ഇന്ത്യയിലെ ആദ്യ കാർബൺന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് നബാർഡ് ആർ ഐ ഡി എഫ് പദ്ധതിക്ക് കീഴിൽ ഫാമിൽ നടത്തുന്ന സമഗ്ര അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക കൃഷിരീതികൾ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുന്നത് കർഷൻ്റെ കൃഷിയിടത്തിൽ ആകരുത്. ഫാമുകളിൽ പുത്തൻ കൃഷിരീതികൾ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുകയും, അതിൻ്റെ പ്രായോഗികതലത്തിലുള്ള പ്രയോഗങ്ങൾ കണ്ട് മനസ്സിലാക്കാൻ കർഷകന് അവസരമൊരുക്കുകയും വേണം. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ മിതമായ വിലയിൽ കർഷകർക്ക് ലഭ്യമാക്കി ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാന്‍ ഫാമുകള്‍ക്കു കഴിയും.
ഫാമുകളെ നിധി കാക്കുന്നതുപോലെ നമ്മൾ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കൃഷിഫാമുകളുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുന്നുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് ഫാമിലേക്ക് അനുവദിച്ച ബോട്ട് ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ ആവശ്യമായി വരുന്ന കാലമാണ് വരുന്നത്. സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി ആരംഭിക്കണമെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷിയോഗ്യമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
7.74 കോടി രൂപ അടങ്കൽത്തുക വരുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയിൽ തൂക്കുപാലം, ഫെൻസിങ്, ഫാം റോഡ്, കോൺഫറൻസ് ഹാൾ, മത്സ്യക്കുളം, തൊഴിലാളികൾക്കായുള്ള വിശ്രമമുറി, തൊഴുത്തുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെഎൽഡിസി യാണ് പദ്ധതി നടപ്പിലാക്കുന്നത്.
അൻവർ സാദത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം പി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്ജ്, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയ മുരളീധരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സനിത റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയാസ്, ഫാം സൂപ്രണ്ട് ലിസിമോൾ ജെ വടക്കൂട്ട് എന്നിവർ പങ്കെടുത്തു.