Menu Close

വരള്‍ച്ചയിലെ മുന്‍കരുകലുകള്‍

വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്..

നെല്ല്
നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു നല്ലതാണ്.

തെങ്ങ്
തെങ്ങുകള്‍ക്ക് ആവശ്യത്തിനു ജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.
തെങ്ങിന്‍തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരി ഇട്ടുമൂടുന്നത് നല്ലതാണ്.
ശക്തമായ ചൂടില്‍നിന്ന് തെങ്ങിനെ സംരക്ഷിക്കുന്നതിനായി തടിയുടെ താഴത്തെ ഭാഗത്ത് കുമ്മായം പൂശിക്കൊടുക്കുക.

മുളക്
ചൂടുകൂടിയ അന്തരീക്ഷസ്ഥിതി തുടരുന്നതുകാരണം മുളകില്‍ ഇലപ്പേനിന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു നിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്കവണ്ണം പത്തു ദിവസം ഇടവേളകളില്‍ ആവര്‍ത്തിച്ച് തളിച്ചുകൊണ്ടിരിക്കുക.
ആക്രമണം രൂക്ഷമാണെങ്കില്‍ സ്പൈറോമെസിഫെന്‍ 8 മില്ലി പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക.

മൃഗസംരക്ഷണം
പശുവിന്‍റെ വയറ്റിലുണ്ടാകുന്ന അമ്ലതയും ദഹനക്കേടും ഒരു വേനല്‍ക്കാല പ്രശ്നമാണ്.
അത് ഒഴിവാക്കുന്നതിനായി 30 ഗ്രാം സോഡാപ്പൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശുത്തീറ്റയില്‍ ചേര്‍ത്തുനല്‍കുക.