ലോകവിപണിയില്‍ ആകസ്മികമായി കുതിച്ചുയര്‍ന്ന വിലയില്‍ കൊക്കോ തിളങ്ങിനില്‍ക്കുന്നതിന്റെ പത്രറിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും മലയാളികര്ഷകന് അത്ര ആഹ്ലാദമില്ല.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഉത്പാദനമാണ് കഴിഞ്ഞ മൂന്നുമാസങ്ങളായുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പതിവില്ലാത്തവിധം വേനൽമഴ കുറഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണം. വിരിയുന്ന പൂവുകള്‍ കടുത്ത ചൂടിൽ പൊഴിഞ്ഞുപോകുന്ന അവസ്ഥയാണ്. ആഫ്രിക്കന്‍രാജ്യങ്ങളില്‍ ഉല്പാദനം കുറഞ്ഞതാണ് കൊക്കോവില കൂടുവാന്‍ കാരണം. ഏകദേശം അതേ അവസ്ഥ കേരളത്തിലുമുണ്ട്. ആഫ്രിക്കയിലെ കര്‍ഷകരുടെ അതേ ദുഃഖം തന്നെയാണ് നമുക്കും. വിലയുണ്ട്, പക്ഷേ, വില്ക്കാന് വിളയില്ല.
അതിനിടെ, ചരിത്രത്തിലാദ്യമായി ഉണക്കക്കൊക്കോയുടെ വില 800 രൂപ കടന്നിട്ടുണ്ട്. ഈസ്റ്ററിനു മുമ്പ് 750 രൂപയിലെത്തിയ വില അവധികഴിഞ്ഞ് വിപണികൾ സജീവമായതോടെ വില വീണ്ടും ഉയരുകയാണ്. പച്ചയ്ക്ക് കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെ വിലയുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം കൊക്കോ ഉത്പാദനം നടക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഹൈറേഞ്ച് മേഖലയിൽ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലായതിനാല്‍ ചോക്ലേറ്റുനിർമാണകമ്പനികൾ അവിടെനിന്നും കൊക്കോ സംഭരിക്കാൻ കൂടുതൽ താത്പര്യം കാണിക്കാറുണ്ട്. വിലയും താരതമ്യേന അവിടെ കൂടുതലുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടയുള്ള ഏറ്റവും രൂക്ഷമായ ക്ഷാമമാണ് കൊക്കോ വിലയെ ഈ കുതിപ്പിലേക്കു നയിച്ചിരിക്കുന്നത്. വിപണിയിലെ 70 ശതമാനം കൊക്കോ ആവശ്യവും നിറവേറ്റുന്ന ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദനത്തിനുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണം. കൊക്കോ വില ഒരു ടണ്ണിന് 10,000 ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. അതായത് ഏകദേശം 8,35000 ഇന്ത്യന്‍ രൂപ. ജനുവരിയില്‍ ആരംഭിച്ച് മാര്‍ച്ച് മാസത്തോടെ കൊക്കോവില മുമ്പത്തേതിനേക്കാള്‍ ഇരട്ടിയാവുകയായിരുന്നു.
വിലക്കയറ്റത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ നമ്മുടെ കര്‍ഷകര്‍ കയ്യിലുണ്ടായിരുന്ന ചരക്ക് ഏകദേശം വിറ്റുതീര്‍ത്തിരുന്നു. ഉല്പന്നത്തിന് ഇപ്പോള്‍ നല്ല ക്ഷാമമുണ്ട്. വൻകിട ചെറുകിട ചോക്കലേറ്റ് നിർമാതാക്കളും ബേക്കറി വിതരണക്കാരും ചരക്കുശേഖരിക്കാൻ രംഗത്തുണ്ട്.