കേരള കാർഷിക സർവകലാശാല പുതിയതായി വിഭാവനം ചെയ്ത നാൽപത്തിയൊന്ന് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ ആദ്യത്തെ കോഴ്സിന് 2023 നവമ്പര്‍ 14നു തുടക്കം കുറിച്ചു. വിജ്ഞാനവ്യാപനവിഭാഗത്തിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിട്ട്യൂട്ട് സംഘടിപ്പിക്കുന്ന സംയോജിത കീടരോഗപരിപാലനം എന്ന പതിനഞ്ചു ദിവസത്തെ കോഴ്സാണ് വെള്ളാനിക്കര കർഷകഭവനിൽ ആരംഭിച്ചത്. കാർഷികസർവകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോണിന്റെ അധ്യക്ഷതയിൽ രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ് ഹെലൻ സ്വാഗതവും വെള്ളാനിക്കര കാർഷികകോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ ആശംസയും അറിയിച്ചു. കർഷകരും വളം-കീടനാശിനി ഡീലർമാരും അടങ്ങുന്ന മുപ്പതു പരിശീലനാർത്ഥികളാണ് കോഴ്സിൽ പങ്കെടുക്കുന്നത്. കേരളത്തിലെ വിളകളെ ബാധിക്കുന്ന കീടരോഗ കളവർഗ്ഗങ്ങൾ, അവയുടെ ജൈവജീവാണു രാസനിയന്ത്രണ മാർഗ്ഗങ്ങൾ, കീടനാശിനിനിയമം, വിളകളിലെ കീടനാശിനിപ്രയോഗം, അവയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ മുപ്പതോളം സെഷനുകളായി കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ് ഹെലനാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. സർവകലാശാല വിദഗ്ധരുടെ ക്ലാസുകൾ, പ്രായോഗിക പരിശീലനം, സംരംഭകത്വ പരിപാടികൾ, കൃഷിയിട സന്ദർശനം എന്നിവ ഉൾപ്പെടുത്തിയാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദർശന, കീട ശാസ്ത്ര വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. രഞ്ജിത് എന്നിവർ കോർഡിനേറ്റ് ചെയ്യുന്ന കോഴ്സ് നവംബർ മുപ്പതിന് പൂർത്തിയാകും.