Menu Close

റബ്ബര്‍തോട്ടങ്ങളുടെ ജിയോ മാപ്പിങ് ആരംഭിക്കുന്നു.കേരളത്തിലെ റബ്ബറിന് ഇനി അന്തര്‍ദ്ദേശീയ സ്വീകാര്യത കൂടും.

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് മാപ്പിങ് നടത്തുന്നത്. തുടക്കത്തിൽ കേരളത്തിലെ റബ്ബര്‍കൃഷിയുള്ള പത്ത് ജില്ലകളിലായിരിക്കും ഡിജിറ്റല്‍ മാപ്പിങ് നടത്തുക. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ഇത് നടപ്പാക്കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇ.യു.ഡി.ആര്‍.) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്തറബ്ബര്‍ (ഐ.എസ്.എന്‍.ആര്‍ – iSNR) ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജിയോ മാപ്പിങ് ചെയ്യുന്നത്. പ്രകൃതിദത്തറബ്ബറിന്റെ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്ട്രനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റബ്ബറിന്റെ ഉറവിടം എവിടെയാണെന്നും അവിടെ യൂറോപ്യന്‍ യൂണിയന്‍റെ വനനശീകരണ നിയന്ത്രണങ്ങൾ
(ഇ.യു.ഡി.ആര്‍.) പാലിക്കുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യയിൽ നിന്ന് റബ്ബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് സുസ്ഥിരതയും വ്യവസായവളര്‍ച്ചയും ലഭിക്കാന്‍ സഹായകമാകുന്നതിനൊപ്പം യൂറോപ്യൻ വിപണിയിൽ സജീവമാകാനും ഉപകരിക്കും. റബ്ബറുത്പന്നങ്ങള്‍ നിര്‍മിക്കുമ്പോൾ വനനശീകരണത്തിനുള്ള നിയന്ത്രണങ്ങൾ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്യൂ ഡിലിജന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ രേഖകളും ജിയോ ലൊക്കേഷന്‍ വിവരങ്ങളം ഉപയോഗപ്പെടുത്തി റബ്ബര്‍ബോര്‍ഡ് വെബ്സൈറ്റ് ( www.rubberboard.gov.in ) വഴി iSNR പ്ലാറ്റ്ഫോമില്‍ രജിസ്റ്റർ ചെയ്യാൻ കഴിയും.
റബ്ബര്‍ബോര്‍ഡ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് മാപ്പിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ഇ.യു.ഡി.ആര്‍. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഡ്യൂ ഡിലിജന്‍സ് ഡിക്ലറേഷനുകൾ, ജിയോ ലൊക്കേഷൻ ഡേറ്റ തുടങ്ങി ആവശ്യമായ എല്ലാ രേഖകളും ഈ പ്ലാറ്റ്ഫോം വഴി നല്‍കും.