വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈ നടാന്‍ പറ്റിയ സമയമാണ്. തവാരണകളിൽ തയ്യാറാക്കിയ തൈകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 9 മുതൽ 12 മാസംവരെ പ്രായമായ നല്ല ആരോഗ്യമുള്ളതും രോഗബാധ ഇല്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒന്‍പത് മാസം പ്രായമായ തെങ്ങിന് തൈകളിൽ ചുരുങ്ങിയത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം. നേരത്തെ മുളച്ചതും നേരത്തെ ഓലക്കാൽ വിരിഞ്ഞതുമായ തൈകൾ വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ വേണം എടുക്കാന്‍. മൂന്നിലൊന്ന് ആഴത്തിൽ വളക്കൂറുള്ള മേല്മണ്ണ്കൊണ്ട് കൂന കൂട്ടിയതിന് ശേഷം കൂനയുടെ നടുവിൽ കുഴിയെടുത്ത് തൈകൾ നടാം. നടുമ്പോള്‍ തൊണ്ടു മാത്രം മണ്ണിനടിയില്‍ ആയാൽ മതി. കുഴിക്കുചുറ്റും മണ്ണിട്ടുക്കൂട്ടി വരമ്പ് ഉറപ്പിക്കുകയാണെങ്കില്‍ ഒഴുക്കുവെള്ളം കുഴിയിൽ ഇറങ്ങാതിരിക്കും. കുഴിയില്‍ വരുന്ന പെയ്ത്തുവെള്ളം താനെ വലിഞ്ഞുകൊള്ളും. ഒഴുക്കുവെള്ളം കുഴിയില്‍ ഇറങ്ങാൻ ഇടയായാൽ കുഴി ഭാഗികമായി മൂടിപ്പോകുകയും വെള്ളംകെട്ടി നിന്ന് തൈകൾ നശിച്ചു പോകുകയും ചെയ്യും. മഴക്കാലത്തിനു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നതു വഴി കൂമ്പു ചീയൽ, ഓലചീയല്‍, മഹാളി എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.
തെങ്ങ് തൈ നടാൻ അനുയോജ്യ കാലം