Menu Close

അഗ്‌മാര്‍ക്ക് അടയാളം: ഗുണമേന്മയുടെ ഉറപ്പ്

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കുന്ന ഗുണമേന്മാമുദ്രയാണ് അഗ്മാര്‍ക്ക്. വിപണിയിലെത്തുന്ന അഗ്‌മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സൂക്ഷ്മമായ ലാബ് പരിശോധനകളിലൂടെ ഉന്നത ഗുണനിലവാരം തെളിയിച്ചവയാണ്. ഇത് ഉല്‍പ്പാദകര്‍ക്ക് ന്യായമായ വിലയും ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണവും ഉറപ്പുവരുത്തുന്നു. 1937ലെ അഗ്രികൾച്ചർ പ്രോഡക്ട് ഗ്രേഡിങ് ആൻഡ് മാർക്കറ്റിങ് ആക്ട് മുന്‍നിര്‍‌ത്തിയാണ് അഗ്‌മാര്‍ക്ക് മുദ്രണം നിലവില്‍വന്നത്. 1943-ൽ ഈ നിയമത്തിന് കാലാനുസൃതമായ പരിഷ്കാരം വരുത്തിയിട്ടുണ്ട്. ഇതില്‍ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ സൂചിപ്പിക്കുന്നതിനു ഗ്രേഡ് നിശ്ചയിക്കുക, നിശ്ചയിച്ച ഗ്രേഡിന് അനുസരിച്ചു ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിർണയിക്കുക, നിശ്ചിത ഗ്രേഡുകളെ പ്രതിനിധീകരിച്ചു മുദ്രണം നൽകുക എന്നിവ ഉള്‍പ്പെടുന്നു.
അഗ്‌മാര്‍ക്കിനു കീഴില്‍ സര്‍ട്ടിഫൈ ചെയ്ത ഓരോ ബാച്ച് ഉല്‍പ്പന്നവും ഗുണനിലവാര നിബന്ധനകള്‍ക്കായി സുസജ്ജമായ ലബോറട്ടറിയില്‍ പരിശീലനം സിദ്ധിച്ച കെമിസ്ററ് പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. അഗ്‍മാര്‍ക്ക് ലഭിച്ച ഉല്‍പ്പന്നങ്ങള്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ ഉപയോഗിച്ചാവും പാക്ക് ചെയ്യുക. അവ പൊട്ടിച്ച് വില്‍ക്കാറില്ല.
ഇത്തരം ഉല്‍പ്പന്നങ്ങളില്‍ അഗ്‍മാര്‍ക്ക് ചിന്ഹം കണ്ടൈനറില്‍ പതിച്ചിട്ടുണ്ടാവും. സാധനത്തിന്റെ പേര്, ഗ്രേഡ്, ബാച്ച് നമ്പര്‍, പാക്കിങ് തീയതി, മൊത്തം തൂക്കം, ഉല്‍പ്പാദകന്റെ പേരും വിലാസവും തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.

    അഗ്‌മാര്‍ക്കിനു കീഴില്‌ പൊതുവേ സര്‍ട്ടിഫൈ ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്. കടുകെണ്ണ, കടലയെണ്ണ, സൂര്യകാന്തി എണ്ണ മുതലായ എണ്ണകള്‍, മിശ്രണം ചെയ്ത ഭക്ഷ്യയെണ്ണക്‍, മുളക്, മഞ്ഞള്‍, മല്ലി, ജീരകം, ഏലയ്ക്ക, മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍, കറി പൗഡര്‍, ഗരം മസാല, വെജിറ്റബള്‍ മസാല, കടല മസാല തുടങ്ങിയ  ഒരുമിച്ചുചേര്‍ത്ത സുഗന്ധ വ്യഞ്ജനങ്ങള്‍, പെരുങ്കായം, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഗോതമ്പ്, അരി, ആട്ട, മൈദ, സൂജി, ബെസാന്‍ തുടങ്ങിയവ. നെയ്യ്, വെണ്ണ, ഫാറ്റ് സ്പ്രെഡ്, തേന്‍, നിത്യോപയോഗ സാധനങ്ങള്‍.
    അഗ്‍മാര്‍ക്ക് ഉപഭോക്താക്കള്‍ക്ക്  സുരക്ഷിതമായ ഭക്ഷണം ഉറപ്പു വരുമ്പോള്‍ ഉല്‍പ്പാദകര്‍ക്ക് അത് സംതൃപ്തരായ ഇടപാടുകാരെ നല്‍കുന്നു. വില്‍പ്പനയ്ക്കുമുമ്പ് ഗുണനിലവാര പരിശോധന കഴിയുന്നതിനാല്‍ അനാവശ്യമായ പരാതികളും മറ്റ് നടപടികളും ഒഴിവായിക്കിട്ടുന്നു. അതിനാല്‍ അഗ്‌മാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമായ വ്യാപാരത്തിന് ഉല്‍പ്പാദകരെ സഹായിക്കുന്നു.