Menu Close

ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കട്ടോ സാറേ

വൈഗ 2023 ലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.

ചോദ്യം: ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ?

ഉത്തരം:
ചക്കയില്‍നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്‍നിന്നും വൈന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ നമ്മുടെ കയ്യിലുണ്ട്. അതിന് വിവിധ തലങ്ങളിലെ അനുമതികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് വൈന്‍ ഉല്‍പ്പാദനം തുടങ്ങാനാകും. കര്‍ഷകര്‍ക്ക് വലിയൊരളവില്‍ ഇത് നേട്ടമാകും.

ചോദ്യം: കൊപ്രയുടെ താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഈ വര്‍ഷമെങ്കിലും നേരെയാകുമോ?

ഉത്തരം: കഴിഞ്ഞ വര്‍ഷം കേരഫെഡ്, മാര്‍ക്കറ്റ്ഫെഡ് എന്നീ സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ കൊപ്രസംഭരണത്തിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ സംഭരിക്കുന്ന ഏജന്‍സി സ്വന്തമായി നാളികേര ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ പാടില്ല എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തതോടെ കേരഫെഡിന് കൊപ്ര സംഭരണം അസാധ്യമായി. ഇതാണ് ചിലയിടത്ത് വീഴ്ചയുണ്ടാവാന്‍ കാരണം. ഇത്തവണ അതു പരിഹരിച്ചാകും ക്രമീകരണങ്ങൾ ചെയ്യുക.

ചോദ്യം: പ്രോജക്റ്റ് റിപ്പോർട്ട് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ ലഭിക്കുന്നില്ല. എന്തുചെയ്യും?

ഉത്തരം: (നിങ്ങളുടെ വായ്പയുടെ വിശദാംശങ്ങൾ തന്നാല്‍ അതു പരിഹരിക്കാം.)
ബാങ്കുകൾ കാര്‍ഷികവായ്പ നിരസിക്കുന്നത് ചിലപ്പോൾ മാനേജറുടെ അറിവില്ലായ്മ കൊണ്ടാകാം. അതു നമുക്ക് പരിഹരിക്കാവുന്നതാണ്.
അതേസമയം, പല വായ്പകളും നിരസിക്കാന്‍ കാരണം നല്ല പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇല്ലാത്തതാണ്. ഇത് ഏതെങ്കിലും ഒരു കണ്‍സള്‍ട്ടന്റ് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നിങ്ങള്‍ സ്വന്തമായി എഴുതിയാലും മതി. അതായിരിക്കും കൂടുതല്‍ വിശ്വാസയോഗ്യമായി ബാങ്കിന് തോന്നുക. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ ബാങ്ക് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതിന്റെ ഉത്തരം നല്‍കാന്‍ കഴിയുന്ന ആളുടെ വായ്പാപേക്ഷ നിരസിക്കുകയില്ല.
ബാങ്ക് വായ്പ നിരസിക്കുന്നതിന്റെ മുഖ്യമായ കാരണം നിങ്ങള്‍ക്ക്
തിരിച്ചടവ് നടക്കുമോ എന്നതുമാത്രമല്ല, വായ്പ തുക എങ്ങനെ നിങ്ങൾ ഉപയോഗിക്കും എന്നതും ബാങ്ക് നോക്കുന്ന ഘടകമാണ്. ഇതു ബോധ്യപ്പെടുത്താനാവാത്ത വായ്പാ അപേക്ഷകളാണ് തള്ളപ്പെടുന്നത്.

ചോദ്യം: കൃഷി ആരംഭിക്കാന്‍ ഏറ്റവും അഭിലഷണീയമായ രീതി എന്താണ്?

ഉത്തരം: ഏറ്റവും ഗുണകരമായ വഴി സമാനഹൃദയരായ കുറച്ചുപേര്‍ ഒരുമിച്ചുനിന്ന് കൃഷി ചെയ്യുന്നതാണ്.
ഒരു കൃഷിഭവന്‍ പരിധിയിലെ 5 മുതല്‍ 20 വരെ അംഗങ്ങൾ ചേര്‍ന്ന് കുടുംബശ്രീ മാതൃകയിലുള്ള കര്‍ഷകക്കൂട്ടായ്മകളെയാണ് സര്‍ക്കാര്‍ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്.
ഈ കൂട്ടായ്മകള്‍ക്ക് ഒരുമിച്ചുനിന്ന് ഫാര്‍മര്‍ പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കാനാവും. ഇതിലൂടെ മൂല്യവര്‍ദ്ധനവ് കൈവരിക്കാനും വരുമാനം പല മടങ്ങ് വലുതാക്കാനും സാധ്യമാകും.

ചോദ്യം: ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് വായ്പ ലഭിക്കുന്നില്ല. ഇതിനൊരു പരിപഹാരമുണ്ടോ?

ഉത്തരം : കേരളത്തിലെമ്പാടും 36000 ഏക്കറിലേറെ തരിശുഭൂമി ഉള്ളതായി സര്‍ക്കാര്‍ കണക്ക്കൂട്ടുന്നു. ഈ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുവാന്‍ കര്‍ഷകനു പ്രചോദനമാകുംവിധം ഇപ്പോള്‍ മാറ്റങ്ങൾ കൊണ്ടുവരികയാണ്. അതിന് കര്‍ഷകന്‍, ഭൂമിയുടമ, ജനപ്രതിനിധി എന്നിവര്‍ ഒപ്പ് വയ്ക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള നിയമതടസ്സങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഭൂമിയില്‍ ഒരു വര്‍ഷത്തിനകം വിളവെടുക്കുന്ന തരം കൃഷികളെയാകും പ്രോത്സാഹിപ്പിക്കുക. ഇതിനായി ആന്ധ്രാമാതൃകയില്‍ പതിനൊന്നുമാസക്കരാറിന് നിയമ പ്രാബല്യം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.നിലവിലുള്ള ഭൂവിനിയോഗനിയമം,എസ്റ്റേറ്റ് നിയമം എന്നിവയുമായി വൈരുദ്ധ്യം വരാതെ അവതരിപ്പിക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്. ഇത്തരം കരാറില്‍ പാട്ടഭൂമിയായിരിക്കില്ല, വിളയായിരിക്കും ജാമ്യമാകുന്നത്.അതിനാല്‍ വായ്പയടവില്‍ വീഴ്ചവന്നാല്‍ തന്നെ ഭൂമിയുടമയ്ക്ക് പ്രശ്നമുണ്ടാകുന്നതല്ല.

ചോദ്യം : കൃഷിക്ക് മാത്രമല്ലേ വായ്പയുള്ളൂ. കൃഷിക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ വായ്പ കിട്ടുമോ?

ഉത്തരം : ഇനി മുതല്‍ അതിനും കിട്ടും. ഇത്രനാള്‍ വിളകള്‍ക്കുമാത്രമേ വായ്പ ഉണ്ടായിരുന്നുള്ളൂ. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കൃഷിസംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വായ്പ ലഭിക്കും. നിലം ഒരുക്കുക. വേലി കെട്ടുക തുടങ്ങിവയൊക്കെ ഇതിന്റെ പരിധിയിൽ വരും.