍ 21 ലക്ഷം ലിറ്ററിലധികമാണ് സംഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടി മിൽമയുടെ മേഖല യൂണിയനുകൾ സര്‍ക്കാര്‍ സഹായത്തോടെ വിവിധ തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പം യൂണിയനുകൾ അവരുടെ സ്വന്തം ഫണ്ട് ഉപയോഗിച്ചും വിവിധ പദ്ധതികൾ നടപ്പിലാക്കി. ഇതുമൂലം പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ കേരളത്തിന് ഏതാണ്ട് കഴിഞ്ഞിട്ടുണ്ട്.
മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകളുടെയും ആഭ്യന്തര പാൽ സംഭരണത്തിൽ ഗണ്യമായ വർദ്ധനവാണ് ഈയിടെയായി ഉണ്ടായിട്ടുള്ളത് . 2020-21 കാലത്തെ അപേക്ഷിച്ച് ആഭ്യന്തര സംഭരണത്തിൽ ദിനംപ്രതി ശരാശരി 12.5% വർധനവുണ്ടായി. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ പാലിനായി അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സംവിധാനത്തിൽ മാറ്റം വന്നു. പാൽ അധികമുള്ള മലബാർ പ്രദേശത്തു നിന്ന് പാൽ കുറവ് അനുഭവപ്പെടുന്ന തെക്കൻ കേരളത്തിലേക്ക് അയച്ചുകൊണ്ട് പാല്‍സംഭരണത്തെ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ചു. ഇതാണ് പാലുല്‍പ്പാദനമേഖലയിലെ ഈ മുന്നേറ്റത്തിനു കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ജുറാണി ഒരു അഭിമുഖത്തില്‍ ഈയിടെ പറഞ്ഞത്.
കേരളത്തിൽ ഏകദേശം എട്ടു ലക്ഷം കുടുംബങ്ങളാണ് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ 3.97 ലക്ഷം അംഗങ്ങൾ ക്ഷീരസംഘങ്ങളിൽ രജിസ്റ്റർ ചെയ്തവരാണ്. കേരളത്തിലുടനീളമുള്ള 3,635 പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന 21.17 ലക്ഷം ലിറ്റർ പാലാണ് ദിനംപ്രതി സംഭരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണ്.
ദേശീയശരാശരിയെക്കാള്‍ വളരെ മുന്നിലാണ് കേരളത്തിന്റെ പാല്‍സംഭരണവും. ദേശീയ ശരാശരി 6.4 ശതമാനമായിരിക്കുമ്പോള്‍ കേരളത്തിന്റേത് 12.5ശതമാനമാണ്. ഈ കാലയളവില്‍ കൂടുതല്‍ കര്‍ഷകര്‍ പാലുല്പ്പാദനത്തിലേക്കെത്തുകയുണ്ടായി.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ക്ഷീരകര്‍ഷകരുടെ നില കേരളത്തില്‍ ആശ്വാസകരമാണെന്നുവേണം പറയാന്‍. മറ്റുസംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് സംഭരണ വില കുറവാണ്. പാലുത്പാദനം കൂടുതൽ ആവുന്ന സമയങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ പലപ്പോഴും സംഭരണവില കുറയ്ക്കുന്ന രീതിയാണുള്ളത്. എന്നാൽ സംഭരണം അധികമായ സമയത്തുപോലും മിൽമ സംഭരണ വില കുറച്ചിട്ടില്ല. ഉല്പാദനച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതലാണ് . കാലിത്തീറ്റയുടെ വില ഉൽപ്പാദനചെലവിനെ സ്വാധീനിക്കുന്ന മുഖ്യഘടകമാണ്. കാലിത്തീറ്റ ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എല്ലാം തന്നെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത് അവ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച് കർഷകരുടെ ഉത്പാദനച്ചെലവ് കുറച്ചു നഷ്ടം ലഘൂകരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതാണ് മൃഗസംരക്ഷണവകുപ്പു മന്ത്രി വെളിപ്പെടുത്തി.
2017-18 കാലത്തും കേരളം പാലുല്‍പ്പാദനത്തില്‍ വലിയ നേട്ടം കൈവരിച്ച് സ്വയംപര്യാപ്തതയുടെ അടുത്തെത്തിയതാണ്. പക്ഷേ, അടിക്കടി വന്ന പ്രളയങ്ങള്‍ ആ മുന്നേറ്റത്തിനു തടസ്സമായി. അന്നുണ്ടായ പിന്നോട്ടടികളെ മുഴുവന്‍ അതിജീവിച്ചാണ് ഇപ്പോള്‍ വീണ്ടും നാം ഈ പുരോഗതി കൈവരിച്ചിരിക്കുന്നത്.
എന്നാല്‍, ഉല്‍പ്പാദനവും സംഭരണവും കൂടിയതുകൊണ്ട് ക്ഷീരമേഖലയ്ക്ക് സുസ്ഥിരമായ പുരോഗതി ഉണ്ടാവുകയില്ലെന്നാണ് മുഖ്യമന്ത്രി എടുത്തു പറഞ്ഞത്. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പ്പാദനവര്ദ്ധനവിലൂടെയുമാണ് ഈ മുന്നേറ്റം സ്ഥായിയാവുക. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് മില്‍മ ഉല്പന്നങ്ങളുടെ പാക്കിങ് അന്താരാഷ്ട്രനിലവാരത്തില്‍ ആക്കിയത്.
എന്തായാലും പ്രതീക്ഷയുടെ പാല്‍പ്പുഞ്ചിരിയാണ് കാര്‍ഷികകേരളത്തിന്റെ മുഖത്ത്, ഇപ്പോള്‍.