മുഞ്ഞയുടെ ആക്രമണം നെല്‍പ്പാടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിച്ച് ജാഗ്രതപാലിക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കു മുന്നറിയിപ്പ് നല്കി.
നെല്‍ച്ചെടികളെ ആക്രമിക്കുന്ന കറുപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ പ്രാണികളാണ് മുഞ്ഞ. കൂട്ടമായി ചെടിയെ ആക്രമിക്കുന്ന ഇവ ചെടിയുടെ കടഭാഗത്തിർരുന്നു നീരൂറ്റിക്കുടിക്കുന്നതിനാല്‍ ചെടികള്‍ വാടിക്കരിഞ്ഞുപോകുന്നു. നെല്‍പ്പാടങ്ങളില്‍ വൃത്താകൃതിയില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുകാണപ്പെടുന്നതാണ് ഇതിന്റെ ആദ്യലക്ഷണം. ഈ സമയത്തു കടഭാഗങ്ങളില് നോക്കിയാല്‍ ചെറിയ പ്രാണികള്‍ നീരൂറ്റിക്കുടിക്കുന്നതുകാണാം. 75 കിലോ അറക്കപ്പൊടിക്ക് 3 ലിറ്റര്‍ മണ്ണെണ്ണ അല്ലെങ്കില്‍ കരി ഓയില്‍ ചേര്‍ത്ത് ഒരേക്കര്‍ പാടത്തുവിതറിക്കൊടുക്കുക. അന്തര്‍ വ്യാപനശേഷിയുള്ള കീടനാശിനികളായ അസഫേറ്റ് 1.5 ഗ്രാം/ ലിറ്റര്അല്ലെങ്കില് തയാമെതോക്സാം 2 ഗ്രാം/ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിതളിച്ചുകൊടുക്കുക.