Menu Close

കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 54 വയസ്സ്. ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം

കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 -ാമത് സ്ഥാപിത ദിനാഘോഷം 2025 ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് തൃശൂര്‍, വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച നടക്കുന്നു. ആഘോഷത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ വൈസ്ചാന്‍സിലര്‍ ഡോ. ബി. അശോക്‌ ഐഎഎസ് അദ്ധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിൽ അന്താരാഷ്ട്ര നെല്ല് ഗവേഷ കേന്ദ്രം ദക്ഷിണേഷ്യ ബ്രീഡിങ് ലീഡ് ഡോ.വികാസ് കുമാർ സിങ്മുഖ്യാതിഥിയായി പങ്കെടുക്കും.

നെല്ല്, തെങ്ങ്, പയർ, പാവൽ, തീറ്റപുല്ല് തുടങ്ങിയ വിളകളില്‍ കാർഷികസർവ്വകലാശാല പുതുതായി വികസിപ്പിച്ച 15 ഇനങ്ങൾ ചടങ്ങിൽ പുറത്തിറക്കും. സർവ്വകലാശാല വികസിപ്പിച്ച വിവിധ മൂല്യവർദ്ധിതോൽപ്പന്നങ്ങളും കാർഷികാധ്വാനം ലഘൂകരിക്കുന്ന 16 സാങ്കേതിക വിദ്യകളും കർഷകർക്കായി ചടങ്ങിൽ അവതരിപ്പിക്കും. കാർഷിക സർവകലാശാല ഗ്രീൻ ക്യാംപസായി മാറുന്നതിന്റെ ഭാഗമായി സർവകലാശാലയുടെ തവനൂർ, വെള്ളായണി, പടന്നക്കാട്, വെള്ളാനിക്കര ക്യാമ്പസുകളിലായി നിർമ്മിച്ച 500 കിലോ വാട്ടിന്റെ സോളാർ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവ്വഹിക്കും

കാർഷിക സർവകലാശാലയുടെ വിവിധ പ്രവർത്തനമേഖലകളുടെ സമഗ്രമായ ഡിജിറ്റൈസഡ് ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സോഫ്റ്റ്‌വെയർ ഏർപ്പെടുത്തുന്നതിനും ചടങ്ങിൽ തുടക്കമാവും. സർവകലാശാലയുടെ വിവരസമ്പത്ത് സുരക്ഷിതമായി സംരക്ഷിക്കുന്നതിനും കാര്യക്ഷമമായ വിവരശേഖരണത്തിനും സഹായിക്കുന്ന ഈ സോഫ്റ്റ്‌വെയർ വിവിധ വിഭാഗങ്ങളിലെ വിപണന വിതരണ ധനകാര്യ മാനവ ശേഷി അടക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കുകയും വിവരങ്ങൾ കൈമാറുന്നതും പ്ലാനിങ്ങും എളുപ്പമാക്കുകയും ചെയ്യും. വിപണി സാധ്യതകൾ കണ്ടെത്തുവാൻ കർഷകരെ സഹായിക്കുന്നതിനും കൃഷിയെയും മൂല്യവർധിത ഉൽപന്ന വിതരണ സാധ്യതകളെയും വിപുലീകരിക്കുവാനും പ്രയോജനപ്പെടുന്നതാണ് ഈ സോഫ്റ്റ്‌വെയർ. കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ നാഷണൽ കോർപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് 160 ലക്ഷം രൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.

സർവ്വകലാശാല ഇൻഹൗസ് ആയി വികസിപ്പിച്ച അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ലക്ഷ്യമിടുന്ന വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് പോർട്ടലും സർവ്വകലാശാലയുടെ റാങ്കിങ് ഉയർത്തുന്നതിനും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് പോർട്ടലും ചടങ്ങിൽ പ്രകാശനം ചെയ്യും. ഇത്തരത്തിലുള്ള പോർട്ടലുകൾ സ്വന്തമായി നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണ് കാർഷിക സർവകലാശാല.

സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമായ വാട്ട്സ് ആപ്പ്- വെബ്സൈറ്റ് ചാറ്റ് ബോട്ട് ചടങ്ങിൽ അവതരിപ്പിക്കും. കർഷകർക്കും സർവകലാശാലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം. ചാറ്റിങ്,ഫയൽ ഷെയറിങ് തുടങ്ങിയവ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ ചാറ്റ് ബോട്ട് സർവകലാശാല നടത്തുന്ന സുപ്രധാന ചുവടുവെപ്പാണ്. 100 വിളകളിലെ കൃഷി മുറകളെ ഇംഗ്ലീഷിലും മലയാളത്തിലും പരിചയപ്പെടുത്തുന്ന സർവ്വകലാശാലയുടെ ഫാം എക്സ്റ്റൻഷൻ മാനേജർ ആപ്പിന്റെ പരിഷ്കരിച്ച് പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്യും.

സർവകലാശാലയുടെ അക്കാദമിക് നിയമങ്ങളെല്ലാം ഉൾപ്പെടുത്തി പരിഷ്കരിച്ച അക്കാദമിക് ഹാൻഡ്ബുക്കും കർഷകർക്കായി പ്രസിദ്ധീകരിക്കുന്ന നിരവധി കൈ പുസ്തകങ്ങളും പ്ലാൻ സയൻസ് ടുഡേ ജേണലിന്റെ സ്പെഷ്യൽ ഇഷ്യൂവും കേരളത്തിലെ കളകളുടെ അറ്റ്ലസും ചടങ്ങിൽ പ്രകാശനം ചെയ്യും.

അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള നടപ്പിലാക്കുന്ന കേര പദ്ധതിയുടെ കീഴിൽ നടത്തുന്ന നെൽപ്പാടങ്ങളിൽ നിന്നുള്ള ഹരിതഗ്രഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനായുള്ള പരീക്ഷണങ്ങളുടെ തുടക്കവും വെള്ളാനിക്കര കാർഷിക കോളേജിലെ പുതിയ ബി.എസ്.സി ഹോർട്ടികൾച്ചർ കോഴ്സിന്‍റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. സർവ്വകലാശാല പുറത്തിറക്കുന്ന ഔഷധസസ്യങ്ങളിൽ നിന്നും നിർമ്മിച്ച ഹെർബൽ സോപ്പും ഹാൻഡ് വാഷും ചടങ്ങിൽ പുറത്തിറക്കും. നെൽകൃഷിയിലെ തണ്ടുതുരപ്പനെയും ഓലചുരിട്ടി പുഴുവിനെയും ജൈവ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള ട്രൈക്കോഗ്രാമ പരാധങ്ങളുടെ ലഭ്യത കേരളത്തിലെമ്പാടും ഉറപ്പുവരുത്തുവാൻ സഹായിക്കുന്ന പദ്ധതിക്കും തുടക്കമിടും.