Menu Close

ഇനി നഗരവാസികള്‍ക്ക് ഭൂമിയില്ലാതെ കൃഷി ചെയ്യാം.

തൂക്കൂകൃഷിക്ക് സര്‍ക്കാര്‍ സബ്സിഡി ഉടന്‍ അപേക്ഷിക്കൂ. നഗരത്തില്‍ താമസിക്കുന്നവര്‍ വിഷരഹിതപച്ചക്കറി സ്വയം കൃഷി ചെയ്തുണ്ടാക്കുന്നതു പ്രോത്സാഹിപ്പിക്കുവാനായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ കോര്‍പ്പറേഷന്‍ മേഖലകളില്‍ താമസിക്കുന്നവരായിരിക്കണം അപേക്ഷര്‍. പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരങ്ങളില്‍ ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുവാനായാണ് വെർട്ടിക്കൽ (തൂക്ക്) മാതൃകയിൽ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. ഇതിന്റെ പ്രത്യേകം ഭൂമിയുടെ ആവശ്യമില്ല. ടെറസിലോ വീടിന്റെ ഒരു വശത്തോ തൂക്കായി നിര്‍മ്മിച്ച തട്ടുകളില്‍ കൃഷി ചെയ്യുന്ന രീതിയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ – കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജനയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.

22,100 രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് . https://serviceonline.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഗുണഭോക്തൃവിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി മുൻകൂർ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്  www.shm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471-2330857, 9188954089 എന്നീ നമ്പരുകളിലേതിലെങ്കിലും വിളിക്കുകയോ ചെയ്യാം.