Menu Close

തെങ്ങിനുള്ള വേനല്‍ശുശ്രൂഷ

വേനല്‍ക്കാലത്ത് സസ്യസ്വേദനം വഴി തെങ്ങില്‍നിന്ന് ജലം നഷ്ടമാകും. ഇതൊഴിവാക്കാന്‍ തെങ്ങിന്റെ ഏറ്റവും താഴെത്തെ 3-5 ഓലകള്‍ വെട്ടിമാറ്റണം. തടിയില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ 2-3 മീറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുക. ചെറിയ തെങ്ങിന്‍തൈകള്‍ക്ക് വേനല്‍ക്കാലത്ത് തെക്കുപടിഞ്ഞാറുദിശയില്‍നിന്ന് തണല്‍ കൊടുക്കുന്നത് നല്ലതാണ്. മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനല്‍മഴയില്‍നിന്ന് ലഭിക്കുന്ന വെള്ളം മണ്ണില്‍ത്തന്നെ സംഭരിച്ചുനിര്‍ത്താനുള്ള നല്ല മാര്‍ഗമാണ്. ഇതിനായി തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവ് അനുവര്‍ത്തിക്കുക.

വേനല്‍മഴ ലഭ്യമായ സ്ഥലങ്ങളില്‍ തെങ്ങിന്‍ചുവട്ടില്‍നിന്നുമാറി രണ്ടു മീറ്റര്‍ ചുറ്റളവില്‍ തടത്തില്‍ പച്ചിലവളച്ചെടികളായ കാട്ടുചണമ്പ്, പയര്‍, കിലുക്കി തുടങ്ങിയവയുടെ വിത്തുകള്‍ പാകാവുന്നതാണ്.

ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 20 മുതല്‍ 25 കിലോ ഗ്രാം വിത്തുകളാണ് ആവശ്യമായി വരുക. ഇവ പൂത്തുതുടങ്ങുന്ന സമയത്ത് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ പച്ചിലവളച്ചെടികള്‍ ഉഴുതുചേര്‍ക്കുകയോ പറിച്ച് തടങ്ങളിലിടുകയോ ചെയ്യാം. ഇതില്‍നിന്ന് ഒരു ഹെക്ടര്‍ സ്ഥലത്ത് 5 -8 ടണ്‍ വരെ പച്ചിലവളം ലഭിക്കുകയും മണ്ണിന്‍റെ ജലസംഭരണശേഷി കൂട്ടുകയും ചെയ്യും.