കർഷകരുടെ വരുമാനവും കാർഷികോത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കാർഷികോത്പന്നങ്ങൾ മൂല്യവർധിതോൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായവകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്ന ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുള്ള മൂല്യവർധിതോത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെയും അതിനു വിപണി ഉറപ്പാക്കുന്നതിലൂടെയും കാർഷികമേഖലയെ ശക്തിപ്പെടുത്താൻ ‘മൂല്യവർധിത കൃഷിമിഷന്‍’ സർക്കാർ ആരംഭിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ മാത്രമേ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കു. കഴിഞ്ഞ സാമ്പത്തിക വർഷം കുന്നുകര, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ നീരൊഴുക്കുകൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ നടപ്പിലാക്കി. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി മണ്ഡലത്തിൽ ആകെ 159 സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നാലായിരത്തോളം കർഷകർ ഇതിന്റെ ഭാഗമായിട്ടുണ്ട്. കൃഷിക്കായി ചെറിയ പലിശയിൽ വായ്പയും വിപണിയും ഈ സംഘങ്ങൾ വഴി ഉറപ്പാക്കുന്നു. എല്ലാ സംഘങ്ങൾക്കും മൂല്യവർധിതോൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപയുടെ വായ്പാപദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’യുടെ ഭാഗമായി നടക്കുന്ന കാർഷികമേളയിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. നെൽക്കർഷകർക്ക് കിട്ടാനുള്ള തുക കിട്ടുന്നതിനും അടുത്ത വർഷം മുതൽ കൃത്യസമയത്ത് തുക ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുതിർന്ന കർഷകനെയും വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെയും ആദരിച്ചു.