എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിച്ചാൽ കനാലിൽ ആയിരം വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ചെട്ടിച്ചാലിലെ രണ്ട് ഹെക്ടർ വരുന്ന ജലാശയമാണ് മൽസ്യകൃഷിയ്ക്കായി തിരഞ്ഞെടുത്തത്. പ്രധാന ജലസ്രോതസ്സിനോട് ചേർന്ന് കിടക്കുന്ന ചെറിയ ചാനലുകൾ, ജലസേചന കനാലുകൾ എന്നിവ വൃത്തിയാക്കി പരിസ്ഥിതി സൗഹൃദ രീതിയിൽ ജനപങ്കാളിത്തത്തോടെ താൽക്കാലിക തടയണകൾ കെട്ടി മത്സ്യകൃഷിക്ക് പര്യാപ്തമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് എംബാങ്ക്മെന്റ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പ് ഈ വർഷം ആരംഭിച്ച നൂതന മത്സ്യകൃഷി രീതിയാണ് എംബാങ്ക്മെന്റ്. ഹെക്ടറിന് 10000 മത്സ്യ വിത്തുകൾ എന്ന രീതിയിലാണ് മത്സ്യവിത്ത് നിക്ഷേപം നടത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ തികച്ചും സൗജന്യമായാണ് ഫിഷറീസ് വകുപ്പ് നൽകുന്നത്. കൂടാതെ പദ്ധതി ചെലവിന്റെ 60% സബ്സിഡിയായും നൽകും.