കൃഷിവകുപ്പ് ഫാമിനെ കാര്ബണ്തുലിതമാക്കുന്നതിനും ചെറുധാന്യങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐ ഐ എം ആറു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ച്) മായി ധാരണാപത്രം ഒപ്പുവച്ചു. കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമിനെ കാര്‍ബണ്‍തുലിത കൃഷിഫാമായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ഒരു ഫാമിലെ കാര്ബണ്വാര്ച്ച വിവിധ മാര്‍ഗങ്ങളിലൂടെ നിശ്ചിതഅളവിലേക്കു കുറക്കുക എന്നതാണ് കാര്ബണ്തുലിതം എന്ന ആശയം. ഇത്തരത്തില്‍ കാര്ബണ്തുലിതമായ ഇന്ത്യയിലെ ആദ്യഫാമായി ആലുവ വിത്തുല്പാദന കേന്ദ്രത്തെ നേരത്തേ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ 13 ഫാമുകളെ കൂടി കാര്ബണ്തുലിതമാക്കുവാന് തീരുമാനമെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുന്നതിന്റെ ഭാഗമായാണ് ദ്വിദിനശില്പശാല ആലുവയില്‍ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കൃഷിവകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ചുമായി ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണപത്രം കൃഷി വകുപ്പ് ഡയറക്ടര്‍ കെ എസ് അഞ്ജു ഐഎഎസും ഐഐഎംആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി ദയാകര്‍ റാവുവും ചേര്‍ന്ന് ഒപ്പുവച്ചു. കേരളജനതയുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കി കാര്‍ഷികമേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന് രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. പോഷകസമൃദ്ധമായ സുരക്ഷിതഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദനമേഖല മുതല്‍ വിപണനമേഖല വരെ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതും പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമാണ്.