ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കുന്നത് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ. 8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവുനായ്ക്കളെയും കുത്തിവെയ്പിനു വിധേയമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
കാവ, മിഷൻ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ചന്ത, ആശുപത്രികൾ ബസ്സ്റ്റാൻ്റ്, സ്കൂൾപരിസരങ്ങൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കളെയാണ് ആദ്യഘട്ടത്തിൽ വാക്സിനേഷനു വിധേയമാക്കുക.
സംസ്ഥാന വ്യാപകമായി വിപുലമായ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ മൃഗാശുപത്രികളിലും ആവശ്യമായ പ്രതിരോധവാക്സിനുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വാക്സിനേഷൻ സ്ക്വാഡുകൾ എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽനിന്ന് അവര്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പും ലഭ്യമാക്കിയിട്ടുണ്ട്.
വളർത്തുനായ്ക്കൾക്ക് പ്രതിരോധകുത്തിവയ്പിനുശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൃഗാശുപത്രികളിൽനിന്നു നൽകുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ നായ ഉടമസ്ഥർക്ക് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതാണ്.
തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നൽകുന്നതിനായി ആവശ്യമായ ഡോഗ് ക്യാച്ചർമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും മൃഗക്ഷേമ സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് യജ്ഞം നടപ്പിലാക്കുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.