കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് 'വെയിലില്ലെങ്കിൽ വിളവില്ല' എന്നത്. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് നാളത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം. വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള് ചർച്ച ചെയ്യുന്നത്.
സൂര്യപ്രകാശം (Light Energy ) എന്ന ഇന്ധനമുപയോഗിച്ച്, ഇലകൾ എന്ന പാത്രത്തിൽ, ഹരിതകത്തിന്റെ (Chlorophyll ) മധ്യസ്ഥതയിൽ വെള്ളവും (H2O) വളവും (17 അവശ്യമൂലകങ്ങൾ ) കാർബൺ ഡയോക്സയ്ഡും (CO2) ചേരുമ്പോൾ അന്നജം (C6 H12 O6 ) ഉണ്ടാകുന്നു. പയർച്ചെടികൾക്ക് ഒരു പടികൂടിക്കടന്ന് പ്രോട്ടീൻ നിർമ്മിക്കാനുള്ള സവിശേഷകഴിവുമുണ്ട്. എണ്ണക്കുരുക്കൾക്ക് ഇതേ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് കൊഴുപ്പും എണ്ണയും (fats & oils )ഉത്പാദിപ്പിക്കാനാകും. ഒരേ അസംസ്കൃത വസ്തുക്കളിൽനിന്ന് വ്യത്യസ്തമായ വിഭവങ്ങൾ!
ഇവയെ വേരുകളിലോ ഇലകളിലോ പൂവുകളിലോ കായ്കളിലോ തണ്ടുകളിലോ വിത്തുകളിലോ കിഴങ്ങുകളിലോ തരാതരം പോലെ സംഭരിച്ച്, ചെടികൾ സൂക്ഷിച്ചു വയ്ക്കുന്നു. നമ്മൾ അത് മോഷ്ടിക്കുന്നു. ഇതാണ് ഈ ലോകത്ത് ജീവൻ നില നിൽക്കാൻതന്നെ കാരണം. 'എന്റേതായൊന്നുമില്ലെന്നാൽ എല്ലാമെനിക്കായി' എന്നാണല്ലോ ഹോമോസാപ്പിയൻസിന്റെ കാഴ്ചപ്പാട്.
ഓരോ ചെടിക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ തോത് വ്യത്യസ്തമാണ്; 'തെങ്ങിന്റെ തളപ്പല്ല കവുങ്ങിന് ' എന്നു പറയുമ്പോലെ. പ്രകാശം എത്രമാത്രം വേണം എന്നതിനെ ആസ്പദമാക്കി ചെടികളെ നമുക്ക് താഴെപ്പറയുന്നപോലെ തരംതിരിക്കാം.
തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യപ്രകാശവും ആഗ്രഹിക്കുന്നവ. (Sun loving Plants, Heliophytes).
ഭാഗികമായി തണൽ സഹിക്കുന്നവ. (Shade Tolerant Plants).
അരിച്ചിറങ്ങുന്ന സൂര്യപ്രകാശം (Filtered sunlight ) മാത്രം ഇഷ്ടപ്പെടുന്നവ. Shade loving /Sciophytes.
ചെടികളുടെ ഈ സ്വഭാവവിശേഷള് തിരിച്ചറിഞ്ഞ് വിളകൾ തെരഞ്ഞെടുക്കുന്ന കർഷകന്, മറ്റു കാര്യങ്ങൾ കൂടി ഒത്തുവന്നാൽ വിജയം സുനിശ്ചിതമാണ്.
സൂര്യപ്രകാശത്തിൽ തരംഗദൈർഘ്യം (Wave length) കുറഞ്ഞ നീലയും തരംഗദൈർഘ്യം കൂടിയ ചുവപ്പും ആണ് ചെടികൾ കൂടുതലായി ആഗിരണം ചെയ്യുന്നത്.
രാവിലെയുള്ള വെയിലിൽ നീലരശ്മികൾ കൂടുതലും ഉച്ചകഴിഞ്ഞ് ചുവപ്പുരശ്മികൾ കൂടുതലും ആയിരിക്കും. അതായത്, രാവിലത്തെ വെയിൽ പച്ചക്കറികൾക്ക് കൂടുതൽ ഉത്തമമാണ്.
വെയിലിന്റെ ദിശ നോക്കി, ചെടികൾ നട്ട്, വെയിലറിഞ്ഞ് കൃഷി ചെയ്യണമെന്ന് അറിവുള്ള കര്‍ഷകര്‍ പറയും. കിഴക്കുനിന്നുള്ള വെയിൽ ചൂട് കുറഞ്ഞതാണ്. പടിഞ്ഞാറു നിന്നുള്ളത് ചൂടേറിയതും. വടക്കുകിഴക്ക് നിന്നുള്ള വെയിൽ നല്ലതാണ്. ആയതിനാൽ വൃക്ഷവിളകൾ വയ്ക്കാൻ വടക്കുദിക്ക് അനുയോജ്യം. താങ്ങുമരത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് കുരുമുളകുവള്ളികൾ നടാം.
തെക്കുപടിഞ്ഞാറൻ വെയിൽ കടുപ്പമുള്ളതാണ്. അതിനാൽ തെങ്ങിൻ തൈകൾക്ക് ആ ദിശയിൽനിന്ന് വെയിലേക്കാതിരിക്കാൻ തണൽ നൽകണം. ഫലവൃക്ഷങ്ങളുടെ പടിഞ്ഞാറൻ വെയിൽ നേരിട്ടു തട്ടുന്ന ചില്ലകൾ ആദ്യം പൂവിടുമത്രേ. ഗ്രാമ്പൂ ഉദാഹരണമാണ്. തരംഗദൈർഘ്യം കൂടിയ ചുവപ്പിന്റെ കളിയാണത്. ഇഞ്ചി, മഞ്ഞൾ എന്നിവ പടിഞ്ഞാറുദിശയിൽ നട്ടാൽ വിളവ് കൂടും. പഴമക്കാര്‍ മുളക്കരുത്തു കിട്ടാനായി പടിഞ്ഞാറുഭിത്തിയിൽ ചാണകമൊട്ടിച്ച്, അതിൽ വിത്തു പതിച്ചു വെയിൽ കൊള്ളിച്ച് നടുമായിരുന്നു. പടിഞ്ഞാറോട്ടു ചെരിവുള്ള കുന്നുകൾ തേയില, കാപ്പി തുടങ്ങിയ കൃഷികള്‍ക്ക് കൂടുതൽ അനുയോജ്യമാണ്.
നമ്മൾ കൃഷി ചെയ്യുന്ന ഏതാണ്ട് എല്ലാ വിളകളും ദിവസം 6 മണിക്കൂറിൽ കൂടുതൽ വെയിൽ കൊള്ളാന്‍ ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, വിവിധതരം കിഴങ്ങുകൾ , കൂവ, കാന്താരിമുളക് എന്നിവ അല്പമൊക്കെ തണൽ സഹിക്കും. വെയിലില്ലാത്തിടത്ത് നേന്ത്രവാഴക്കൃഷിക്ക് ഇറങ്ങരുത്. ഏത്തവാഴയ്ക്ക് ‘മുകളിൽ തീ, കീഴെ നനവ്’ എന്നാണ് ചൊല്ല്. എന്നാൽ ഞാലിപ്പൂവൻ, പാളയൻകോടൻ, മൊന്തൻ, റോബസ്റ്റ, പടറ്റി തുടങ്ങിയ ഇനങ്ങള്‍ കുറെയൊക്കെ തണൽ സഹിക്കും. ഇവ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായി നടാം.
നമ്മുടെ പച്ചക്കറികൾ എല്ലാത്തിനും ആറുമണിക്കൂറിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലങ്ങൾ തന്നെ വേണം. കൂട്ടത്തില്‍ മുളക് അല്പമൊക്കെ വെയിലില്ലായ്മ സഹിക്കുന്ന പ്രകൃതമാണ്.
തെങ്ങിൻതോട്ടത്തിൽ ആദ്യ 7 വർഷവും 25 കൊല്ലത്തിനു ശേഷവും എല്ലാ ഇടവിളകളും നന്നായി വിളയുന്നതിനു കാരണവും ലഭ്യമാകുന്ന വെയിൽ തന്നെ. ഓലക്കാലുകളുടെ ആകൃതി തന്നെ വെയിൽ താഴേയ്ക്ക് അരിച്ചിറങ്ങാൻ പാകത്തിനാണ്.
അതേസമയം, നമ്മുടെ വീട്ടുവളപ്പുകളിൽ ഇപ്പോള്‍ വെയിൽ കിട്ടാനാണ് പ്രയാസം. അതും കടയിൽനിന്ന് വാങ്ങാമെന്നു നമ്മള് കരുതുന്നുന്നപോലെയാണ് കാര്യങ്ങള്‍. ലക്കും ലഗാനുമില്ലാതെ മരങ്ങൾ വച്ചുപിടിപ്പിച്ച് വീട്ടുവളപ്പിനെ ഒരു മരമ്യൂസിയ (Crop Museum) മാക്കി മാറ്റിയിരിക്കുകയാണ് ശരാശരി മലയാളി. കീഴേക്ക് അരിച്ചിറങ്ങുന്ന വെയിൽ നമ്മുടെ വീട്ടുമുറ്റങ്ങളില്‍ വളരെ കുറഞ്ഞിരിക്കുന്നു.
താഴെ വെയില് കിട്ടാതായതോടെയാണ് മലയാളി കൃഷി ചെയ്യാൻ ടെറസ്സിൽ കയറിയത്. പക്ഷേ, പുതിയ ഗൃഹനിർമാണ വൈദഗ്ധ്യം മൂലം ഇപ്പോള്‍ അവിടവും കെട്ടിയടച്ചുകഴിഞ്ഞു.
ചുരുക്കത്തില്‍, കൃഷിയിൽ വെയിലിന്റെ മഹത്വം നമ്മള് മറന്നുപോയിരിക്കുന്നു. വീട്ടിലുള്ളവരുടെ ഹൃദയവും കരളും കിഡ്നിയും രക്ഷിക്കാൻ നന്നായി വെയിൽ കിട്ടുന്ന 2 സെന്റ് (80 ചതുരശ്ര മീറ്റർ ) സ്ഥലം പച്ചക്കറിവിളകൾക്കായി ഓരോ വീട്ടിലും സജ്ജമാക്കുവാന്‍ നാം അടിയന്തരപ്രമേയം പാസേക്കേണ്ടിയിരിക്കുന്നു. പേരക്കുട്ടികള്‍ക്ക് കട്ടിലും കട്ടളയും തൊട്ടിലും ഉണ്ടാക്കാൻവേണ്ടി, ഉള്ള പുരയിടം മുഴുവൻ തേക്കും മഹാഗണിയും വച്ചുപിടിപ്പിക്കുന്നത് വിവേകമല്ല എന്നറിയണം. അവിടെ ഭക്ഷ്യവിളകൾക്ക് മുൻഗണന നൽകണം. വീട്ടുവളപ്പിനെ തോട്ടമാക്കി മാറ്റിയാല്‍ അവിടെപ്പാര്‍ക്കുന്ന നമ്മളും പട്ടടയും തമ്മിലുള്ള അകലമാണ് കുറയുന്നത്. ഇന്നലെ ചെടികൾ കൊണ്ട വെയിലാണ് ഇന്നത്തെ നമ്മുടെ ശരീരം. മറക്കരുത്.
(കൃഷിയുടെ വിജയമന്ത്രങ്ങളും ശാസ്ത്രീയപാഠങ്ങളും സരളമായും സരസമായും പറഞ്ഞുതരുന്ന പംക്തിയാണ് പ്രമോദ് മാധവന് എഴുതുന്ന ‘കൃഷിഗുരു’. സംസ്ഥാനകൃഷിവകുപ്പില് അസി.ഡയറക്ടറാണ് ലേഖകന്‍)