ചെറുതല്ല ചെറുധാന്യങ്ങൾ, ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്തിൽ നീറംപുഴ ഗവൺമെൻ്റ് സ്കൂളിലെ കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് മഞ്ഞള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി 200 ചോളം തൈകളാണ് നീറംപുഴ സ്കൂളിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചത്.
കുട്ടികളിൽ മില്ലറ്റിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കുക, കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യം, ആവശ്യകത എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃഷിഭവന്റെ നേതൃത്വത്തിൽ നീറംപുഴ വിദ്യാലയത്തിൽ കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ചെറുധാന്യങ്ങളുടെ പ്രാധാന്യവും കൃഷിയും എന്ന വിഷയത്തിൽ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.