Menu Close

2026 അന്താരാഷ്ട്ര വനിതാകര്‍ഷകവര്‍ഷം : പെണ്‍കരുത്തിന് കരുതലും അംഗീകാരവും

2026 അന്താരാഷ്ട്ര വനിതാകർഷകവർഷമായി ആചരിക്കുവാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു.
കൃഷിയിലും ഭക്ഷണോല്പാദനത്തിലും ലോകമെമ്പാടും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അംഗീകാരവും പൊതുസമ്മതിയും ലഭിക്കുവാന്‍ ഈ വര്‍ഷാചരണം ഉപകരിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അമേരിക്കയുടെ യുഎസ്ഡി എ ആണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വര്‍ഷാചരണത്തിന്റെ ഏകോപനവും നടത്തിപ്പും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷികസംഘടനയായ എഫ് ഐ ഓ യ്ക്കാണ്. കാര്‍ഷികമേഖലയില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നുണ്ടെങ്കിലും ഇന്നും വനിതകളുടെ സ്ഥാനം വളരെ പിറകിലാണ്. ഭാവിയില്‍ സാമ്പത്തികവും സാമൂഹികവുമായ തുല്യത കാര്‍ഷികരംഗത്തും സ്ത്രീകള്‍ക്ക് കൈവരുത്തുകയാണ് ഈ വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

എഴുപതുശതമാനത്തിലേറെ കുടുംബങ്ങളും കാര്‍ഷികവ‍ൃത്തിയില്‍ ഏര്‍പ്പെട്ടുകഴിയുന്ന ഇന്ത്യയില്‍ സ്ത്രീകള്‍ വളരെ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഗ്രാമീണയിന്ത്യയിലെ ഏകദേശം 80% സ്ത്രീകളും ഏതെങ്കിലും തരത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുന്നവരാണ്. ഇന്ത്യയിലെ കാർഷികത്തൊഴിലാളികളിൽ 33 ശതമാനവും സ്വയംതൊഴിൽ ചെയ്യുന്ന കർഷകരിൽ 48 ശതമാനവും സ്ത്രീകളാണ്. പുരുഷന്മാര്‍ വർദ്ധിച്ചതോതില്‍ നഗരങ്ങളിലേക്കു കുടിയേറുമ്പോള്‍ ഗ്രാമീണമേഖലയിലെ കാര്‍ഷികരംഗത്ത് പ്രധാനപ്പെട്ട പങ്കാണ് സ്ത്രീകള്‍ വഹിക്കുന്നത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ്റെ 60% മുതല്‍ 80% വരെ ഗ്രാമീണസ്ത്രീകളുടെ പ്രയത്നത്തിലൂടെ കടന്നുവരുന്നവയാണ്. കന്നുകാലി വളർത്തൽ, തോട്ടംപരിപാലിക്കല്‍, വിളവെടുപ്പിനുശേഷമുള്ള പ്രവർത്തനങ്ങൾ, കാർഷിക/ സാമൂഹിക വനവൽക്കരണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലും അതിന്റെ അനുബന്ധരംഗങ്ങളിലും ഗ്രാമീണസ്ത്രീകൾ ഏർപ്പെട്ടിരിക്കുന്നു. കന്നുകാലിപരിപാലനം, കാലിത്തീറ്റശേഖരണം, കറവ, മെതിക്കൽ, വെട്ടൽ തുടങ്ങി കാർഷികമേഖലയിലെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളിലും നല്ല പങ്ക് അധ്വാനം സ്ത്രീകളുടേതാണ്. എന്നിരുന്നാലും, സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യവും സാമൂഹ്യസമ്മതിയും അതിനനുസരിച്ച് ഉയര്‍ന്നിട്ടില്ല. അന്താരാഷ്ട്രവര്‍ഷാചരണം ഈ രംഗങ്ങളില്‍ സാരമായ തോതില്‍ സ്ത്രീശാക്തീകരണത്തിനു കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍.