Menu Close

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?
2009 മുതലാണ് A1 -A2 വിവാദം മുഖ്യധാരയിലെത്തുന്നത്. ന്യൂസിലാന്റിലെ കെയ്ത്ത് വുഡ്ഫോര്‍ഡിന്റെ “ഡെവിള്‍ ഇന്‍ ദി മില്‍ക്” (Devil in the Milk) എന്ന പുസ്തകമാണ് ഇതിനു കാരണം. A1 പാലിനെ ചെകുത്താന്‍ (ഡെവിള്‍) എന്നൊക്കെയാണ് കെയ്ത്ത് വിളിക്കുന്നത്. വായിക്കുന്നവരെ പാലിന്റെ തീവ്രവാദികളാക്കുന്നതരമുള്ള എഴുത്താണ് ഈ പുസ്തകത്തില്‍. ഒരു കാലത്ത് എല്ലാ പശുക്കളുടെയും പാൽ A2 ആയിരുന്നുവെന്നും യൂറോപ്യൻ പശുക്കൾക്ക് ജനിതകമാറ്റം വന്നതിനാൽ A1 പാലായി അത് പിന്നീട് മാറിപ്പോയതായും പുസ്തകം ആരോപിക്കുന്നു.
പുസ്തകത്തിന് പ്രചാരം കൂടിയതോടെ A2 പാലിന് ഡിമാന്റായി. A2 പാലിന്റെ കമ്പനികളില്‍ നല്ല കൊയ്ത്ത് തന്നെ നടത്തി. ന്യൂസിലൻഡിൽ ആരംഭിച്ച A1- A2 അടി ക്രമേണ മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അസോസിയേഷൻ ഈ വാദഗതികളെ മുന്‍നിര്‍ത്തി വിശദമായ പഠനം നടത്തി. പക്ഷേ, A1 മിൽക്ക് അസുഖങ്ങൾക്ക് കാരണമാകുന്നു എന്നു തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
ഇന്ത്യാകകാരനായ പ്രകൃതിചികിത്സകന്‍ ഡോ എൻ കെ ശർമയുടെ ‘Milk, a silent killer’ എന്ന പുസ്തകവും പാലിനെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന പുസ്തകമാണ്.

മനുഷ്യന്റെ ഏറെ പഴക്കംചെന്ന പാനീയങ്ങളില്‍ ഒന്നാണ് പാൽ. മികച്ച പോഷകാഹാരമായി പാലിനെക്കുറിച്ച് ചെറിയ ക്ലാസിലേ നമ്മള്‍ പഠിച്ചുവരുന്നു. ഒരു ദിവസം 250gm പാലെങ്കിലും ഒരാൾ കുടിക്കണമെന്ന് CMR (Indian Council of Medical Research) ശുപാർശ ചെയ്തിട്ടുണ്ട്. ശരാശരി 87 ശതമാനം വെള്ളവും ബാക്കി ലാക്ടോസും പ്രോട്ടീനും കൊഴുപ്പും ധാതു ലവണങ്ങളുമാണ് പാലിലുള്ളത്. 2.5% മുതൽ 13% വരെയുള്ള ഖരപദാർത്ഥങ്ങളിൽ 3.5% മാണ് പ്രോട്ടീൻ.
പ്രോട്ടീന്‍ ഘടകത്തില്‍ 80 ശതമാനം കേസിന്‍ ആണ്. 20 ശതമാനം വേ പ്രോട്ടീനും (Whey protein). പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസിനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസിനുകള്‍ പ്രധാനമായി A2 ബീറ്റാ കേസിന്‍, A1 ബീറ്റാ കേസിന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. അമിനോ ആസിഡ് ചങ്ങലയിലെ 207 അമിനോ ആസിഡ് കണ്ണികളുള്ളതിൽ, 67 മത്തെ സ്ഥാനത്ത് A2 മിൽക്കിൽ പ്രോലിനും A1 മിൽക്കിൽ ഹിസ്റ്റിഡിനുമാണ് കാണപ്പെടുന്നത്. ഇതാണ് ഈ രണ്ടുതരം പാലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.

A1 ബീറ്റ കേസിൻ ഉള്ള പാൽ കുടിച്ചാൽ, ചെറുകുടലിൽ ദഹന സമയത്ത് ഒരു പെപ്റ്റഡ് ഉണ്ടാകുന്നു. ബീറ്റ കാസൊമോർഫിൻ-7 (BCM-7) എന്നാണ് ഇതിന്റെ പേര്. BCM-7, ശരീരത്തിന്റെ പ്രതിരോധശേഷിക്കെതിരെ പ്രവർത്തിച്ച് ടൈപ്പ്-1 പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയ്ക്കു കാരണമായേക്കാം എന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാൽ, ഈ വാദത്തിന് വിശ്വാസയോഗ്യമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
എന്നാൽ, എല്ലാ യൂറോപ്യന്‍ പശുക്കളുടെ പാലും A1 വിഭാഗത്തിൽ പെടുന്നില്ല. ലോകത്താകമാനമുള്ള കന്നുകാലികളെ ചൂടുള്ള കാലാവസ്ഥയോട് ഇണങ്ങി വളരുന്ന bos indicus (Zebu), തണുപ്പുള്ള കാലാവസ്ഥയോട് ഇണങ്ങി വളരുന്ന bos taurus എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഇതിലൊന്നും ഉൾപെടാത്ത ഇനങ്ങളുമുണ്ട്. ഇതിൽ ആദ്യ വിഭാഗത്തിലാണ് ഇന്ത്യയിലെ കന്നുകാലികൾ പെടുന്നത്. നമ്മുടെ നാടന്‍ പശുക്കളിൽ സഹിവാൾ, റെഡ് സിന്ധി, ഗിർ, കങ്കായം, അമൃത് മഹാൽ, ഹള്ളികർ, ഓങ്കോൾ, തർപാർകർ, കങ്കരാജ്, കൃഷ്ണവല്ലി, വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയവയാണ് പ്രമുഖർ.

രണ്ടാം വിഭാഗത്തില്‍ ജേഴ്സി, ഹോൾസ്റ്റിൻ ഫ്രീഷ്യൻ, ബ്രൗൺ സ്വിസ്, ബ്രിട്ടീഷ് വൈറ്റ്, ബർലിന, അയർഷെയർ തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ത്യ പാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന എരുമപ്പാലിന്റെ അളവുകൂടി പരിഗണിച്ചാണ്. എരുമ പാലിനെ A2 ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാടൻ ഗുണങ്ങളുള്ള പശുക്കളും എരുമകളും തന്നെയാണ് എണ്ണത്തിൽ കൂടുതൽ. A2 മിൽക്കിന്റെ വിപണി A1 നെ അപേക്ഷിച്ച് വലുതാണ്. ഇന്ത്യയിൽ അമൂൽ A2 മിൽക്ക് വിപണിയിലിറക്കുന്നുണ്ട്. കൂടാതെ ഓൺലൈൻ വിപണിയിലും ഇതു ധാരാളം ലഭിക്കുന്നുണ്ട്.

നാടൻ പശുവിന്റെ പാൽ A2 മിൽക്ക് എന്ന ഗണത്തിൽ വരുന്നു എന്ന പ്രചാരണമാണ് ഇത്തരം പശുക്കളോട് നമുക്ക് സ്നേഹം കൂടാനുള്ള ഒരു കാരണം. നാടൻ പശു ആയാലും വിദേശികളായ ജേഴ്സി, HF എന്നിവ ആയാലും പാൽ പരിശോധനയിലൂടെ മാത്രമേ A1, A2 മിൽക്ക് കൃത്യമായി വേർതിരിച്ചറിയാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലാബിൽ A1, A2 മിൽക്ക് പരിശോധിച്ചറിയുവാനുള്ള സൗകര്യമുണ്ട്.

നാടന്‍പശുവിന്റെ പാലിന് ഗുണം കൂടുതല്‍ എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. കാരണം, പശു ഏതാണ് എന്നതിനേക്കാള്‍ ഇപ്പോള്‍ വളര്‍ത്തുന്നത് എങ്ങനെ എന്നതാണ് പ്രധാനം.
പശു നാടനായാലും സങ്കരയിനമായാലും അവയെ മുഴുവൻ സമയവും തൊഴുത്തിൽ തന്നെ കെട്ടിയിട്ട് വളര്‍ത്തുന്നത് ആശാസ്യമല്ല. പുല്ലു തിന്ന് മേഞ്ഞു നടന്നു വളരുന്ന കാലികൾക്കാണ് (Grass fed Cattle) ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. “Grass fed” പാൽ, ബട്ടർ, യോഗർട്ട്, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വമ്പിച്ച നിരതന്നെ വിപണിയിൽ കാണാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളായ വിദേശികൾക്ക് “Stress-free, Grass fed” കന്നുകാലികളും അവയുടെ ഉൽപ്പന്നങ്ങളുമാണ് പ്രിയങ്കരം.

നാച്ചുറല്‍ ഫാമിങ്ങിന് ഇപ്പോള്‍ നമ്മുടെ നാട്ടിലും ഡിമാന്റായിരിക്കുന്നു. കെട്ടിയിടാതെ വളര്‍ത്തുന്ന പശുക്കള്‍ക്കും പുല്ല് തിന്നുന്ന പശുക്കള്‍ക്കും നമ്മളും വില കൊടുത്തുതുടങ്ങി. അതായാത് പാലിലെ A1, A2 വ്യത്യാസത്തേക്കാള്‍ ഗുണം നിശ്ചയിക്കാന്‍ അവ വളരുന്ന രീതിക്കുകഴിയും.
ഇന്ത്യൻ പശ്ചാത്തലത്തിൽ National Bureau of Animal Genetic Resources (NBAGR), National Dairy Research Institute (NDRI), Indian Veterinary Research Institute (IVRI) തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ കൂടുതൽ ആധികാരികമായ പഠനഫലങ്ങൾ ഇനിയും വന്നിട്ടില്ല.അതിനാൽ കൂടുതൽ ഗവേഷണഫലങ്ങൾക്കായി കാത്തിരിക്കാം. അതിനാല്‍ A1, A2 വിവാദത്തില്‍ ഇപ്പോള്‍ ഒരു അന്തിമവിധി പറയുക വയ്യ.
അതസമയം, പശുവിനെ വളര്‍ത്തുന്ന രീതിയും അതിനുകൊടുക്കുന്ന തീറ്റയും എല്ലാം A1, A2 ഘടകങ്ങള്‍ പോലെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് A1 പാല്‍ എന്നതുകൊണ്ടുമാത്രം പാലിനെ തള്ളിക്കളയാനാവില്ല. അതുപോലെ, A2 പാല്‍ എന്ന ലേബല്‍ കണ്ടുമാത്രം അധികതുക കൊടുത്ത് പാല്‍ വാങ്ങാന്‍ പുറപ്പെടുന്നവര്‍ രണ്ടുവട്ടം ചിന്തിക്കേണ്ടതുമുണ്ട്.