Menu Close

തിരുവാതിര ഞാറ്റുവേല വരുന്നു. കുരുമുളക് നടണ്ടേ?

കേരളം ലോകത്തിനു നല്‍കിയ രുചിയും സുഗന്ധവുമാണ് കുരുമുളക് എന്ന നല്ലമുളക്. കുരുമുളകിന്റെ നാടുനേടി യൂറോപ്യന്‍ശക്തികള്‍ നൂറ്റാണ്ടുനടത്തിയ യാത്രകളാണ് ആധുനികലോകത്തെത്തന്നെ വഴിതിരിച്ചുവിട്ടത്. അവരിവിടെവന്ന് കുരുമുളകുമണികള്‍ മാത്രമല്ല തൈകളും കൊണ്ടുപോയി. അപ്പോഴൊക്കെ നമ്മള്‍ വിചാരിച്ചത് അവര്‍ക്ക് കുരുമുളകുവള്ളി മാത്രമേ കൊണ്ടുപോകാനാകൂ, നമ്മുടെ ഞാറ്റുവേലയെ കൊണ്ടുപോകാനാകില്ലല്ലോ എന്നാണ്. അതായത് കേരളത്തിന്റെ സ്വതസിദ്ധമായ കാലാവസ്ഥയും മണ്ണുമുള്ളിടത്തേ കുരുമുളക് വളരൂ എന്നൊരു വിശ്വാസം നമുക്കുണ്ടായിരുന്നു. അങ്ങനെയല്ല എന്ന് കാലം തെളിയിച്ചു. നമ്മളേക്കാള്‍ ശാസ്ത്രീയമായി കൃഷിചെയ്തവര്‍ കുരുമുളകില്‍നിന്ന് നേട്ടമുണ്ടാക്കി.
ഇപ്പോള്‍, നമുക്കും മനസ്സിലായിട്ടുണ്ട് കൃഷിയില്‍ ബുദ്ധിപൂര്‍വ്വമിടപെട്ടാല്‍ മാത്രമേ നിലനില്‍ക്കാനാവൂ എന്ന്.
കുരുമുളകിനെപ്പറ്റിയുള്ള മുന്‍ധാരണകള്‍ വിട്ട് കൃഷിചെയ്താല്‍ കുരുമുളക് നമ്മളെയും രക്ഷിക്കും. തനിവിള (Monocrop) യായും ഇടവിള (Intercrop )യായും സഹവിള (Companion Crop) യായും ശോഭിക്കുന്നതാണ് പശ്ചിമഘട്ടത്തിന്റെ സ്വന്തം സുഗന്ധിയായ കുരുമുളക്.
തിരുവാതിര ഞാറ്റുവേലക്കാലമാണല്ലോ കുരുമുളക് തൈകൾ നടാൻ നല്ലത്. അതായത് ജൂലൈ മാസം മധ്യത്തോടെ. “നൂറ് മഴയും നൂറ് വെയിലും” കിട്ടുന്ന സമയമായതിനാൽ മണ്ണിൽ പെട്ടെന്ന് വേരുകൾ പൊടിയും. മണ്ണിൽ പെട്ടെന്ന് നിലയുറപ്പിക്കും.
കുരുമുളക് നട്ടുപിടിപ്പിക്കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷെ ദ്രുതവാട്ടം(Quick Wilt) പോലെയുള്ള മാരകമായ ഫംഗസ് രോഗങ്ങൾ വരാതെ നോക്കുക, ഉയരത്തിലുള്ള താങ്ങുമരങ്ങളിൽ ഏണിചാരി തിരികൾ പറിച്ചെടുക്കുക ഇതൊക്കെയാണ് കുരുമുളകുകൃഷിയിലെ വെല്ലുവിളികള്‍.
ഈ തിരുവാതിര ഞാറ്റുവേലക്കാലത്ത് നട്ടുപിടിപ്പിക്കാൻ കുരുമുളക് വള്ളികൾ തയാറാക്കാൻ ഇപ്പോള്‍ തുടങ്ങാം.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളനുസരിച്ചും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചും യോഗ്യമായ ഇനങ്ങൾ തെരഞ്ഞെടുക്കാം.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (IISR ) കോഴിക്കോടുള്ള ചെലവൂരും സംസ്ഥാനസർക്കാരിന്റെ കീഴില്‍ കേരള കാർഷിക സർവ്വകലാശാലയുടെ കുരുമുളക് ഗവേഷണ കേന്ദ്രം കണ്ണൂരിലുള്ള പന്നിയൂരിലും പ്രവർത്തിക്കുന്നു.
ഓരോ കാലാവസ്ഥാമേഖലയിലും അനുയോജ്യമായ വിവിധ ഇനങ്ങൾ ഇവിടങ്ങളിൽ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ ഗവേഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടീൽവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്താം.
ഇതുപോലെതന്നെ പരിണതപ്രജ്ഞരായ കർഷകർ അവരവരുടെ കൃഷിയിടങ്ങളിലെ ചെടികളെ നിരീക്ഷിച്ച് സവിശേഷഗുണങ്ങളുള്ള കൊടികൾ കണ്ടെത്തി അവയിൽനിന്ന് തൈകളുണ്ടാക്കി അവരുടെ കുടുംബപ്പേരുകളിലും മറ്റും വിൽക്കുന്നുണ്ട്. അതും പരീക്ഷിക്കാം.
ഇപ്പോൾ ജീവനില്ലാത്ത താങ്ങുകളിലും (Dead Standards) കുരുമുളകുകൊടികൾ വാണിജ്യാടിസ്ഥാനത്തിൽ വളർത്തി വരുന്നുണ്ടല്ലോ. അതും പരീക്ഷിക്കാം.
കുരുമുളകിനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നോക്കേണ്ട ചില കാര്യങ്ങൾ താഴെപ്പറയുന്നു.

  1. വരൾച്ചയെ ചെറുക്കാനുള്ള കഴിവ്
  2. നീണ്ട തിരികൾ
  3. കൂടുതൽ ദ്വിലിംഗ പുഷ്പങ്ങൾ (Bisexual Flowers)
  4. നല്ല മണിപിടുത്തം (Berry set )
  5. നല്ല വലിപ്പവും (Boldness ) നല്ല ഉണക്കുശതമാനവും (Driage )
  6. നല്ല രൂക്ഷത (Piperine content )
    “മരമറിഞ്ഞ് കൊടിയിടണം” എന്നാണല്ലോ പഴഞ്ചൊല്ല്. ഓരോ താങ്ങുമരത്തിന്റെയും ഇലച്ചാർത്തിന്റെ (Canopy) ബാഹുല്യം അല്ലെങ്കിൽ ശുഷ്കത അനുസരിച്ച് തണൽ സഹിക്കുന്ന (shade tolerant) അല്ലെങ്കിൽ വെയിലിഷ്ടമുള്ള (sun loving) ഇനങ്ങൾ തെരഞ്ഞെടുക്കാം.
    ഒറ്റത്തടിയായി പോകുന്ന താങ്ങുമരങ്ങളിൽ (തെങ്ങ്, ആഴാന്ത, കവുങ്ങ് )എന്നിവയിൽ വെയിലിഷ്ടമുള്ള ഇനങ്ങൾക്ക് മുൻഗണന നൽകാം. എന്നാൽ മറ്റ് താങ്ങുമരങ്ങളിൽ (ശീമക്കൊന്ന, മുരിക്ക്, കിളിമരം, മാവ്, പ്ലാവ്, പെരുമരം (മട്ടി ) എന്നിവയിൽ അല്പസ്വല്പം തണൽ സഹിയ്ക്കുന്ന ഇനങ്ങൾക്ക് മുൻഗണന നൽകാം. കോൺക്രീറ്റ് പോസ്റ്റുകളിൽ വെയിൽ ഇഷ്ടപ്പെടുന്ന ഇനങ്ങൾ ആകും കൂടുതൽ ഉചിതം.
    “മരമേതായാലും (കുരുമുളക് )കൊടി നന്നായാൽ മതി”എന്നു പറയാം. ‘ജനിതകം പാതി, പരിപാലനം പാതി’ എന്നാണ് കണ്ടുവരുന്നത്. പക്ഷെ ജനിതകം തീരെ മോശമാകാതെ നോക്കണം. എങ്കിൽ എത്ര മെനക്കെട്ടാലും ഫലമുണ്ടാകാതെ വന്നേക്കും. “തേങ്ങാ പത്തരച്ചാലും താളല്ലേ കറി ” എന്ന അവസ്ഥയാകും ഫലം.
    കുരുമുളകുകൊടിയുടെ ചുവട്ടിൽ നിന്ന് പൊട്ടിവരുന്ന “ചെന്തലകൾ (Runners)” ആണ് ഏറ്റവും നല്ല നടീൽവസ്തു. പക്ഷേ, അവ മണ്ണിൽ നീണ്ടുപടർന്ന് വളരാൻ അനുവദിക്കരുത്. അങ്ങനെ എങ്കിൽ പെട്ടെന്ന് Phytophthora പോലെയുള്ള മാരകമായ ഫംഗസ്സുകൾ അവയിൽ കടന്നുകൂടും. ചെന്തലകൾ പൊട്ടിവരുമ്പോൾ തന്നെ കവരമുള്ള ഒരു കുറ്റിയടിച്ച് അതിൽ വള്ളികൾ ചുറ്റിവയ്ക്കണം.
    ആവശ്യത്തിന് നീളം വയ്ക്കുമ്പോൾ അവ മൂന്നു മുട്ടുകൾ ഉള്ള കഷണങ്ങൾ ആക്കി ഇലകൾ പകുതി മുറിച്ചുമാറ്റി 2:1:1 എന്ന അനുപാതത്തിൽ മണ്ണ് :ചാണകപ്പൊടി :ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ ചേർത്ത് തയ്യാറാക്കിയ പോട്ടിങ് മിശ്രിതം നിറച്ച പോളിബാഗുകളിൽ Seradix /Rootex പോലെയുള്ള റൂട്ടിങ് ഹോർമോണിൽ മുക്കിയതിന് ശേഷം കുഴിച്ചു വയ്ക്കാം. അതിനു ശേഷം ഇത്തരത്തിൽ ഉള്ള കൂടകൾ എല്ലാം ഒരു Rooting Chamber ൽ വച്ച് മിതമായി നനച്ച് പരിരക്ഷിച്ചാൽ ജൂൺ മാസം അവസാനത്തോടെ നടാൻ തക്ക വിധത്തിൽ പുതിയ വള്ളികൾ വളർന്നുവരും. ആവശ്യമെങ്കിൽ ഇടയ്ക്ക് കുമിൾനാശിനികൾ തളിച്ചുകൊടുക്കാം.
    വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ബ്രസീലിയൻ തിപ്പലി എന്നറിയപ്പെടുന്ന Piper colubrinum എന്നയിനത്തിൽ നമുക്ക് വേണ്ടയിനങ്ങൾ ഗ്രാഫ്റ്റ് ചെയ്തെടുക്കാം.
    മുന്തിയ ഇനങ്ങൾ കൂടുതലെണ്ണം പുറത്തുനിന്ന് വാങ്ങാനിരുന്നാൽ വലിയ വില നൽകേണ്ടി വരും. അതിനേക്കാൾ ലാഭകരം അത്തരം ഒന്നോ രണ്ടോ തൈകൾ മേടിച്ച് തൈകൾ കർഷകൻ തന്നെ ഉത്പാദിപ്പിക്കുന്നതാണ്.
    അതിന് പറ്റിയ മാർഗമാണ് ദ്രുതപ്രവർധനം അഥവാ Rapid Multiplication Technique. അതിൽ പല രീതികൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ള രീതിയാണ് Serpentine Layering അഥവാ നാഗപ്പതി വയ്ക്കൽ.
    ഇതിനായി നന്നായി വേര് പിടിച്ച ഒരടിയെങ്കിലും നീളമുള്ള വള്ളികളോട് കൂടിയ ഒരു പോളിബാഗ്തൈ നമ്മുടെ കയ്യിൽ വേണം. അതോടൊപ്പം പത്തോ പതിനഞ്ചോ പോളിബാഗുകളിൽ 1:1:1 എന്ന അനുപാതത്തിൽ മണ്ണ്, ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി, കുറച്ച് പൊടിച്ച വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡെർമ്മ, ചകിരിചോറ് കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതം നിറയ്ക്കുക. അവ നമ്മുടെ കയ്യിലുള്ള വേര് പിടിപ്പിച്ച കുരുമുളക് വള്ളിയോട് ചേർത്ത് വരിവരിയായി വയ്ക്കുക. (ചിത്രം കാണുക ).
    വള്ളി നീളുന്നതിന് അനുസരിച്ച് ഓരോ ഇല /മുട്ടിന്റെ താഴെ പോളിബാഗ് വരണം. V ആകൃതിയിൽ ചെറുകമ്പികൾ വളച്ച് ഓരോ മുട്ടിനേയും പോളിബാഗിൽ മുട്ടിയ്ക്കണം. അല്പം പോട്ടിങ് മിശ്രിതം മുട്ടിനു മുകളിലും ആവശ്യമെങ്കിൽ വച്ച് കൊടുക്കാം. മൂന്ന് നാലാഴ്ച കഴിയുമ്പോൾ ഓരോ മുട്ടിൽ നിന്നും താഴെയുള്ള പോളിബാഗിലെ മിശ്രിതത്തിലേക്ക് വേരുകൾ ഇറങ്ങും. മൂന്നുമാസം ആകുമ്പോൾ ഏതാണ്ട് 10-12 മുട്ടുകളിൽ നന്നായി വേരിറങ്ങും. അപ്പോൾ ഓരോ മുട്ടിനും അപ്പുറവും ഇപ്പുറവും മുറിച്ച് അവിടെ കുമിൾനാശിനിക്കുഴമ്പ് തേച്ച് അവയെ ഒരു പോളിഹൗസിലോ ഗ്രീൻ ഹൗസിലോ മാറ്റിവച്ച് മിതമായി നനച്ചാൽ വേര് പിടിച്ച മുട്ടിലുള്ള ഇലയുടെ കക്ഷത്തുനിന്ന് പുതിയ ഒരു കിളിർപ്പ് വന്ന് വള്ളി വീശിത്തുടങ്ങും. ആവശ്യമെങ്കിൽ ബോർഡൊ മിശ്രിതം /കോപ്പർ ഓക്സി ക്ലോറൈഡ് (COC) എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്പ്രേ ചെയ്ത് കൊടുക്കാം. ഒരടി നീളമെങ്കിലും ആയ വള്ളികൾ താങ്ങുമരങ്ങളിൽ നട്ടുകൊടുക്കാം.
    നന്നായി പരിചരിച്ചാൽ ഇടവിളയായി പോലും മികച്ച വരുമാനം കുരുമുളകിൽ നിന്നു നേടാം. നമുക്ക് ഒരു ഏണി ചാരി പറിയ്ക്കാൻ ഉള്ള ഉയരത്തിൽ മാത്രം പടർത്തി വളർത്താൻ ശ്രദ്ധിക്കണം എന്ന് മാത്രം. കറികളിൽ കഴിയുന്നതും വറ്റൽ മുളക് ഒഴിവാക്കി നല്ലമുളക് ഉപയോഗിക്കാൻ ശ്രമിയ്ക്കുന്നതും ഒരു നല്ലകാര്യം തന്നെ.
    എന്നാൽ പിന്നെ സമയം കളയാതെ നാളെ തന്നെ നാഗപ്പതിയിൽ ഒരു കൈ നോക്കുവല്ലേ?