കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനുകാരണം ഒരിനം കുമിളാണ്. ഇലകളിൽ നനവുള്ള പാടുകളായാണ് രോഗം ആദ്യം കാണുന്നത്. പിന്നീടവിടം ഇരുണ്ട തവിട്ടുനിറത്തിലാകും. ക്രമേണ ഈ പാടുകള്‍ വലുതായിവന്ന് ഇലകള്‍ ഉണങ്ങുന്നു. തണ്ടിലും ഇങ്ങനെ സംഭവിക്കാവുന്നതാണ്.
രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന നടത്തി ശരിയായ അളവില്‍ പോഷകങ്ങളും സൂക്ഷ്മമൂലകങ്ങളും ഉണ്ടെന്നുറപ്പാക്കുക. മണ്ണിന്റെ അമ്ലത ലഘൂകരിക്കുന്നതിന് കൊടിയൊന്നിന് 500 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ഇട്ടു കൊടുക്കാം. ഈര്പ്പസംരക്ഷണത്തിനും മിത്രജീവാണുക്കളുടെ വംശവര്‍ധനവിനും വേനല്‍കാലത്തു പുതയിടുന്നതു നല്ലതാണ്.
രോഗപ്രതിരോധത്തിനായി സമ്പുഷ്ടീകരിച്ച ട്രൈക്കോഡെര്‍മ (കൊടിയൊന്നിന് 5 കിലോഗ്രാം), സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), വളര്‍ച്ചയ്ക്കു സഹായിക്കുന്ന വാം അഥവാ മൈക്കോറൈസ (കൊടി ഒന്നിന് 50 ഗ്രാം) എന്നിവ നല്‍കുക. രോഗബാധയേറ്റ തോട്ടത്തില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കുക. രോഗം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ രാസകുമിള്‍നാശിനി മാര്ഗങ്ങള്തേടുന്നതാണ് ഉചിതം.