സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA). അപ്പേഡാ അംഗീകരിച്ചിട്ടുള്ള NPOP സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള തേര്‍ഡ് പാര്‍ട്ടി സര്ട്ടിഫിക്കേഷന് പദ്ധതിയ്ക്കാണ് കൃഷിവകുപ്പ് ആരംഭം കുറിച്ചിരിക്കുന്നത്. ഈ ത്രിവത്സര പദ്ധതി പ്രകാരം നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങള്‍ക്കുള്ള ഫീസും, കര്‍ഷകന്റെ കൃഷിയിടം ജൈവവല്‍ക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് വഹിക്കുന്നതാണ്. ഇതിന് ആവശ്യമായ അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം കര്‍ഷകര്‍ക്കും ഉപയോഗപ്രദമായ ഈ പദ്ധതി സാക്ഷ്യപ്പെടുത്തിയ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധികമൂല്യം ലഭിക്കുന്നതിന് സഹായകരമാണ്. ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച കയറ്റുമതി സാധ്യതകള്‍ തുറന്നു കൊടുക്കുന്ന ഈ പദ്ധതിയില്‍ കൃഷിഭവന് മുഖാന്തിരം കര്‍ഷകര്‍ക്ക് അംഗങ്ങളാകാവുന്നതാണെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.