Menu Close

വേനൽച്ചൂടിൽ മൃഗസംരക്ഷണം

വളർത്തു മൃഗങ്ങൾക്കു അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയിൽ ലഭ്യമായിരിക്കണം. കൊടിയ വേനലില്‍  ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക;  മൃഗങ്ങളെ മേയാൻ വിടുന്നത് വെയിലില്ലാത്ത സമയത്ത് മാത്രമായി നിയന്ത്രിക്കുകയോ, തണലത്തു മാത്രം കെട്ടുകയോ ചെയ്യണം. പകല്‍ 11 മണി മുതൽ വൈകിട്ട് മൂന്ന്‌ മണി വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിൽ കൊണ്ടുപോകുന്നതും ഒഴിവാക്കണം.

അണപ്പ്, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയര്‍ന്ന ശരീര ഊഷ്മാവ്, വായില്‍ നിന്നും പത വരുക, ഉയർത്തിയ വാൽക്കട, വീണു പോവുക എന്നിവ ചൂട് ആഘാതത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ചൂട് കൂടുമ്പോള്‍ മേൽ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വിദഗ്ദ്ധ ചികിത്സ നല്‍കണം. ശരീര ഊഷ്മാവ് കൂടുമ്പോൾ പശുക്കൾ തീറ്റ എടുക്കുന്നതു കുറയുന്നു. ഇത് പാലുല്‍പാദനം ഗണ്യമായി കുറയാന്‍ കാരണമാകും. വേനല്‍ക്കാലത്ത് തൊഴുത്തിന്റെ മൂന്ന് ഭാഗമെങ്കിലും തുറന്നുകിടക്കണം. തൊഴുത്തിന്റെ ഉയരം പത്ത് അടിയില്‍ കുറയരുത്. മേല്‍ക്കൂരയ്ക്ക് മുകളിൽ വൈക്കോൽ നിരത്തുകയോ ചൂടിനെ തടയുന്ന പെയിന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യണം.

മൈക്രോസ്പ്രിംഗ്ലര്‍ വഴിയുള്ള തണുപ്പിക്കൽ സംവിധാനം പ്രയോജനപ്രദമാണ്.   സീറോ എനര്‍ജി തണുപ്പിക്കൽ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാന്‍ സാധിക്കും. കൊമേഴ്‌സ്യൽ ഫാമുകളിൽ ഡ്രൈ ബള്‍ബ് – വെറ്റ് ബള്‍ബ് തെര്‍മോമീറ്റർ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ചൂടാഘാതം നിയന്ത്രിക്കാവുന്നതാണ്. കാറ്റുള്ള സ്ഥലങ്ങളില്‍ നനച്ച ചാക്ക്  വശങ്ങളിൽ തൂക്കിയിട്ടാൽ ചൂട് കുറക്കാന്‍ സാധിക്കും. സെല്‍ഫ് പ്രൊപ്പേല്ലിംഗ് റൂഫ് ടോപ്പ്  ടര്‍ബൈനുകൾ മേല്‍ക്കൂരയിൽ സ്ഥാപിക്കുന്നതും ഉപകാരപ്രദമാണ്.  ശരീര ഊഷ്മാവ് വല്ലാതെ കൂടുമ്പോൾ പശുക്കള്‍ക്ക് നിര്‍ജ്ജലീകരണവും, ശരീരം തളര്‍ന്ന് കിടന്നുപോവുകയും ഉടനടി ചികിത്സ നല്‍കിയില്ലെങ്കിൽ മരണം സംഭവിക്കുകയും ചെയ്യും. പച്ചപ്പുല്ലു പൊതുവെ കുറവായ വേനൽക്കാലത്ത് വൈക്കോല്‍ കുതിര്‍ത്തി കൊടുക്കുക. ലഭ്യമായിട്ടുള്ള പച്ചപ്പുല്‍ വൈക്കോലുമായി കൂട്ടികലര്‍ത്തി കൊടുക്കുക. വളര്‍ത്തു പക്ഷികള്‍ക്കും അവയുടെ കൂടുകളുടെ മുകളില്‍ തണല്‍, വൈക്കോല്‍/ ഷെയ്ഡ് നെറ്റ്  ഉപയോഗിച്ചുള്ള സംരക്ഷണം, കുടിക്കാന്‍ യഥേഷ്ടം വെള്ളം, ചെറിയ കൂടുകള്‍ തണലത്തേയ്ക്ക് മാറ്റിവെയ്ക്കല്‍ എന്നിവ പ്രധാനപ്പെട്ട ചൂടാഘാതനിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്.

അരുമ മൃഗങ്ങളായ നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലില്‍ നിന്നും മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അരുമ മൃഗങ്ങള്‍ക്ക് പുളി ഇല്ലാത്ത ഒ.ആര്‍.എസ് ലായിനികളും പൂച്ചകള്‍ക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡും വേനല്‍ക്കാല പരിചരണത്തിന്റെ ഭാഗമായി നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. മരണം ഉണ്ടായാൽ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ അറിയിക്കണം.