കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകരും പൊതുജനങ്ങളുമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷിഭവനുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സോഷ്യല്‍ ഓഡിറ്റിംഗ് കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി മാറ്റുന്നതിനു സഹായിക്കും. ഇതിലൂടെ കൃഷിഭവനുകളിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനുള്ള അവസരം പൊതുസമൂഹത്തിനു ലഭിക്കും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഒരു ഗുണഭോക്താവിന്റെ ഭാഗത്തുനിന്ന് നോക്കിക്കാണുന്നതിനും സോഷ്യല്‍ ഓഡിറ്റിംഗ് ഉപകരിക്കും.
കൃഷിഭവന്റെ ഭരണം /കാര്യക്ഷമത, പ്രാദേശികതല വികസന പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും, സംസ്ഥാനാവിഷ്കൃത/ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കല്‍, കാര്‍ഷികവിജ്ഞാന വ്യാപനവും പുതിയ സാങ്കേതികവിദ്യകളുടെ കൈമാറ്റവും, ഭൂവിനിയോഗത്തിന്റെ സാക്ഷ്യപ്പെടുത്തലും ഉല്പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പാക്കലും, കര്‍ഷകരുടെ സാമൂഹിക സുരക്ഷ, കാര്‍ഷിക യന്ത്രവല്‍ക്കരണം, പരാതിപരിഹാരം എന്നീ കാര്യങ്ങളായിരിക്കും സോഷ്യല്‍ ഓഡിറ്റിന്റെ പരിധിയില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.
സോഷ്യല്‍ ഓഡിറ്റിങ് കൃഷിഭവന് കൂടുതല്‍ ജനകീയമുഖം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.