Menu Close

മൂല്യവര്‍ദ്ധിതോല്‍പന്നങ്ങളുടെ നിര്‍മ്മാണം, ബ്രാന്‍ഡിങ്, പാക്കിംഗ് മുതലായവയില്‍ കൃഷിവകുപ്പിന്റെ എല്ലാ സഹായങ്ങളും

നാളികേരത്തില്‍നിന്ന് വിവിധങ്ങളായ മൂല്യവര്‍ദ്ധിതോത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യുന്നതിലൂടെ കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കും. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കേരസമിതി ഉള്‍പ്പെടെ നിരവധി കര്‍ഷകക്കൂട്ടായ്മകള്‍ അതു തെളിയിച്ചിരിക്കുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് മലപ്പുറത്തെത്തിയ കൃഷിമന്ത്രി പി പ്രസാദ് മക്കരപ്പറമ്പ് കേരസമിതി സന്ദ‍ശിച്ചു. വരാനിരിക്കുന്നത് നാളികേരത്തിന്റെ നല്ലകാലമാണെന്ന് സമിതിയാരംഭിച്ച ഇളനീര്‍പാര്‍ലര്‍ സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
നാളികേരത്തില്‍നിന്ന് വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടി 13 അംഗങ്ങള്‍ ചേര്‍ന്ന് കേരസമിതി കൃഷിക്കൂട്ടായ്മ രജിസ്റ്റര്‍ ചെയ്യുകയും ഫാദി എന്ന പേരില്‍ ഒരു ഇളനീര്‍ പാര്‍ലര്‍ ആരംഭിക്കുകയും ചെയ്തു. വിവിധ കേരകര്‍ഷകരില്‍നിന്ന് നേരിട്ട് ഇളനീര്‍ ശേഖരിച്ച് ഇളനീര്‍, ഇളനീര്‍ കേക്ക്, ഇളനീര്‍ സിപ്പപ്പ് തുടങ്ങിയ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തിയതോടെ പുതിയ സംരംഭം വന്‍വിജയമായിത്തീര്‍ന്നു.
നാളികേരക്കൃഷിയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ സമഗ്രപുരോഗതിക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. ഓരോ കേരഗ്രാമം പദ്ധതിക്കും കീഴില്‍ കേരസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കേരസമിതികള്‍ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ലോകോത്തര നിലവാരത്തില്‍ അതു വിപണനം നടത്തുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.
മൂല്യവര്‍ദ്ധിതോല്‍പ്പന്നമായ ഉരുക്കുവെളിച്ചെണ്ണയ്ക്ക് ലോകത്തില്‍ വന്‍ ആവശ്യകതയുണ്ട്. നാളികേരാധിഷ്ഠിത മൂല്യവര്‍ദ്ധിതോല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും പാക്കിംഗ് ചെയ്യുന്നതിനും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് കേരകര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഇത് കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണം. പച്ചത്തേങ്ങാസംഭരണം ഇന്ന് ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നുണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും പച്ചത്തേങ്ങ 35 രൂപ നിരക്കില്‍ സംഭരിക്കും. പച്ചത്തേങ്ങ സംഭരണയൂണിറ്റുകള്‍ ആവശ്യമെങ്കില്‍ പുതുതായി അനുവദിക്കുകയും ചെയ്യും. കര്‍ഷകരുടെ സമഗ്രപുരോഗതിയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.