ശീതകാലപച്ചക്കറികൃഷിയ്ക്ക് പറ്റിയ സമയമായി. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളതാണ് നമ്മുടെ ദേശത്തെ തണുപ്പുകാലം.
അടുത്തകാലം വരെ ശീതകാല പച്ചക്കറികളില്‍ ഏറെയും നമുക്ക് ലഭിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ കൃഷി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങി ഹൈറേഞ്ചു മേഖലകള്‍. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ഈ വിളകള്‍ക്ക് ആവശ്യമാണ്. കാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍.
ഒക്ടോബര്‍ പകുതിയോടെ നമ്മുടെ ശീതകാലപച്ചക്കറികൃഷി ആരംഭിക്കണം. അതിനായി സെപ്റ്റംബര്‍ അവസാനവാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ തൈകള്‍ ഒരുക്കണം. തൈകള്‍ മുളപ്പിക്കാവുന്ന ചെറിയ ട്രേകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കും, വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതെങ്കില്‍ ഒരു മാസം മുമ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. ചകിരിച്ചോറ്, മണ്ണ്, ചാണകം എന്നിവ കൃത്യം അളവില്‍ ചേര്‍ത്തു ട്രേയില്‍ നിറച്ചു വിത്തു പാകാം. എല്ലാ ദിവസവും ചെറിയ തോതില്‍ നനച്ചു കൊടുക്കണം. കാബേജ്, കോളിഫ്ളവര്‍ തുടങ്ങിയവയ്ക്ക് ഒരുമാസവും സവാളയ്ക്ക് ഒന്നര മുതല്‍ രണ്ടുമാസം വരെയുമാണ് നഴ്സറിയില്‍ ഇവയെ വളര്‍ത്തേണ്ടത് .
ഒക്ടോബര്‍ പകുതിയില്‍ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകും.
കൃഷിഭവനുകളിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൌണ്‍സിലിന്റെ ഔട്ട് ലൈറ്റുകളിലും ശീതകാല പച്ചക്കറികളുടെ തൈകള്‍ ലഭ്യമാണ്. ക്യാബേജില്‍ NS-43, NS-183, NS-160 എന്നീ ഇനങ്ങളും കോളിഫ്ളവറില്‍ NS-60, ബസന്ത്, പുസ മേഘ്ന എന്നീ ഇനങ്ങളും സവാളയില്‍ അഗ്രിഫൗണ്ട്, ഡാര്‍ക്ക്റെഡ്, ആര്ക്കാനികേതന്, ആര്ക്കാകല്യാണ്, NS -53 എന്നീ ഇനങ്ങളുമാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.