ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീലംപേരൂർ പഞ്ചായത്തിലെ കൈനടിക്കടവിൽ 40,000 കാർപ്പിനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പ്രിയ ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാപഞ്ചായത്തിൻറെ 2023-24 വർഷത്തെ വാർഷികപദ്ധതിയിൽ 10 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
കൈനടിക്കടവിൽ നടന്ന ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യാമണി ജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹദേവൻ, പഞ്ചായത്തംഗം കെ.ആർ. രാജപ്പൻ, നീലംപേരൂർ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.ടി. ചന്ദ്രൻ, മത്സ്യത്തൊഴിലാളി നേതാക്കൾ, മത്സ്യക്കർഷകർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.