Menu Close

കോഴിവളം കമ്പോസ്റ്റ് ആക്കുന്ന രീതി

നല്ല വായുസഞ്ചാരമുള്ളതും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. മരത്തണലുള്ള സ്ഥലത്താകുന്നത് നല്ലതാണ്. കോഴിവളത്തിന്റെ ഉയർന്ന നൈട്രജൻ അളവ് കാരണം കാർബൺ വസ്തുക്കൾ ധാരാളമായി ആവശ്യമാണ്. അതിനാലാദ്യം തന്നെ കമ്പോസ്റ്റ് ഉണ്ടാക്കാൻ നിശ്ചയിച്ച സ്ഥലത്തു ഏകദേശം 8-10 ഇഞ്ച് കനത്തിൽ ഉണങ്ങിയ ഇലകൾ, വൈക്കോൽ, അറക്കപ്പൊടി, ചകിരിച്ചോറ്, ഉണങ്ങിയ പുല്ല്, മരച്ചില്ലകൾ ചെറുതാക്കിയത്, കടലാസ് കഷണങ്ങൾ എന്നിവ ഒരു ലെയർ ആയി നിരത്തി ഇടുക. ഇതിനു മുകളിൽ 2-3 ഇഞ്ച് കനത്തിൽ കോഴിവളം വിതറുക. പുതിയ കോഴികാഷ്ഠത്തിൽ അമോണിയയുടെ അളവ് കൂടുതലായിരിക്കും, അതിനാൽ ഉണങ്ങിയതോ പഴകിയതോ ആയ വളമാണ് കമ്പോസ്റ്റിംഗിന് കൂടുതൽ ഉത്തമം. കോഴിവളം നേരിയ പാളിയായി മാത്രം ഇടാൻ ശ്രദ്ധിക്കുക. അതിനു മുകളിൽ പച്ചിലകൾ, അടുക്കള മാലിന്യങ്ങൾ പഴം-പച്ചക്കറി അവശിഷ്ടങ്ങൾ, പച്ചപ്പുല്ല് എന്നീ നൈട്രജൻ അടങ്ങിയ വസ്തുക്കൾ കൂടെ ചേർക്കുന്നത് നല്ലതാണ്.

കോഴിവളം തന്നെ നല്ലൊരു നൈട്രജൻ ഉറവിടമായതിനാൽ മറ്റ് നൈട്രജൻ വസ്തുക്കൾ അധികം വേണ്ട. ഈ ലെയർനു മുകളിൽ അല്പം മണ്ണ് ചേർക്കുകയും, വെള്ളം തളിച്ച് ഈർപ്പം നില നിർത്തുകയും ചെയ്യുക. ഈ കമ്പോസ്റ് ലെയറുകൾ, ആവർത്തിച്ച് ചേർത്ത് ഒരു കൂന ഉണ്ടാക്കുക. ഓരോ അഞ്ചോ ആറോ ദിവസം ഇടവിട്ട് കമ്പോസ്റ്റ് കൂന നന്നായി ഇളക്കി കൊടുക്കുക. കോഴിവളം കമ്പോസ്റ്റ് ആകുമ്പോൾ അമോണിയ വാതകം പുറത്തുപോകാൻ ഇത് സഹായിക്കും. ഇളക്കുമ്പോൾ പുറത്തുള്ള ഭാഗങ്ങൾ ഉള്ളിലേക്കും ഉള്ളിലുള്ള ഭാഗങ്ങൾ പുറത്തേക്കും വരുന്ന രീതിയിൽ മാറ്റുക. ഈർപ്പം കുറവാണെങ്കിൽ വെള്ളം തളിച്ച് കൊടുക്കുക. ശരിയായ രീതിയിൽ പരിപാലിക്കുകയാണെങ്കിൽ 2-4 മാസത്തിനുള്ളിൽ കോഴിവളം കമ്പോസ്റ്റ് പാകമാകും. കമ്പോസ്റ്റ് പാകമാകുമ്പോൾ കറുത്ത നിറവും മണ്ണുപോലെ പൊടിഞ്ഞതും മണമില്ലാത്തതുമായിരിക്കും. അമോണിയയുടെ രൂക്ഷഗന്ധം പൂർണ്ണമായും ഇല്ലാതാകണം.