Menu Close

പൂക്കാത്ത മാവും പൂക്കണോ? ചില വഴികളുണ്ട്, കൃഷിഗുരുവില്‍ പ്രമോദ്മാധവന്‍

സാധാരണഗതിയിൽ മാവ് പൂക്കാൻ നമ്മൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല. തുലാം -വൃശ്ചിക മാസമാകുമ്പോഴേക്ക് മാവുകൾ പൂക്കുകയും പ്ലാവുകളിൽ കളപൊട്ടുകയും ചെയ്യും. വരാന്‍പോകുന്ന വേനൽക്കാലത്ത് മണ്ണിലുള്ളവരെയൊക്കെ ഈട്ടുവാനായി അവ യഥാകാലം മൂത്തുവിളഞ്ഞ്, പഴമായി കാത്തുനിൽക്കും. അതേസമയം, പല കാരണങ്ങൾ കൊണ്ടും മാവുകൾ വന്ധ്യമാകാറുണ്ട്, മനുഷ്യരെപ്പോലെ. സന്തതിയുത്പാദനം സ്വാഭാവികമായി നടന്നില്ലെങ്കില്‍ ഒരു ‘കൈ സഹായം’ പുറത്തുനിന്നു കൊടുക്കുകയാണല്ലോ മനുഷ്യന്റെ പുതിയ രീതി. അതു നാം മാവിലും പ്രയോഗിക്കാറുണ്ട്. മാവുകൾ കാലം തെറ്റിപ്പൂക്കുന്നത് പുതിയ സംഭവമല്ല. കാലം തെറ്റിപ്പൂത്തതുകൊണ്ട് വലിയ കാര്യവുമില്ല. അതെല്ലാം നശിച്ചുപോകുകയേയുള്ളൂ. അല്ലെങ്കിൽ അതിനെയൊക്കെ സംരക്ഷിക്കാൻ കൃത്രിമമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും.
എന്തുകൊണ്ടാണ് മാവുകൾ യഥാസമയം പൂക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു പല കാരണങ്ങളുണ്ട്.
മനുഷ്യനെന്നതുപോലെ മാവിനും ഒരു ‘തന്റേടം’ വേണം. അതായത് തന്റേതായ ഇടം. അതു നല്‍കാന്‍ ശ്രമിക്കുക. തന്റെ കയ്യും കാലും (ചില്ലകളും വേരുകളും) താനിഷ്ടപ്പെടുന്ന ദൂരത്തിലും ആഴത്തിലും അകലങ്ങളിലും നീട്ടി ആവശ്യത്തിന് സൂര്യപ്രകാശവും വെള്ളവും വളവും വലിച്ചെടുക്കാൻ തക്കവണ്ണമുള്ള സ്ഥലത്താവില്ല പലപ്പോഴും മാവ് നടുക. ഫലമോ? ശ്വാസം മുട്ടി, ചുമച്ചും കുരച്ചും മാവ് വളരും. അതിൽ രോഗകീടബാധകൾ കലശലായിരിക്കും. കൊമ്പുണക്കം, തളിർമുറിയൻ, കൂടുകെട്ടിപ്പുഴു, ഇലപ്പുള്ളി ഇത്യാദി പീഡകൾ കൊണ്ട് മാവ് വശംകെടും. ഇതിനുള്ള പരിഹാരമെന്തെന്നാല്‍, ശരിയായ അകലത്തിൽ, മറ്റു മരങ്ങളുടെ വേരുകൾ അധിനിവേശം നടത്താത്തത്ര അകലത്തിൽ, ആഴത്തിൽ കുഴിയെടുത്ത്, സമൃദ്ധമായി ജൈവവസ്തുക്കൾ നിറച്ച് കുഴിമൂടിയിട്ട് മാവ് നടണം.
ശരിയായ സമയത്ത് മണ്ട മുറിച്ചുമാറ്റി നാലുവശങ്ങളിലേക്കും ക്രമമായി ചില്ലകളൊതുക്കി ക്രമീകരിച്ച്, കൂടുതൽ പാർശ്വശിഖരങ്ങളെ പ്രോത്സാഹിപ്പിച്ച്, കുത്തനെയുള്ള ചില്ലകളെ ഒഴിവാക്കി, എല്ലാ തടികളിലും വെയിൽ നന്നായിതട്ടാന്‍ ഇടയാക്കിയാൽത്തന്നെ മാവുകളുഷാറാകും. ആവശ്യത്തിന് NPK വളങ്ങൾ (ജൈവമോ രാസമോ രണ്ടും കൂടിയോ ) നൽകുമ്പോൾ വേരുകൾ, ഇലകൾ, തടികൾ എന്നിവയ്ക്ക് കരുത്തും ശേഷിയും ലഭിക്കുകയും അവ പരസഹായമില്ലാതെ പൂക്കുകയും ചെയ്യും.
വടവൃക്ഷമായി വളർത്തിയാൽ മാവുകളിൽ കാര്യക്ഷമമായി സസ്യ സംരക്ഷണ പ്രവൃത്തികൾ (Plant Protection Measures ) അവലംബിക്കാൻ കഴിയാതെ വരും. വളങ്ങൾ തളിക്കാനും കീടവിരട്ടികൾ പ്രയോഗിക്കാനും കോതാനും മാങ്ങകളിൽ കവറിടാനുമൊക്കെ ബുദ്ധിമുട്ടാകും. മാവുകൃഷിയിൽ ഈ കാര്യമാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ജൂലൈ മാസത്തോടെ മിക്കവരും മാവിന്റെ കൊമ്പുകോതൽ (Prunning) നടത്തിയിട്ടുണ്ടാകും. കേടുബാധിച്ചവ, മാവിന്റെ അകത്തേയ്ക്കോ കുത്തനെയോ വളർന്നുപൊങ്ങുന്നവ, ബലം കുറഞ്ഞവ എന്നിവ ഒഴിവാക്കി, മാവിന്റെ കായികവളർച്ച (Vegetative growth ) നിയന്ത്രിക്കണം. പൊട്ടാസ്യസമ്പുഷ്ടമായ വളങ്ങൾ ചുവട്ടിലിടുന്നതും ഇലകളിൽ തളിയ്ക്കുന്നതും ഗുണം ചെയ്യും. പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് എന്നിവ ഇലകളിൽ തളിയ്ക്കാനും (Foliar nutrition) പൊട്ടാസ്യം ക്ളോറൈഡ് (MoP)മണ്ണിൽ കൊടുക്കാനും ഉത്തമമാണ്. ഒരാഴ്ച ഇടവിട്ട് കുറഞ്ഞത് അഞ്ച് തവണയെങ്കിലും KSO4, KNO3 എന്നിവ 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളിൽ തളിച്ചുകൊടുക്കുന്നത് പൂക്കാൻ ഉത്തേജനമാകും.
അനുകൂലസാഹചര്യങ്ങൾ എല്ലാമുണ്ടായി, പത്തുകൊല്ലം കഴിഞ്ഞിട്ടും മാവുകൾ പൂത്തില്ലായെങ്കിൽ അതിനെ നിർത്തണോ വെട്ടണോ എന്നു ചിന്തിക്കാം. “അനുകൂല സാഹചര്യം”എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്നു പറയേണ്ടതില്ലല്ലോ. എങ്കിലും വെട്ടുന്നതിന് മുൻപ് ആദ്യം ‘മോതിര വളയം തീർക്കൽ (Ringing) ഒന്നു പരീക്ഷിച്ചു നോക്കാം. വെട്ടുകത്തി കൊണ്ട് തായ്ത്തടിയിൽ ചില പീഡനങ്ങൾ നടത്തി നോക്കാം. “പൂത്തില്ലെങ്കിൽ നിന്നെ വെട്ടി കണ്ടം തുണ്ടമാക്കും” എന്ന് ഭീഷണിപ്പെടുത്താം. (സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിഞ്ഞതാണല്ലോ.)
അടുത്ത വഴി ‘നിർബന്ധിക്കൽ’ അഥവാ Forcing ആണ്. ചില പ്രത്യേകതരം Growth Regulators ന്റെ സഹായം തേടുക എന്നതാണത്. മനുഷ്യവന്ധ്യതയ്ക്കുള്ള ചികിത്സയിലും ഹോർമോണുകൾ ഉപയോഗിച്ചുള്ള forced egg production (നിർബന്ധിത അണ്ഡോത്പാദനം ) ഉണ്ടല്ലോ. സമാനമായി Paclo butrazol എന്ന വസ്തു ഉപയോഗിച്ച് നോക്കാവുന്നതാണ്. വേണമെങ്കില്‍ ഇതിനെ ഒരു ഓർഗാനിക് ഉത്പന്നം എന്നുവിളിക്കാം. എന്തെന്നാൽ ഇതിൽ കാർബൺ അടങ്ങിയിട്ടുണ്ട്. Anything which contains carbon can be called organic എന്നാണല്ലോ. ശരിക്കും ഇത് azole വിഭാഗത്തിൽപ്പെട്ട ഒരു കുമിൾനാശിനിയാണ്. Label claim ൽ നിറം സാമാന്യവിഷം എന്നതിനെ പ്രതിനിധാനം ചെയ്യുന്ന നീലത്രികോണം ആണ്. ആയത് താരതമ്യേനെ സുരക്ഷിതവുമാണ്.
ഇതിന് താഴെ പറയുന്ന ഗുണഗണങ്ങളുണ്ട്.

  1. ഇതിന് സസ്യവളർച്ചയെ ഉദ്ദീപിപ്പിക്കുന്ന GA അഥവാ Giberlic Acid എന്ന ഹോർമോണിനെ അടിച്ചമർത്താനുള്ള (suppress) കഴിവുണ്ട്. ആയതിനാൽ താത്കാലികമായി ചെടിയുടെ കായികവളർച്ചയെ ഇതൊന്ന് ചവിട്ടിപ്പിടിക്കും.
  2. ചെടികളുടെ വളർച്ചയെ ഒന്ന് കുറയ്ക്കുന്ന അല്ലെങ്കിൽ അല്പം പ്രായം തോന്നിപ്പിക്കാൻ സഹായിക്കുന്ന Abscissic Acid എന്ന ഹോർമോണിനെ താത്കാലികമായി ഉത്തേജിപ്പിക്കും.
  3. വേരുകളിലൂടെ വലിച്ചെടുത്ത് ചെടിയുടെ എല്ലാ ഭാഗത്തും Xylem എന്ന പൈപ്പ് ലൈൻ വഴി എത്തിക്കും.
  4. ചെടിയുടെ ശരീരത്തിൽ Ethylene ഉത്പാദനം കുറയ്ക്കും.5. ഇലകളിലെ chlorophyll അനുപാതം കൂട്ടും.
  5. കോശങ്ങളുടെ നീട്ടം കുറച്ച്, ഇലകൾ കൂടുതൽ അടുത്തടുത്തായി വളരാൻ സഹായിക്കും.
  6. വേര് വളർച്ചയെ ഉദ്ദീപിപ്പിക്കും.
  7. വരൾച്ചയെ ചെറുക്കാൻ ചെടിയ്ക്ക് കൂടുതൽ കഴിവ് നൽകും.
  8. കായ്കൾക്ക് കൂടുതൽ മധുരം നൽകും.
  9. അൽഫോൻസോ പോലുള്ള മാവിനങ്ങളിൽ കളിൽ Spongy Tissue Disorder എന്ന പ്രശ്നത്തിനും ഇതിന്റെ ഉപയോഗത്തിലൂടെ കുറച്ചൊക്കെ ശമനം കാണുന്നതായി പഠനങ്ങൾ പറയുന്നു.
    മേൽപ്പറഞ്ഞ ഇടപെടലുകളിലൂടെ കക്ഷി, മാവിനെ പുഷ്പിണിയാക്കാൻ ഒരു കൈ സഹായം നൽകും.
    ആഗസ്റ്റ് -സെപ്റ്റംബർ മാസത്തോടെ Paclo butrazol ഉപയോഗിക്കുന്നതാണ് കേരളത്തിലെ സാഹചര്യത്തിൽ നല്ലത്. Cultar, Lustar, Heat എന്നൊക്കെയുള്ള പേരുകളിൽ വിപണിയിൽ ലഭ്യമാണ്. ലിറ്ററിന് ആറായിരത്തിലധികം വില വരും. (Online site കളിൽ ഇതിന്റെ പകുതി വിലയ്ക്ക് വരെ കിട്ടുന്നുണ്ട്.)
    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം, വാണിജ്യ മാവുകൃഷിയുള്ള മേഖലകളിലിൽ എല്ലാംതന്നെ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാരണം, വിപണിയിൽ നേരത്തേ മാങ്ങയെത്തിയ്ക്കാൻ കഴിഞ്ഞാൽ കൂടുതൽ വില കിട്ടും. കർഷകന് കൂടുതൽ വരുമാനം കിട്ടാൻ ഇതു സഹായിക്കും.
    സ്വാഭാവികരീതികളിൽ മാവ് കായ്ക്കുന്നതിനു പത്ത് വർഷമെങ്കിലും സമയം കൊടുക്കണം. അതിനുശേഷവും കായ്ച്ചില്ലെങ്കിൽ മതി Paclobutrazol ന്റെ സഹായം തേടൽ.
    മാവിന് ചുറ്റുമായി, അതിന്റെ ഇലചാർത്തുകൾ (canopy )ക്ക് സമാന്തരമായി, തെങ്ങിന് തടം തുറക്കുന്ന പോലെ അരയടി ആഴത്തിൽ മണ്ണ് മാറ്റി തടമെടുക്കുക. അതിനുശേഷം ചെടിയിൽനിന്ന് മൂന്നടിയെങ്കിലും ദൂരത്തായി, മരത്തിനു ചുറ്റുമായി എട്ടോ പത്തോ കുഞ്ഞിക്കുഴികൾ എടുക്കുക. (മരുന്ന് പ്രയോഗിക്കുന്നതിന് രണ്ടുദിവസം മുൻപ് മണ്ണ് നന്നായി കുതിരാനായി (മഴ ഇല്ലെങ്കിൽ ) നനയ്ക്കുക.)
    10 വർഷം പ്രായമായ മരത്തിന് 14 മില്ലി മരുന്ന് പത്ത് ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ഈ കുഞ്ഞിക്കുഴികളിൽ നിറയ്ക്കുക. കരിയിലകൾ കൊണ്ട് തടം നിറയ്ക്കുക. മഴയില്ലെങ്കിൽ ദിവസവും ചെറിയ തോതിൽ നനയ്ക്കുക. ഇങ്ങനെ ചെയ്താൽ സാധാരണ മൂന്ന് മാസങ്ങൾ കൊണ്ട് മാവ് പൂവിടും.
    10-15 വർഷം പ്രായമുള്ള മരങ്ങൾക്ക് 14 മില്ലിയും 16-25 കൊല്ലം വരെയുള്ള മരങ്ങൾക്ക് 19 മില്ലിയും 25 കൊല്ലത്തിനുമേൽ പ്രായമുള്ളവയ്ക്ക് 30 മില്ലിയും വരെ ആകാം. 23% വീര്യമുള്ള മരുന്നിന്റെ ഡോസാണ് ഇവിടെപ്പറഞ്ഞത്.
    കൃഷി കൂടുതൽ ആദായകരമാക്കാനും കർഷകർ നേരിടുന്ന വിവിധങ്ങളായ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഗവേഷകർ, ‘മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ ‘ഇത് വരെ ആരും പോകാത്ത വഴികളിലൂടെ ഒക്കെ സഞ്ചരിച്ച്, ഇങ്ങനെ പലതും കണ്ടു പിടിച്ചെന്നിരിക്കും. അത് ചെയ്തുനോക്കുമ്പോൾ നല്ലതാണ് എന്ന് തോന്നിയാൽ കർഷകസമൂഹം അതേറ്റെടുക്കും. ഇല്ലെങ്കിൽ തള്ളിക്കളയും. മറ്റെല്ലാ മേഖലകളിലെയും ശാസ്ത്രനേട്ടങ്ങളെപ്പോലെ കാർഷികമേഖലയിലെ കണ്ടുപിടുത്തങ്ങളെയും കാണാൻ ശ്രമിക്കണം.
    ഈ മരുന്ന് ജലജീവികൾക്ക് അത്ര പറ്റിയതല്ല. എന്നാൽ മനുഷ്യനിൽ കാൻസർ പോലെയുള്ളവ ഉണ്ടാക്കും എന്ന് തെളിയിച്ചിട്ടുമില്ല. ഇതിന്റെ അർദ്ധായുസ് (Half Life) ഏതാണ്ട് ഒരു കൊല്ലമാണ്. യൂറോപ്യൻ യൂണിയന്റെ നിയമപ്രകാരം ഒരു ലിറ്റർ വെള്ളത്തിൽ 66 മൈക്രോ ഗ്രാമിൽ കൂടുതൽ Paclo butrazol ഉണ്ടാകാൻ പാടില്ല. അതായാത്, 65 മൈക്രോഗ്രാം വരെ ആയാല്‍ കേസ്സില്ല. ലോകത്തെമ്പാടും ഗോൾഫ് കോഴ്സുകളിൽ പുൽത്തകിടികൾക്ക് നല്ല പച്ചപ്പ് കിട്ടാനും പുല്ലുകൾ ക്രമാതീതമായി പൊക്കം വയ്ക്കാതിരിക്കാനും Paclo butrazol ഉപയോഗിക്കുന്നു എന്നത് ഒരു അരമനരഹസ്യമാണ്. നമ്മളായിട്ട് അതു പരസ്യമാക്കണ്ട.