Menu Close

അടുത്ത തലമുറ ആഹാരം കഴിക്കണമെങ്കില്‍ ഇവ പരിഹാരിച്ചേ മതിയാകൂ എന്ന് അമേരിക്കന്‍ യുവാക്കള്‍

അമേരിക്കയില്‍ കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്കുവരുന്ന പ്രവണതയുള്ളതായി ഏറ്റവും പുതിയ കണക്കുകള്‍വച്ച് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) 2024-ലെ കാർഷിക സെൻസസ് അടിസ്ഥാനമാക്കിയാണ് ഇതുപറയുന്നത്. തുടക്കക്കാരായ കര്‍ഷകര്‍ നടത്തുന്ന ഫാമുകളുടെ എണ്ണം 2017 ല്‍ നിന്ന് 2022 ലെത്തുമ്പോള്‍ 5 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. ഇതേ കാലയളവില്‍ 44 വയസിനു താഴെയുള്ള കര്‍ഷകരുടെ എണ്ണം 7 ശതമാനമാണ് കൂടിയത്. ആ വിഭാഗത്തില്‍ 25 വയസ്സിനു താഴെയുള്ളവരുടെ എണ്ണം ഏറ്റവും വ‍ർദ്ധിച്ച കാലം കൂടിയാണിത്. പുതിയ യുവകർഷകരുടെ എണ്ണം വർദ്ധിക്കുന്നുവെങ്കിലും യുഎസിലെ മൊത്തം ഫാമുകളുടെ എണ്ണം 7 ശതമാനം കുറഞ്ഞതായും സെൻസസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഈ വര്‍ദ്ധനയില്‍ കൂടുതല്‍ ആവേശം കാണിക്കേണ്ടതില്ലെന്നാണ് അവിടുത്തെ യുവജനതയുടെ അഭിപ്രായം. യുവകര്‍ഷകരുടെ സംഘടനയായ നാഷണല്‍ യങ് ഫാർമേഴ്‌സ് കോയലിഷനും (NYFC) USDA നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറും പറയുന്നത് കൂടുതല്‍ യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും സുസ്ഥിരമായ വികസനത്തിനും പലകാര്യങ്ങളിലും കൂടുതല്‍ പിന്തുണ ആവശ്യമാണെന്നാണ്. ആഹാരകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ മാധ്യമമായ ഫു‍ഡ്ടാങ്കിനു നല്‍കിയ അഭിമുഖത്തില്‍ യുഎസ്ഡിഎ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറിൻ്റെ നാഷണൽ പ്രോഗ്രാം ലീഡറായ ഡെനിസ് എബോഡാഗെ ഇതെടുത്തു പറയുന്നുണ്ട്.
സെന്‍സസിലെ കർഷകരുടെ ശരാശരി പ്രായം കാണിക്കുന്നത് അവരുടെ അമേരിക്കയിലെ കൃഷി വാർദ്ധക്യത്തിലാണെന്നാണ്. 2012 ലെ USDA കണക്കനുസരിച്ച് കർഷകരുടെ ശരാശരി പ്രായം 56.3 വയസ്സാണ്. ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഇത് 58.1 ആയി ഉയര്‍ന്നിട്ടുണ്ട്. അതായത് യുവജനങ്ങളുെടെ കാര്യത്തിലുണ്ടായ നേരിയ വളര്‍ച്ച കൊണ്ട് അമേരിക്കയിലെ കാര്‍ഷികപ്രതിസന്ധി മുറിച്ചുകടക്കാന്‍ കഴിയില്ല എന്നുതന്നെയാണ്.
44 വയസ്സിൽ താഴെയുള്ള കര്‍ഷകരുടെ എണ്ണം കൂടിവന്നതിന്റെ കാരണം കോവിഡ് സൃഷ്ടിച്ച സവിശേഷ അന്തരീക്ഷം ആകാമെന്നാണ് NYFC യുടെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ മിഷേൽ ഹ്യൂസ് പറയുന്നത്. അമേരിക്കയുടെ ഏകീകൃത ഭക്ഷ്യ വിതരണ ശൃംഖലയിൽ വിള്ളലുകളുണ്ടെന്ന് വെളിവാക്കിയ അവസരമാണ് കോവിഡ്കാലം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധിയും സമൂഹത്തിന്റെ വംശീയനീതിയില്‍ വരേണ്ട മാറ്റങ്ങളും ചര്‍ച്ച ചെയ്യാതെ പുതിയതലമുറയില്‍നിന്ന് കര്‍ഷകരെ സൃഷ്ടിക്കുക എളുപ്പമല്ല. ഇക്കാര്യം തങ്ങളുടെ അംഗങ്ങള്‍ പതിവായി ചര്‍ച്ച ചെയ്തുവരുന്ന പ്രശ്നങ്ങളാണെന്നാണ് മിഷേൽ ഹ്യൂസ് വ്യക്തമാക്കിയത്.

  കൂടുതല്‍ യുവാക്കള്‍ അവരുടെ ജീവിതമാ‍ഗമായി കൃഷി ഏറ്റെടുക്കണമെങ്കില്‍ കൃഷിയിലെ അനിശ്ചിതാവസ്ഥ കുറയുകയും ലാഭം വര്‍ദ്ധിക്കുകയും വേണം. അതിനാവശ്യമായ വിദ്യാഭ്യാസവും മാർഗനിർദേശവും സാങ്കേതിക സഹായവും ആവശ്യമാണെന്ന് എബോഡാഗെ പറയുന്നു. അതിജീവനത്തിനു മാത്രമല്ല അടുത്ത തലമുറകള്‍ക്ക് ഭക്ഷണവും പോഷകവും ഉറപ്പിക്കാനും ഇതാവശ്യമാണ്. പുതിയ കർഷകരെ ആകര്‍ഷിക്കുവാന്‍ അവര്‍ കടന്നുവരുന്നതിനെ തടയുന്ന പ്രവണതകള്‍ മാറണമെന്നാണ് NYFC വാദിക്കുന്നത്. മിതമായ വിലയ്ക്കുള്ള ഭൂമി, മൂലധനം, പാർപ്പിടം, ആരോഗ്യസംരക്ഷണം, ഉൽപ്പാദനച്ചെലവ്, വിദ്യാർത്ഥികളുടെ വായ്പാ കടം, കാലാവസ്ഥാപ്രതിസന്ധി എന്നിവയില്‍ പരിഹരിക്കുവാനുള്ള വഴികളാണ് ആവശ്യം.
  "ബഹുമുഖമായ വെല്ലുവിളികളാണ് ഇവയൊക്കെ. ഒരു രംഗത്തു മാത്രമുള്ള പരിഷ്കരണങ്ങളിലൂടെ ഫലം കിട്ടണമെന്നില്ല. സർക്കാരിൻ്റെ എല്ലാ തലങ്ങളിലും പുതിയ ആസൂത്രണം, ഏകോപനം, നയവികസനം, പ്രോഗ്രാം വിലയിരുത്തല്‍ എന്നിവ ആവശ്യമാണെ”ന്ന് ഹ്യൂസ് പറയുന്നു. 
  (ഭാവിക്കായി പത്തുലക്ഷം ഏക്കര്‍) വൺ മില്യൺ ഏക്കർ ഫോർ ദ ഫ്യൂച്ചർ എന്ന പ്രചാരണപരിപാടിയിലൂടെ, പുതിയ കർഷകർക്ക് പത്തുലക്ഷം ഏക്കർ കൃഷിഭൂമി ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കാര്‍ഷികനിയമം കൊണ്ടുവരണമെന്ന് NYFC വാദിക്കുന്നു.
  ഹിസ്പാനിക്, അമേരിക്കൻ ഇന്ത്യൻ, ഏഷ്യൻ, ബ്ലാക്ക്, നേറ്റീവ് ഹവായിയൻ തുടങ്ങിയ പിന്നാക്കക്കാരായ വംശങ്ങളിലെ കര്‍ഷകരെ പിന്തുണയ്ക്കുന്നതിന് ഈ ഇടപെടലുകൾ വളരെ പ്രധാനമാണ്, സെൻസസ് കാണിക്കുന്നത്. അമേരിക്കയിലെ മൊത്തം ഉൽപ്പാദകരിൽ ഇവരുടെ ശതമാനം 7.6 മാത്രമാണ്. കറുത്തവർഗ്ഗക്കാരായ കർഷകരിൽ 74 ശതമാനം പേരും പറയുന്നത് വര്‍ണ്ണവിവേചനവും വെള്ളക്കാരുടെ മേധാവിത്വവും അവരെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ് എന്നാണ്. ഇവയ്ക്കുകൂടി പരിഹാരം കണ്ടുകൊണ്ടുമാത്രമേ അമേരിക്കയുടെ അടുത്ത തലമുറയ്ക്ക് അല്ലലില്ലാതെ ഭക്ഷണം കഴിക്കാനാവൂ. 
  ലോകത്തു മുഴുവന്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ, മത, ജാതി വിരോധങ്ങള്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്കന്‍ യുവജനതയുടെ അഭിപ്രായവും കൂട്ടിച്ചേര്‍ക്കുന്നത്.