Menu Close

കര്‍ഷകര്‍ക്ക് ഏറ്റെടുക്കാന്‍ ഒരു വെല്ലുവിളി: ‘മാങ്ങാച്ചലഞ്ച്’

മാവ് നടുന്നുണ്ട്, പക്ഷേ, മാങ്ങയില്ല. ഇതാണ് നമ്മുടെ കർഷകര്‍ക്കിടയില്‍നിന്ന് വര്‍ഷങ്ങളായിക്കേള്‍ക്കുന്ന വിലാപം. എന്തുകൊണ്ടാണ് നമ്മുടെ മാവുകളില്‍ നിന്ന് തൃപ്തികരമായി വിളവുകിട്ടാത്തത്? അതിനു പല കാരണങ്ങളുണ്ട്. അക്കമിട്ടു പറയാം.

  1. നല്ല തുറസ്സായതും എട്ടുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതുമായ ഇടങ്ങളിലാണ് മാവ് നടേണ്ടത്. നമുക്ക് അതൊരു വിഷയമല്ല. ഏതു തണലിലും നടും. ഫലം, പ്രായത്തിനനുസരിച്ചുള്ള വളർച്ചയുണ്ടാകില്ല.
  2. ഒരോമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ അഴുകിപ്പൊടിഞ്ഞ ചാണകം, ചാരം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ സമൃദ്ധമായി മണ്ണുമായിക്കകലര്‍ത്തിയശേഷം കുഴിമൂടി നടണം എന്നാണ് ശാസ്ത്രം. പക്ഷെ നമ്മൾ ഇങ്ങനെ ഒന്നും ചെയ്യാതെ തൈകൾ നടും. ഫലമോ, മാവിന്റെ വളര്‍ച്ച മന്ദഗതിയിലാകും.3. ഫാന്‍സിയിനങ്ങളോടാണ് നമുക്ക് താല്പര്യം. അവ പലപ്പോഴും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങളായിരിക്കില്ല. ഒരുപാടു സ്ഥലമുണ്ടെങ്കിലാകാം. അതേസമയം, ഒന്നോ രണ്ടോ മാവ് നടാനുള്ള സ്ഥലമേ ഉള്ളൂവെങ്കില്‍ ദയവായി ജഹാംഗീർ, ബ്ലാക്ക് ആൻഡ് റോസ്, ഗുദാദത്ത് എന്നിവയുടെ പിന്നാലെ പായരുത്. നമ്മുടെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന ഇനങ്ങള്‍ തിരഞ്ഞെടുത്തു നടണം. ഉദാഹരണത്തിന് മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, കൊളംബി, കൊട്ടൂർക്കോണം, സിന്ദൂരം, ചന്ത്രക്കാറൻ, കലപ്പാടി, നീലം, വെള്ളരി തുടങ്ങിയവ തെക്കൻ കേരളത്തിന് മിക്കവാറും യോജിച്ച ഇനങ്ങളാണ്.
  3. മാവിനെ അതിന്റെ പാട്ടിനു വിടരുതെന്ന കാര്യം നമുക്കറിയില്ല. വലിയ ഉയരത്തിൽ വളര്‍ന്നുപോകാതെ, വശങ്ങളിലേക്ക് ശിഖരങ്ങൾ വളർന്ന്, കയ്യെത്തുന്ന ഉയരത്തിൽ മാങ്ങാ പറിക്കത്തക്ക രീതിയിൽ പ്രൂൺ ചെയ്തു നിർത്താൻ നമ്മള്‍ പഠിക്കണം.
  4. മാവിന് വളം ഇട്ടുകൊടുക്കേണ്ട കാര്യമുണ്ടോ? ‘വാ കീറിയ ദൈവം വളവും വായില്‍വച്ചുകൊടുക്കും’ എന്നതാണ് നമ്മുടെ മനോഭാവം. നമ്മള്‍ നട്ട മാവിന് വളം കൊടുക്കേണ്ട കാര്യം ദൈവത്തിനില്ല. നമ്മള്‍തന്നെ കൃത്യമായി വളപ്രയോഗം നടത്തണം. മിക്കപ്പോഴും ഇതു നടക്കാറില്ല. അതുകൊണ്ട് വിളവുമില്ല. ഈ സ്ഥിതി മാറണ്ടേ? മാവ് നമുക്ക് ആദായം തരണ്ടേ? വേണമെങ്കില്‍ മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യണം. ഉള്ള മാവില്‍നിന്ന് പരമാവധി ആദായം വേണമെന്നുണ്ടെങ്കില്‍ മാവൊരുക്കണം. മാവിനു വളമിടണം. എങ്ങനെയാണ് മാവിന്റെ വളപ്രയോഗം? ഇലച്ചാർത്ത് (canopy ) എത്ര വിസ്താരത്തിലുണ്ടോ അത്രയുമാണ് മരത്തിന്റെ വേരുവിന്യാസം എന്നുപറയാം. ആ വ്യാസാർദ്ധത്തിൽ തടമെടുക്കണം. തെങ്ങിന് തടം തുറക്കുന്നതുപോലെ തടിയിൽനിന്ന് ഏതാണ്ട് 2-3 അടി അകലത്തിലും അരയടി ആഴത്തിലുമാണ് സാധാരണയായി ഇതു ചെയ്യേണ്ടത്. ചെറിയ മാവ് ആണെങ്കിൽ ഈ അളവ് ആനുപാതികമായി മാറ്റാം. ഏപ്രിൽ -മെയ് മാസത്തിലോ വിളവെടുപ്പ് കഴിഞ്ഞ ഉടനെയോ ഇങ്ങനെ ചെയ്യാവുന്നതാണ്. ഒരുകിലോ കുമ്മായം തടത്തിൽവിതറി മണ്ണിന്റെ പുളിപ്പ് ക്രമപ്പെടുത്താം. മാങ്ങ പൊട്ടിക്കീറുന്നതിന് ഒരു പരിധി വരെ കുമ്മായത്തിലുള്ള കാൽസ്യം പരിഹാരമാവും. അതുകഴിഞ്ഞ് പതിനഞ്ചുദിവസമാവുമ്പോള്‍ ജൈവ -രാസ -സൂക്ഷ്മ മൂലക വള മിശ്രിതം കൊടുക്കാം. അതിന്റെ ഫോർമുല ഇങ്ങനെയാണ്: ജൈവവളം – മരത്തിന്റെ പ്രായം x 5 കിലോ (5കൊല്ലം പ്രായമുള്ള മരത്തിനു 25 കിലോ).
    യൂറിയ – മരത്തിന്റെ പ്രായം x 45ഗ്രാം (5കൊല്ലം പ്രായമുണ്ടെങ്കിൽ 220ഗ്രാം).
    മസൂറിഫോസ് – മരത്തിന്റെ പ്രായം x 100ഗ്രാം (5കൊല്ലം പ്രായമെങ്കില്‍ 500ഗ്രാം).
    പൊട്ടാഷ് – മരത്തിന്റെ പ്രായം x 50ഗ്രാം (5കൊല്ലം പ്രായത്തിനു 250ഗ്രാം).
    പുറമേ എല്ലാക്കൊല്ലവും രണ്ടാംവളത്തോടൊപ്പം 50-100 ഗ്രാം മൈക്രോ ഫുഡ് (Micro nutrient mixture ) കൂടിക്കൊടുക്കാം.
    ഏപ്രിൽ -മെയ് മാസത്തിൽ ഒന്നാം വളം. മുഴുവൻ ജൈവവളവും പകുതി യൂറിയ, മുഴുവൻ മസ്സൂറി ഫോസ്, പകുതി പൊട്ടാഷ്.
    സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ ശേഷിച്ച യൂറിയയും പൊട്ടാഷും.
    പൂക്കാൻ തുടങ്ങുന്നതിനുമുൻപ് പൊട്ടാസ്യം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളം എന്നയളവിൽ കലക്കി ഇലകളിൽത്തളിക്കാം. മാങ്ങ വിണ്ടുകീറുന്നുവെങ്കിൽ കാൽസ്യം നൈട്രേറ്റ് 10 ഗ്രാം, ബോറാക്സ് 2ഗ്രാം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ വേറെവേറെയായി ലയിപ്പിച്ച്, ഇലകളിൽത്തളിക്കാം. വേണമെങ്കിൽ 20ഗ്രാം Borax മണ്ണിൽ ചേർത്ത് കൊടുക്കുകയുമാകാം.
    അപ്പോൾ, ഇതാണ് “മാങ്ങാച്ചലഞ്ച്”. അടുത്തതവണ സ്വന്തം മാവില്‍നിന്ന് കൈനിറയെ വിളവെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? ഈ വെല്ലുവിളി സ്വീകരിക്കാമോ? നിങ്ങള്‍ ചെയ്താല്‍ ഇതെഴുതുന്ന സാധുവിന് ഒരു ഗുണവുമില്ല. ഉള്ളത് നിങ്ങള്‍ക്കാണ്. കുടുംബത്തിനു മുഴുവന്‍ കഴിക്കാന്‍ മാങ്ങ, വിറ്റുപണമാക്കാന്‍ മാങ്ങ. മാങ്ങ നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യമാകും. തയ്യാറാണോ? “സാധിക്കും സാധിക്കും എനിക്കും സാധിക്കും” എന്ന് മനസ്സിനെപ്പറഞ്ഞു പഠിപ്പിക്കൂ. വെറും കര്‍ഷകന്‍ എന്ന നിലയില്‍നിന്നുമാറി വിജയിയായ കര്‍ഷകനാകൂ. എല്ലാ മംഗളങ്ങളും.